Monday, July 5, 2021

തിരിച്ചു പോക്ക്

 ചതിയുടെ ചൂണ്ടയിൽ കുരുങ്ങി ഞാനുടനെ ചങ്കുപൊട്ടി ചാവും... 

നെഞ്ച് നീറിപ്പിടഞ്ഞാലും നീ കരയരുത്... 

അതിനായി കാക്കും കണ്ണുകൾ ഉണ്ടെന്ന് മറക്കരുത്... 


നമുക്ക് നമ്മുടെ വീട്ടിലേക്ക് തന്നെ മടങ്ങണം.. 

ഗേറ്റ് തുറക്കുന്ന മാത്രയിൽ ചാർളി കുറുകി തുടങ്ങും, 

തളർന്ന നിന്നെ അവന് ശീലമില്ലാത്തതാണ്, മറക്കണ്ട.. 


ഉള്ളു പൊള്ളും നിലവിളികൾ ഉയരുന്നുണ്ടാവും, ശ്രദ്ധിക്കരുത്.. 


മുകളിലേക്കു ചെല്ലണം, നമ്മുടെ പഴയ മുറിയിലേയ്ക്ക്... 

എന്റെ കൈ മുറുക്കെ പിടിക്കണം, 

ആദ്യരാത്രിയിൽ നീ ഓതിയ ഉപദേശങ്ങൾ മുതൽ ഞാൻ ഇന്ന് വരെ കാണിച്ച ബുദ്ധിമോശങ്ങൾ, നിന്നോട് ചെയ്ത ക്രൂരതകൾ സഹിതം ഓർത്തോർത്തെടുക്കണം.. 


മറക്കണ്ട, അവ കൊണ്ട് വേണം നീ നിന്റെ കണ്ണിനും മനസ്സിനും ചിറ കെട്ടാൻ... 


എല്ലാവരും എന്നെ കിടത്താനുള്ള തിരക്കിലാവും, 

കൊറോണ ആയത് കൊണ്ട് വലിയ തോതിൽ ആരെയും നിനക്ക് നേരിടേണ്ടി വരില്ല.. 


കരളിനെ കല്ലാക്കിയെങ്കിൽ ഇറങ്ങി ചെന്നോളൂ.. 


മറന്നു, നാട്ടിലേക്ക് പോകുന്നതിനു മുൻപ് നീ എനിക്കായി വാങ്ങിത്തന്നിട്ടുള്ളതിൽ നിനക്കേറ്റം ഇഷ്ടപ്പെട്ട കുപ്പായം എടുക്കാൻ മറക്കണ്ട.. 

അതണിഞ്ഞു പോയാൽ മതിയെനിക്ക്.. 


മൂലയിൽ എവിടേലും മാറി നിൽപ്പുണ്ടാവും എന്റെ അച്ഛൻ.. 

ഒന്നാ കൈ പിടിക്കണം, 

സഹിക്കില്ല പാവം.. 


എപ്പോഴും ധൈര്യം തന്ന് ഒപ്പം നിൽക്കുന്ന അമ്മ കരഞ്ഞു തളർന്നിട്ടുണ്ടാകും.. 

നോക്കരുതങ്ങോട്ട്... 

നീയാണ് അമ്മയുടെ ധൈര്യം... 


ഞാൻ ഉണ്ടാക്കിയ പാദസരം, ഞാൻ ഉണ്ടാക്കിയ കൈവള - ഇവയെന്നെ അണിയിക്കണം.. 

നീ കുറെ ചീത്ത പറഞ്ഞിട്ടുണ്ട്, കളിയാക്കിയുണ്ട്, കണ്ണടയുറപ്പിച്ച് രാത്രി നേരത്ത് കുത്തിയിരുന്നതിന്‌.... 


പിന്നേ.. ഒരാഗ്രഹം.. 


വാങ്ങിയ നാൾ മുതൽ പലജാതി സേവനങ്ങൾക്കായി ബാങ്കുകളിൽ ഇരിക്കാൻ മാത്രം വിധിക്കപ്പെട്ടിട്ടുള്ള ആ മാല ഒരു തവണ എന്നെയിടീക്കണം.. കൊതി തീരാനാ.... 


ശാന്തികവാടത്തിലേയ്ക്കോ മോക്ഷകവാടത്തിലേയ്ക്കോ കൊണ്ട് പോകരുത് കേട്ടോ... 

ആ കിണറിനടുത്ത്, അതേ, ഗേറ്റിങ്കൽ തന്നെ... 

നീ ഇന്നലെ നട്ട റംബൂട്ടാൻ തൈക്കരികിൽ ഉറങ്ങിയാൽ മതിയെനിക്ക്.. 

നീ ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും ഞെട്ടിയുണരാൻ, 

ആ വരാന്തയിൽ ചായക്കപ്പുമായി നീ ഇരിക്കുമ്പോൾ ചാരെയിരിക്കാൻ, 

ആ മുറ്റത്ത് നീ കലമ്പുന്നതിനു കൂട്ടാവാൻ, 

ഓരോ തവണ നീ യാത്ര പറയുമ്പോഴും കൈവീശാൻ.. 

ആ കിടപ്പാണ് സുഖം... 


എനിക്ക് പോകാൻ നേരം, 

എപ്പോഴും നീ ചെയ്യുന്നത് പോലെ എന്നെയൊന്നു ചേർത്ത് പിടിക്കണം.. 

ചുന്ദരീയെന്നു എല്ലാ സ്നേഹവും കലർത്തിയൊന്നു വിളിക്കണം.. 

മൂക്കിന്മേൽ നിന്റെ മൂക്ക് ചേർക്കണം.. 

ചുണ്ടിലൊന്നു തൊട്ടു നോക്കണം... 

ചെവിയിൽ ആ നിശ്വാസം തട്ടിക്കണം.. 


നിന്നെ പൂർണമായി പുതച്ചു വേണം എനിക്ക് മടങ്ങാൻ.. 


ഞാനെരിഞ്ഞില്ലാതാവുന്നത് നീ കാണരുത്.. 

കണ്ണുകൾ മുറുകെ പൂട്ടിയേക്കണം.. 

ഏഴാം നാൾ നീയൊരു പനിനീർച്ചെടി വയ്ക്കണം എന്റെമേൽ.. 


എന്നും നിനക്കായ്‌ എനിക്ക് വിടരാൻ... !!

Wednesday, October 4, 2017

നീയെന്ന സ്വപ്നം
എനിയ്ക്ക് നഷ്ടമാകുന്നിടത്ത്
ഞാനെന്ന സത്യം അവസാനിക്കും.....

Saturday, August 19, 2017

നോവ്

തെളിഞ്ഞ നീലാകാശം നോക്കിക്കിടക്കാനാ എനിയ്ക്ക് കൊതി...
നിനക്ക് മാനം കറുക്കുന്നതും...
മഴത്തുളളികൾ ഭൂമിയെ കുത്തി നോവിക്കുന്നുവെന്ന് ഞാൻ പറയുമ്പോൾ നീ തിരുത്തും,
മഴ ഭൂമിയെ പ്രണയപാരവശ്യത്താൽ ഇറുകെ പുണരുന്നതാണെന്ന്...
നീ പെയ്തിറങ്ങാറുളള പകലുകളാണ് എന്റേത്,
ഇരുളിലെ കൊട്ടിക്കയറലുകളാണ് നിനക്കു പ്രിയം....
നീ നുളളിയെടുത്ത കാക്കപ്പുളളി തിണർത്തു തിണർത്തു വരുന്നുണ്ട്,
ഞാൻ തണുപ്പിനെ പുണരുന്നതറിയാതെ.....

ലഹരി

തണുത്ത ലഹരി അവന്റെയുള്ളിനെപ്പൊള്ളിച്ച് താഴേയ്ക്കിറങ്ങുമ്പോൾ
അവൾക്കും പൊള്ളുന്നുണ്ടായിരുന്നു....
ഐസ് പേടകത്തിലെ പൊള്ളൽ....
കീറിമുറിക്കപ്പെടാനായുള്ള കാത്തിരിപ്പിന്റെ പൊള്ളൽ...
എന്തിനായി.....???
അവനെ കടലോളം പ്രണയിച്ചതിനോ...??
അവന്റെ അംശത്തെ നിധിയായി ഉള്ളിൽ ചുമന്നതിനോ...??
സ്വയം വേദനിച്ചും നിർവൃതിയോടൊരു മണിക്കുഞ്ഞിനെയവനു നൽകിയതിനോ...??
എനിയ്ക്കറിയില്ലവളെ.....
ഒരു യാത്രയ്ക്കിടയിൽ എന്തോ തകർന്നടിയുന്ന ഒച്ചയും ദീനരോദനവും കേട്ട് ഞെട്ടിത്തിരിഞ്ഞതാ....
മുക്കിൽ നിന്നുമൊഴുകുന്ന ചോരയാലാ ഓമന മുഖം നനച്ച്
അവളെനിക്കു നേരെ പായിച്ച ആ ദയനീയ നോട്ടം.....
ഒന്നുമറിയാത്തവനെപ്പോലെ എതിർദിശയിലേയ്ക്ക് നടന്ന്
ആരിൽനിന്നോ കുഞ്ഞിനെ വാങ്ങുന്ന അവൻ....
പ്രജ്ഞയറ്റ് അവൾ നിലത്തേയ്ക്കൂർന്ന് വീണപ്പോഴും
പാൽമണം മാറാത്ത തൊണ്ണ് കാട്ടി പുഞ്ചിരിക്കുന്ന കുഞ്ഞ്....
ദൃഷ്ടിയിൽ നിന്നും മായുന്നില്ലൊന്നും....
മറക്കാനാവുന്നില്ലൊന്നും.....
തടയാനാവുന്നില്ല....
എനിയ്ക്കും പൊള്ളുന്നു.....
എന്റെ കണ്ണീരിന്റെ പൊള്ളൽ......

Friday, April 17, 2015

നീ

പ്രണയത്തിനുമപ്പുറം
നീയെനിക്കാരോ ആണ്....

ഒന്നു മിണ്ടാൻ, ഒന്നു കാണാ൯ കൊതിക്കുമ്പോഴും
ചില ഓർമ്മപ്പെടുത്തലുകൾ ഇഴ കോർക്കുന്ന ചങ്ങല....

ചിണുങ്ങി ചിണുങ്ങി പെയ്യാൻ കൊതിയില്ലാഞ്ഞിട്ടല്ല,
നിന്നെത്തൊടും മുൻപ് നീ നിരാസത്തിന്റെ കുട നിവർത്തിയിട്ടാണ്....

ആ സംഗീതം കാതുകളിൽ നിറയ്ക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല,
അവയെന്നിലേയ്ക്കെത്തും മുൻപ് നീ മൗനത്തിന്റെ പുതപ്പിലേയ്ക്ക് ഊളിയിട്ടിട്ടാണ്....

ആ ചങ്ങലയാൽ ഞാൻ ബന്ധിതയാവട്ടെ.....
കണ്ണുകളിലും കാതുകളിലും
നിന്നെ നിറച്ച്,
നിന്നെ പുതച്ച്,
എനിക്കൊന്നുറങ്ങണം....!!!

Saturday, October 18, 2014

പെയ്ത്ത്

ഇനിയുമിനിയുമെന്നാർത്തുല്ലസിച്ചു
നിന്നിലേയ്ക്കൊഴുകിയപ്പോഴൊക്കെയും
തടുത്തില്ലേ......??
ഗതിമാറിയൊഴുകൂ എന്ന് കേണില്ലേ...??

പുല്ലും പുല്ലാന്നിയും
കൂൺകുടയും പരൽമീനും
നനുത്ത കൈവഴികളും
നീലിച്ച ഞരമ്പടയാളവും
വെണ്ണക്കൽ മിനാരങ്ങളും
തണുത്ത മടിത്തട്ടും
കുഴിയാനക്കുഴികളും
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിലെ
പുതുമണ്ണിൻ ഗന്ധവും...

നിന്നിൽ നിറഞ്ഞാടാതെ വയ്യ....

എലിയും പൂച്ചയും കളിച്ചു നിന്നിൽ നിറയാൻ....
വിളിയ്ക്കാതെ വിരുന്നെത്താൻ....
കാലം തെറ്റിപ്പെയ്യാതെനിക്കിന്നു വയ്യ.....

ഒരു വരവിൽ കാമിച്ച നിന്നെ
മറ്റൊരു വരവിൽ അലിയിച്ചു കളയണം....

ഒരടയാളം പോലും ബാക്കിയാക്കാതെ,
മറ്റൊരു പ്രണയപ്പെയ്ത്തിനായ് ബാക്കി വയ്ക്കാതെ,
എന്നിലവസാനിക്കണം....

നിന്റെ നിലവിളികൾക്ക് ചെവി കൊടുക്കാതെ
അതിലുമുച്ചത്തിൽ ഇടിവെട്ടിപ്പെയ്യണം....

അവസാന തരിയും അലിയിച്ച്
ഒന്നായ് ഒഴുകിപ്പരക്കണം...
ഒരൊറ്റ കൈവഴിയായ്.....
അനന്തമായ്....

Saturday, May 31, 2014

സുബൈറ

തില്ലങ്കേരിയ്ക്ക് കുടുംബശ്രീ മുഖം നൽകിയ സുബൈറാ.... നിങ്ങൾ ഇനി ഓർമ്മ....!!!

                     കുടുംബശ്രീയുടെ ആദ്യപാഠങ്ങൾ ഞാൻ പഠിച്ചത് കണ്ണൂരിലാണ്. കണ്ണൂർ കുടുംബശ്രീ മിഷന്റെ പ്രതിമാസ അവലോകന യോഗത്തിലാണ് ഞാൻ ആദ്യമായി സുബൈറയെ കാണുന്നതും. രൂപം കൊണ്ടും, ഭാവം കൊണ്ടും, വേഷം കൊണ്ടും, സംസാര ശൈലി കൊണ്ടു പോലും വ്യത്യസ്തയായ സുബൈറ. ആദ്യ പരിചയത്തിൽ പരുക്കയെന്ന തോന്നിപ്പിച്ചു. പല യോഗങ്ങളിലും ഉച്ചഭക്ഷണം കഴിക്കാതിരിക്കുകയും ഉച്ച കഴിഞ്ഞ് അപ്രത്യക്ഷയാവുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അല്പം കാർക്കശ്യത്തോടെ തന്നെ കാര്യം തിരക്കി. വളരെ നിസ്സാരമായാണ് സുബൈറ പ്രതികരിച്ചത് - നിങ്ങളീ തരുന്ന ഹോണറേറിയമോ യോഗത്തിൽ വരുന്നതിന് തരുന്ന യാത്രാബത്തയോ ഒന്നും ഞങ്ങൾ ചെയർപേഴ്സൺമാരുടെ പ്രവർത്തനത്തിന് ഒന്നുമാകുന്നില്ല. പിന്നെ മാഡം, നിങ്ങൾ വിശ്വസിക്കാത്തത്രയും തവണ കത്തിയോടിയ ശരീരമാണിത്, ആഹാരം ആവശ്യത്തിന് ചെന്നാലേ സഹകരിക്കൂ, പിന്നെ ഒറ്റ വരവിന് ഡോക്ടറെയും കൂടി കണ്ടു മടങ്ങിയാൽ അതിനായി പിന്നെ കണ്ണൂരിലേയ്ക്ക് വരേണ്ടല്ലോ - പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ച സുബൈറ നേരെ കടന്നിരുന്നത് ഹൃദയത്തിലേയ്ക്കാണ്.

കുടുംബശ്രീയിലെ എന്റെ ആദ്യ പാഠപുസ്തകം....

                      പിന്നെ നിരവധി തവണ ഞാൻ സുബൈറയോടൊപ്പം തില്ലങ്കേരിയിലെ സന്ദർശകയായി, പല റോളുകളിൽ - മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടകയായി, ബാലസഭ കുട്ടികളോടൊത്തുളള ഒരു ദിനത്തിനായി, വായ്പ നൽകാൻ വിസമ്മതിച്ച ബാങ്ക് മാനേജരോട് സംസാരിക്കാനായി... പഞ്ചായത്ത് ഭരണസമിതിയോട് കുടുംബശ്രീയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സുബൈറയെ പലപ്പോഴും അദ്ഭുതത്തോടെയാണ് ഞാൻ നോക്കി നിന്നിട്ടുളളത്. കുടുംബശ്രീ യോഗങ്ങളിലും തനിക്ക് പറയാനുളളത് അതാരോടായാലും തന്റേടത്തോടെ വിളിച്ചു പറഞ്ഞിട്ടുണ്ട് സുബൈറ.

                    സി ഡി എസ് ആക്ഷൻ പ്ളാനിൽ 100ശതമാനം ലിങ്കേജ് ടാർജറ്റായി വയ്ക്കുകയും എല്ലാവരെയും അത്ഭുതപ്പെടുത്തി 110 ശതമാനത്തിലുമധികം കൈവരിക്കുകയും ചെയ്ത സുബൈറ. എന്നും കുടുംബശ്രീയെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന സുബൈറ. തന്റെ അവശതകളെല്ലാം മാറ്റി വച്ച് മറ്റുളളവർക്ക് അർഹമായത് നേടിക്കൊടുത്തിരുന്ന സുബൈറ...

സുബൈറാ..... എന്റെ മനസ്സിൽ നിങ്ങളെന്നും ജീവിക്കും... മുന്നോട്ട് നടക്കാനുളള എന്റെ പ്രേരണയായി, എന്റെ വഴികാട്ടിയായി....