Monday, September 19, 2011

ഓര്‍മ

മഴ കനത്തു കിടന്ന ഒരു വൈകുന്നേരം ആണെന്ന് തോന്നുന്നു
അവന്‍ എന്റെ മനസിന്റെ ഒതുക്കുകല്ലുകള്‍ താണ്ടി കടന്നു വന്നത്.......
മുടിയിഴകളില്‍ പറ്റിപ്പിടിച്ചു നിന്ന വെള്ള തുള്ളികളെ
നേര്യതിന്‍ തുംബെന്നപോല്‍ എന്റെ ഹൃദയം ഒപ്പിയെടുത്തു.....
തുള്ളി ചോരാതെ കറന്നെടുത്ത സ്നേഹത്താല്‍ ഞാന്‍ അവന്റെ ദാഹമകറ്റി......
എന്റെ മജ്ജയും മാംസവും കൂട്ടിക്കുഴച്ചു ഞാന്‍ അവന്റെ വിശപ്പടക്കി......
നിദ്രയുമായി  രമിക്കുന്നത്‌ വരെ എന്റെ ശരീരം കൊണ്ടവനെ പുതപ്പിച്ചു......
പിന്നീടൊരു തണുത്ത പ്രഭാതത്തില്‍ യാത്ര പോലും പറയാതെ 
അവന്‍ മഞ്ഞിലേക്ക് നടന്നിറങ്ങി...  
ഞാനിന്നും ആ ഒതുക്കുകല്ലുകളില്‍ മുഖമമര്‍ത്തി
അവന്റെ കാല്‍പ്പാടുകള്‍ തിരയുന്നു.....

Sunday, September 11, 2011

ഞാന്‍

എന്റെ ചിന്തകള്‍ കുപ്പിവളകള്‍ക്കിടയിലും
വഴിയോരത്തെ പുസ്തകക്കൂട്ടത്തിലും പാറി നടന്നപ്പോള്‍
അവന്‍ മറ്റൊരു ലോകത്തിന്റെ ഇഴകള്‍ നെയ്യുകയായിരുന്നു......
ചുവന്ന കുപ്പി വളകളണിഞ്ഞു കവിതകളില്‍ മുങ്ങാംകുഴിയിട്ടു ഇറയത്ത് ഞാന്‍.......
ഒരു മുളം കാട്ടിനപ്പുറം ചുവപ്പ് രാശി പടര്‍ന്ന മനസുമായി എന്തോ തിരഞ്ഞു അവനും.....
പുസ്തക കെട്ടുമേന്തി ജലം ഇറ്റു വീഴുന്ന മുടി തുംബുമായി ഞാന്‍  നടന്ന വഴികളില്‍
അവന്റെ വിറയാര്‍ന്ന പദചലനം ഞാന്‍ അറിഞ്ഞിരുന്നു......
ഒരു മിട്ടായിയുടെ വര്‍ണക്കടലാസിനുമപ്പുറം ചെളി നിറഞ്ഞ വഴി ത്താരകള്‍ ഞാന്‍  കണ്ടില്ല......
പൂവിനും പൂമ്പാറ്റയ്ക്കും പുറകെ ഓടിത്തളര്‍ന്നു
തൊടിയുടെ തെക്കേ മൂലയിലേക്ക് ഞാന്‍ മടങ്ങുമ്പോള്‍
അവന്റെ കൈക്കുള്ളില്‍ എന്റെ കുപ്പിവള തുണ്ടുകള്‍ ഉണ്ടായിരുന്നു......
എന്നില്‍ ഒരു ചുവന്ന മുറിപ്പാടും..........

Saturday, August 6, 2011

അരിമണി

പ്രണയത്തിനും ജീവിതത്തിനും ഇടയിലെ ദൂരം
ഒരരിമണിയോളം മാത്രമെന്നവന്‍.........
ആ ദൂരം താണ്ടാനായി ഞാനും, പ്രണയത്തില്‍ തന്നെ
മുങ്ങാംകുഴിയിടാന്‍  അവനും, തത്രപ്പെട്ടുകൊണ്ടേയിരുന്നു........
പ്രണയപര്‍വത്തിന്റെ കുത്തൊഴുക്കിനൊടുവില്‍
ആ അരിമണിയെ ചതച്ച് അവനെന്നെ കെട്ടിയിട്ടു....
രണ്ടരുവികളും ഒരു പുഴയായി
കാലത്തിനൊപ്പം മുന്നോട്ടൊഴുകി.....
പുഴയ്ക്കു കൈവഴികളുണ്ടാവുന്നത്
ഞാന്‍ അറിഞ്ഞതേയില്ല......
പാറക്കെട്ടില്‍ തല്ലിയലച്ച്ച് നുരഞ്ഞു പതഞ്ഞു
കടലിലേക്ക്‌ എത്തുമ്പോഴേക്കും
എനിക്ക് എന്റെ അരിമണി എവിടെയോ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു......


Tuesday, June 28, 2011

ബാല്യം

എന്റെ ബാല്യത്തിനു ഒറ്റപ്പെടലിന്റെയും നഷ്ടബോധത്തിന്റെയും മണമായിരുന്നു......
ഓരോ ദിവസവും പുതിയ പുതിയ നഷ്ടങ്ങള്‍ എന്നെ കാര്‍ന്നു തിന്നുകൊണ്ടെയിരുന്നു.......
അച്ഛന്റെയും അമ്മയുടെയും നടുവിലെ പൊട്ടിചിരികള്‍ക്കായി എന്നും ഞാന്‍ കാതോര്‍ത്തു......
വീടിനുമേല്‍ കാര്‍മേഘങ്ങള്‍ നിറഞ്ഞതല്ലാതെ ആകാശം എനിക്കായി ഒരിക്കലും തെളിഞ്ഞില്ല......
നഷ്ടബോധത്തില്‍ നിന്നും ഉറവ പൊട്ടിയ അരുവി മെല്ലെ മെല്ലെ കടലായി രൂപം പ്രാപിച്ചു......
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും എന്നില്‍ സ്ഥിരം പ്രക്രിയകളായി........
ഇന്നും ഞാനൊരു സുനാമിയെ ഭയക്കുന്നു.......

Sunday, June 26, 2011

യാത്ര

വിങ്ങുന്ന മനസ്സുമായി തിരക്കിനിടയിലൂടെ മുന്നോട്ട്.........
എല്ലാ കണ്ണുകളും എന്റെ നേര്‍ക്കെന്ന ബോധ്യത്താല്‍
ഞാന്‍ ആരെയും നോക്കിയില്ല......
സ്നേഹിക്കുന്നത് പാപമോ......?
അറിയാതൊരു ചോദ്യം എന്റെ മനസ്സിനെ മഥിച്ചു കടന്നു പോയി......
സ്നേഹിക്കുന്നത് പാപമല്ല, 
തിരികെ സ്നേഹം പ്രതീക്ഷിക്കുന്നത് പാപമാണ്...  
ആരോ മനസ്സിലിരുന്നു ഉത്തരം നല്‍കി.......
പ്രതീക്ഷകള്‍ മരവിച്ച എനിക്കിനി അത് തിരുത്താനാവുമോ .......?
എന്റെ യാത്ര അനന്തമായി മുന്നോട്ട്......
നോക്കെത്താദൂരത്തോളം മുന്നോട്ട്.......
തിരിഞ്ഞു നോക്കാന്‍ ആയില്ലെങ്കിലും ഒന്ന് ഞാനറിയുന്നുണ്ടായിരുന്നു ....
ചോറിനായുള്ള ബലിക്കാക്കകളുടെ നിലക്കാത്ത കലഹം........
 




എന്റെ മനസ്സ്.....

നിലക്കാത്ത കൈയടികള്‍ക്കും സന്തോഷാരവങ്ങള്‍ക്കുമിടയില്‍
മെല്ലെ നിലം തൊടാനൊരു ശ്രമം.......
അവയൊന്നും പക്ഷെ എന്നെ തൊടുന്നുണ്ടായിരുന്നില്ല ......
നിലം തൊട്ട മാത്രയില്‍ ഒരു നിമിഷം 
ചുവടൊന്നു പിഴച്ചു......
പൊട്ടിച്ചിതറി , കരിഞ്ഞമര്‍ന്നു .......
പാവം ....... എന്റെ മനസ്സ്.....


Tuesday, June 21, 2011

പകരം

ഒന്നും ഒന്നിനും പകരമല്ലെന്ന പാഠം ഞാന്‍ പഠിച്ചു തുടങ്ങി......
ഓര്‍മ വച്ചപ്പോള്‍ മുതല്‍ ഭൂമി സുര്യന് ചുറ്റുമെന്നപോല്‍ 
ഞാന്‍ എന്തിനോ വേണ്ടി അമ്മക്ക് ചുറ്റും കറങ്ങി...... 
യവ്വനം തളിര്‍ത്തപ്പോള്‍ ഞാന്‍ ചന്ദ്രനെപ്പോല്‍ 
മറ്റേതോ ഗ്രഹങ്ങള്‍ക്ക്‌ ചുറ്റും കറങ്ങി തുടങ്ങി......
ഒടുവില്‍ ഞാന്‍ എന്റെ ഭൂമിയെ കണ്ടെത്തി.....
പിന്നെ എന്റെ കറക്കം ഭൂമിക്കു ചുറ്റും മാത്രമായി.......
എന്റെ പ്രതീക്ഷകള്‍ ഭൂമിക്കു ചുറ്റുമായി......
നിരവധി ഗ്രഹണങ്ങള്‍ക്കിടയിലും ഞാന്‍ സന്തുഷ്ടയായി.....
ഇന്നെനിക്കു ചുറ്റും ഉപഗ്രഹങ്ങള്‍.......
എന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞോ.....?
ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി....
ഒന്നും ഒന്നിനും പകരമാവില്ല........



ഇരുട്ട്

എന്റെ കാഴ്ചകള്‍ മെല്ലെ മങ്ങുന്നു.......
കണ്ണിനു മുന്നില്‍ നിറക്കാഴ്ചകള്‍ക്ക് തെളിച്ചം വറ്റുന്നു......
ആകെയൊരു മങ്ങല്‍......
വെളിച്ചം ഇരുട്ടിനു വഴി മാറുന്നു.......
ഞാന്‍ കണ്ണുകള്‍ ആവും വിധം തുറന്നു പിടിച്ചു.....
പരമാവധി വെളിച്ചത്തെ എന്റെ മങ്ങിയ കണ്ണുകളിലേക്ക് ആവാഹിച്ചു.......
ഇല്ല.... എന്റെ വര്‍ണങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങുന്നു......
എന്നിലേക്ക്‌ മാത്രം....... 
ഞാനെന്ന ഇരുട്ടിലേക്ക് മാത്രം........


Sunday, June 12, 2011

ദൂരം

      ഒരു കടല്‍ അല്ല പല കടല്‍ ദൂരത്താണ് നമ്മള്‍........
     എങ്കിലും ആ ദൂരം താണ്ടിയെ പറ്റൂ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.......?
     താണ്ടാനായി ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടോ നമ്മള്‍..........?
     നിന്‍റെ മനസ് എന്ത് പറയുന്നു എന്നെനിക്കറിയില്ല......
     പക്ഷെ എന്‍റെ മനസ്സ് പറയുന്നു, ആത്മാര്‍ഥമായി ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല നമ്മള്‍..........
     ശ്രമിച്ചിരുന്നു എങ്കില്‍ പല കടലല്ല ഒരു അരുവിയോളം ദൂരം പോലും
     ദൂരം ഉണ്ടാവില്ലായിരുന്നു നമ്മള്‍ തമ്മില്‍.........
     ഒരു ശ്വാസം ദൂരത്തായിരുന്നവര്‍ പലകടല്‍ ദൂരത്താവണമെങ്കില്‍
     അതിലെന്തോ പൊരുത്തക്കേടുണ്ടാവില്ലേ...........?
     അത് തിരുത്തേണ്ടതല്ലേ.........?
     എന്‍റെ മനസ്സ് പറയുന്നു, തിരുത്തണം, തിരുത്തപ്പെടണം, ഇനിയെങ്കിലും..........

Thursday, June 2, 2011

തണുപ്പ്

നിറവാര്‍‍ന്നൊരുറക്കത്തില്‍ നിന്നും മെല്ലെ കണ്‍‌തുറന്നു.......
നീലാകാശത്തില്‍ വെളുത്ത പഞ്ഞിതുണ്ടുകള്‍ ഒഴുകി നടക്കുന്നു.....
നോക്കെത്താദൂരത്തോളം മനം നിറയ്ക്കുന്ന പച്ചപ്പ്‌........
ഒഴുകിയെത്തുന്ന കുളിര്‍ കാറ്റിന് ചന്ദനത്തിന്റെ സുഗന്ധം......
ഒന്ന് നിവര്‍ന്നു നിന്ന് ആ സുഗന്ധം ഉള്ളിലേക്കാവാഹിച്ചു.......
കളകളാരവം പൊഴിച്ച് പൊട്ടിച്ചിരിക്കുന്ന കുഞ്ഞരുവി....
ഏതോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ മുന്നോട്ടു കുതിച്ചു....
ഇരുകൈകളിലും തണുത്ത ജലം കോരിയെടുത്തു..........
അപ്പോഴും ഞാനറിഞ്ഞില്ല അത് മരണത്തിന്റെ തണുപ്പാണെന്ന്........

എന്റെ ചിറക്

അടുക്കളപ്പുറത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍
മെല്ലെ കിടപ്പറയിലേക്ക്.......
ചര്‍ച്ചകള്‍ക്ക് ചെവി വട്ടം പിടിച്ചിരുന്ന പ്രിയന്‍
മെല്ലെയോതി നിനക്കായി ഒരാകാശം പുറത്തുണ്ട്.....
ശക്തി ചോര്‍ന്ന ചിറകുകള്‍ തെല്ലൊന്നു വിരിയ്ക്കാനൊരു പാഴ്ശ്രമം.....
നിന്‍ ചിറകുകള്‍ ശക്തിയാര്‍ജജിക്കുംവരെ എന്‍ ചിറക് നിനക്കെന്നെന്‍ പ്രിയന്‍....
പ്രിയന്റെ ചിറകില്‍ നിന്നൂര്‍ജം ഉള്‍ക്കൊണ്ട് ഞാന്‍ ആകാശം ലക്‌ഷ്യം ആക്കി കുതിച്ചു....
ഞാനറിയാതെന്‍ ചിറകുകള്‍ക്ക് വേഗമേറി.....
എന്നോലപ്പുരക്കുമേല്‍ ഉള്ളൊരുകീറ് മാനത്തിനും മേലെ ഞാന്‍ വിഹരിച്ചു.....
എന്‍ ചിറകുകള്‍ കരുത്താര്‍ന്നു......
മറ്റു ചിറകുകള്‍ കൈവിട്ടു ഞാന്‍ വീണ്ടും ഉയരത്തിലേക്ക്.....
പെട്ടന്നൊരു മിന്നും വാള്‍ത്തലപ് എന്റെ ചിറകുകളെയരിഞ്ഞു വീഴ്ത്തി.....
വാള്‍ത്തലത്തിളക്കത്തില്‍ കണ്‍ചിമ്മവേ ഞാന്‍ കണ്ടു.....
ചോരച്ച്ചുവപ്പാര്‍ന്ന നാവോടെ എന്‍ പ്രിയന്റെ മുഖം...........

Wednesday, June 1, 2011

ആരാണ് നീ?

കണ്ണ് കണ്ണോടു ചൊല്ലി ഞാനാണ്‌ നീ.....
കാത് കാതോടു ചൊല്ലി നീയാണ് ഞാന്‍ ‍......
എന്നിട്ടുമെന്തേ ഇന്ന് കണ്ണ് കണ്ണോടും
കാതു കാതോടും ചോദിച്ചു....... ആരാണ് നീ.......?

പൊന്ന്


മിന്നുന്നതെല്ലാം പോന്നല്ലെന്നു നിരവധി തവണ
മുത്തശ്ശി ഒളിഞ്ഞും തെളിഞ്ഞും ഓതി......
പൊന്ന് മാത്രേ മിന്നുവെന്നു ഞാന്‍
കുട്ടിത്തം നിറഞ്ഞ വാശിയോടെ ചൊല്ലി.......
മിന്നുന്ന പൊന്നില്‍ ഞാന്‍ വിശ്വസിച്ചു......
പൊന്നെന്നു കരുതി ഞാന്‍ കയ്യില്‍
കരുതിയതിന്നു ഒരു വലിയ കരിം പാറക്കൂട്ടം........

സ്വപ്നക്കൂട്


രാപ്പകലുകളുടെ അധ്വാനത്തിന് ഒടുവില്‍
സ്വപ്നക്കൂട്കൂട്ടി ഞാനെന്‍ ഇണക്കായി കാത്തിരുന്നു.....
കാതങ്ങള്‍ താണ്ടിയൊരുനാളെന്‍ പ്രിയന്‍
പതുക്കെ പതുക്കെ കൂട്ടിലേക്ക് പിച്ച വച്ചു.....
കൊക്കുരുംമിയും കലപില ചിലച്ചും
സ്വപ്നക്കൂട് മാനം മുട്ടെ ഉയര്‍ന്നു....
മാനസപുത്രിയുടെ വരവ് സ്വപ്നക്കൂടിനു
പുതിയൊരു മാനം നല്‍കി.....
ഇണങ്ങിയും പിണങ്ങിയും നിരവധി ദിനങ്ങള്‍.....
ഒരു നാള് ഉണര്‍ന്ന ഞാന്‍ ഞെട്ടി,
കണ്തിരുംമി ഒരു വട്ടം പകച്ചു നിന്ന്.....
എന്തെ എന്‍ പ്രിയന് കഴുകന്റെ ക്രൌര്യം.......?

Monday, May 2, 2011

നിശബ്ദ പ്രാണന്‍

ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്ന് തോന്നിച്ച നിരവധി നിമിഷങ്ങള്‍...........
കൈപിടിച്ചുയര്‍ത്താന്‍ നിരവധി പരിശ്രമങ്ങള്‍........
ഒക്കെയും വൃഥാവിലാക്കി പ്രാണന്‍ പറന്നുയര്‍ന്നു.........
ഉച്ചത്തില്‍ നിലവിളി പൊന്തുന്നു.....
ഓ....... ചിതയിലേക്ക് എടുക്കുകയാവാം.......
കര്‍മങ്ങളുടെ നിശബ്ദ താളം.........
ദുഃഖത്തിന്റെ മൌനം കനംവച്ച നിമിഷങ്ങള്‍.......
ഒടുവില്‍ നിറകണ്ണുകളോടെ അഗ്നിശുദ്ധി..........
നിമിഷനേരത്താല്‍ ഒരു പിടി ചാരം.......
അതെ.... എന്റെ സൗഹൃദം ഇനി ഓര്‍മ്മകള്‍ മാത്രം........

Sunday, April 10, 2011

ഇതെന്റെ രാത്രി

രാത്രിയുടെ പൂര്‍ണ്ണ നിശബ്ദത.......
കൂരിരുട്ടിനിടയില്‍ ജനലഴികള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെട്ടം......
ഓര്‍മകളില്‍ നരിചീറുകളുടെ ചിറകടിയൊച്ച.....
എല്ലാം മറന്നുറങ്ങാന്‍ ശ്രമിക്കവേ പുലരിയുടെ വരവറിയിച്ചു കിളിയൊച്ചകള്‍....
ഇതെന്റെ രാത്രി.........

എന്റെ ഹൃദയം

എന്റെ ഹൃദയത്തിന്റെ നിറം ചുവപ്പായിരുന്നു....
എരിതീയില്‍ വെന്തു പഴുത്ത ലോഹം പോലെ അത് തിളങ്ങി......
മുള്‍പ്പടര്‍പ്പില്‍ കുടുങ്ങിയിട്ടെന്നപോലെ അതില്‍ നിന്നും ചെഞ്ചോര ചാലിട്ടു......
അപ്പോഴും അവന്‍ വെളുത്ത ലില്ലിപ്പൂക്കളുടെ മനോഹാരിത
വര്‍ണിച്ചുകൊണ്ടേയിരുന്നു........


Friday, March 18, 2011

കാത്തിരുപ്പ്

നിദ്രാദേവിയുടെ കടാക്ഷത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.........
മുന്നില്‍ നിവര്‍ത്തി വച്ച പുസ്തകത്തിന്റെ താളുകള്‍ ഒന്നൊന്നായി മറിയുന്നു.......
അക്ഷരക്കൂട്ടം തെളിഞ്ഞും മങ്ങിയും .......
പ്രജ്ഞ തണുത്തുറഞ്ഞു മരവിച്ച കണക്കെ....
ഓര്‍മയില്‍ പലതും കെട്ടുപിണഞ്ഞു കിടക്കുന്നു.....
കുരുക്കഴിക്കാനൊരു വിഫല ശ്രമം..........
പരാജയത്തിന്റെ കയ്പുനീര്‍ നിറയുന്നു....
ശ്രമിച്ചാല്‍ വിജയിക്കുമെന്നാരോ  ഓതുന്നു.......
ശ്രമങ്ങള്‍ പലതും നടത്തി ഞാന്‍........
തോല്‍വിയാല്‍ പിന്മാറുമ്പോള്‍ എന്തായിരുന്നു എന്റെ ഭാവം......?
നിദ്രയ്ക്കായി വീണ്ടും എന്റെ ഒടുങ്ങാത്ത കാത്തിരുപ്പ് ..........   

Wednesday, March 2, 2011

കടല്‍

ആകാശത്തിന്റെ അനന്ത നീലിമയോളം പരന്നു കിടക്കുന്ന എന്റെ കടല്‍.......
കണ്ണീര്‍ കടലോ ഇത്.....?
എന്റെ കണ്ണീരിന്‍ ഉപ്പോ ഇതില്‍ നിറഞ്ഞത്‌.......?
എന്റെ മനസുപോല്‍ തിരയൊടുങ്ങാത്ത എന്റെ കടല്‍.......
തലതല്ലി ആര്‍ത്തലച് എത്തുന്ന എന്റെ കടല്‍.......
എന്റെ കടലേ..... എന്നെ നിന്‍ മടിത്തട്ടില്‍ ഒളിപ്പിക്കില്ലേ നീ.......?

പ്രണയക്കുരുവി

മനസ്സിലെ പ്രണയക്കുരുവി ഒറ്റക്കായി......
ഇണയുടെ ചിറകടി  അവള്‍ കാതോര്‍ക്കുന്നുവോ ......?
തിരിച്ച് എത്താത്ത പ്രിയനായി
അവളുടെ ഉള്ളു പിടയുന്നുവോ......?


പ്രണയപ്പുഴ

എപ്പോഴും പ്രണയം മാത്രം നിറഞ്ഞൊഴുകുന്ന ശാന്തമായ പുഴ ആയിരുന്നു ഞാന്‍......
എന്തെ ഞാന്‍ വറ്റി വരണ്ടു........?

നീ

ഞാന്‍ നിന്നെ മാത്രം ഓര്‍ത്തു നിനക്ക് വേണ്ടി
ഓരോന്നും വാങ്ങി നടന്ന ഒരു കാലം ഉണ്ടായിരുന്നു......
എനിക്കതൊക്കെ എന്തേ നഷ്ടമായീ......?


Wednesday, February 23, 2011

എന്റെ നക്ഷത്രം

രാത്രിയുടെ നിശബ്ദതയില്‍ എപ്പോഴോ ആകാശവീഥിയില്‍ ഞാനാ മിന്നുന്ന നക്ഷത്രത്തെ തിരയുകയായിരുന്നു.........
എന്നോട് ചിരിക്കുന്ന, എന്നോട് കൊഞ്ചുന്ന, എന്നെ കേള്‍ക്കുന്ന എന്റെ നക്ഷത്രത്തെ.......
ഏറെ തിരച്ചിലിനൊടുവില്‍ ഞാനവനെ കണ്ടെത്തി........
അവനെന്നോട് ചിരിച്ചു........
എന്റെ പരാതികള്‍, പരിഭവങ്ങള്‍, സന്തോഷങ്ങള്‍ ഒക്കെ എന്റെ കണ്ണുകളിലേക്കു നോക്കി കേട്ടിരുന്നു......
പറഞ്ഞു പറഞ്ഞു ഞാനെന്റെ കണ്ണൊന്നു ചിമ്മി.......
കാണുന്നില്ല....... എങ്ങോ പോയ്മറഞ്ഞു.......... എന്‍ നക്ഷത്രം............


സന്തോഷം

എന്താന്നറിയില്ല വലിയ സന്തോഷം തോന്നുന്നു...... അല്‍പ സമയത്തേക് എങ്കിലും ഞാന്‍ നാളുകളായി ആഗ്രഹിച്ച പോലെ കുറച്ചു നിമിഷങ്ങള്‍ എനിക്ക് കിട്ടി.... സുനൈനാ, നീ സന്തോഷിക്കുന്നില്ലേ? ആത്മാര്‍ഥമായി? നിന്റെ മനസ്സില്‍ തൊട്ടു നീ പറയു..... ഒരു നിമിഷം നീ ആ പഴയ സുനൈന ആയില്ലേ എന്ന്........? എനിക്കറിയാം ഇത് എഴുതുന്ന നിമിഷവും നീ ആ പഴയ സുനൈന ആണെന്ന്.......

Tuesday, February 22, 2011

നഷ്ടം

എന്താന്നറിയില്ല ചെറിയൊരു സന്തോഷം മനസ്സില്‍ മുളപൊട്ടുന്നു..........
നഷ്ടമോഹങ്ങള്‍ക്കിടയില്‍ ഉഴറിയിരുന്ന ജീവിതത്തില്‍ എന്തോ ഉറവയിടുന്നു........
അപ്പോഴും ഞാന്‍ എന്റെ മനസോടു ചൊല്ലുന്നു.........
വേണ്ടാ............ നീ എല്ലാം നഷ്ടപ്പെട്ടവള്‍..........


എന്‍റെ ഗ്രാമം










Tuesday, January 25, 2011

നിഴല്‍

നീ എന്തെ എന്നെന്നും എപ്പോഴും എന്നോടൊപ്പം.......?
നിന്നില്‍ നിന്നും ഓടിയോടി
ഇരുളില്‍ ഞാന്‍ ഒളിക്കുമ്പോഴല്ലാതെ
എന്നെ വിട്ടു പിരിയില്ലേ നീ........
ഇഷ്ടമാണ് നിന്നെ എനിക്ക്,
എന്തിലും നീ എനിക്ക് തുണയില്ലേ.......
എന്‍ നേര്‍ക്ക്‌ വിരല്‍ ചൂണ്ടും സമൂഹത്തില്‍
എന്നെ അറിയുന്നു നീ മാത്രം.........
എന്‍ ശക്തിയാണ് നീ.......
ഞാനാണ്‌ നീ.......
നീ എന്‍ നിഴല്‍.......



Friday, January 21, 2011

ആഗ്രഹം

പുലരിയില്‍ മഞ്ഞു വീണു നനഞ്ഞ പുല്‍മേട്ടില്‍ ആകാശം നോക്കി കിടക്കാന്‍......
മഞ്ഞ്‌ ഇറ്റു   വീഴുന്ന പുല്‍ക്കൊടി തുമ്പത്ത് മെല്ലെ ചുംബിക്കുവാന്‍....
പുല്‍ക്കൊടിതുംപത്തെ മഞ്ഞ്‌ കണമായി മാറുവാന്‍......
മെല്ലെ മണ്ണോടലിഞ്ഞു ചേരുവാന്‍..........

സഞ്ചാരം

എന്നത്തേയും പോലെ തിരക്കിട്ട് പണികള്‍ തീര്‍ത്തു...... വെള്ളത്തുള്ളികള്‍ ഇറ്റു വീഴുന്ന മുടിതുമ്പു കെട്ടി, പൊങ്ങച്ച സഞ്ചിയും പാഥേയ സഞ്ചിയും വാരിപ്പിടിച്ചു പതിവ് പോലെ ബസ്‌ സ്റ്റോപ്പിലേക്ക് ഓടി....... അക്ഷമയായി പതിവ് ബസ്സിനെയും കാത്തു നിന്നു....... ദൂരെ നിന്നും ആ ഓറഞ്ച് നിറം കണ്ടപ്പോള്‍ തെല്ലു സമാധാനമായി....... ഓ... പോയിട്ടില്ല.... പതിവ് സീറ്റ്‌ തന്നെ തപ്പി പിടിച്ചിരുന്നു....... തിരക്ക് കുറവാണു..... എന്‍റെ ചിന്തകള്‍ക്കിന്നു യഥേഷ്ടം സഞ്ചരിക്കാം.....
ദിവസത്തിന്റെ ഭൂരിഭാഗം മണിക്കൂറുകളും മറ്റുള്ളവയ്ക്ക് വേണ്ടി ചിലവഴിക്കുന്ന എനിക്ക് എന്റേതെന്നു പറയാന്‍   സ്വന്തമായി കിട്ടുന്ന ഒന്നര മണിക്കൂര്‍...... തിരക്കുള്ള ദിവസം അതിനും കഴിയാറില്ല....
ഞാന്‍ ഞാനായി എന്‍റെ ചിന്തകളില്‍ വ്യാപരിച്ചു തുടങ്ങി....
ആരുടെയൊക്കെയോ ആജ്ഞകള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് എന്‍റെ ജീവിതം സഞ്ചരിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു..... ഇനിയും എനിക്ക് ഞാനായി എന്‍റെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒപ്പം സഞ്ചരിക്കാന്‍ എന്തെ കഴിയാത്തെ..............?

Thursday, January 20, 2011

ഓര്‍മ്മകള്‍...

            തെളിഞ്ഞ നീലാകാശം......... അലസയായി പൂമുഖത്ത് മാനം നോക്കി കിടക്കവേ പൊടുന്നനെ ആ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു....... ജീവിതയാത്രയില്‍ എവിടെയോ വച്ച് ആരുമറിയാതെ മനസ്സിന്റെ ചെപ്പില്‍ എടുത്തു വച്ച ആ മുഖം.... അവന്‍ എനിക്കാരായിരുന്നു.....? അറിയില്ല.... പക്ഷെ ആരൊക്കെയോ... എന്തൊക്കെയോ ആയിരുന്നു എനിക്ക്.... എന്‍റെ മടുപ്പ് നിറഞ്ഞ ദിനങ്ങള്‍ക്ക്‌ ആവേശം പകരാന്‍, സന്തോഷം നല്കാന്‍...... അതെ... അവനെനിക്ക് എല്ലാമായിരുന്നു.... അവനോടൊപ്പം നടന്ന വഴിത്താരകള്‍..... ആശകള്‍ പങ്കുവച്ച കാപ്പികടകള്‍.......

         പഞ്ഞിതുണ്ടുകള്‍ പോലെയുള്ള മേഘശകലങ്ങള്‍ ആകാശത്തു തെന്നി മാറവേ പതിയെ കാഴ്ചകള്‍ മങ്ങുന്നു.... ഞാന്‍ കരയുകയാണോ....?   ഏയ്..... ഞാന്‍ സുനൈന.....

My dream......

എന്‍റെ ആശകളും സ്വപ്നങ്ങളും പങ്കു വയ്ക്കാന്‍ എനിക്കും ഒരിടമായി...... എന്‍റെ ദുഃഖങ്ങള്‍ എന്റേത് മാത്രം..... പക്ഷെ എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ വിശാലമായ ഒരാകാശം എനിക്കാവശ്യമാണ്.........