Sunday, October 6, 2013

യാത്ര

ഇക്കുറിയെന്നെത്തേടിയെത്തുമ്പോൾ
കയ്യിലൊരു മുല്ലമാലയുണ്ടാവണം,
ഒരു പട്ടുകച്ചയും ....
പതിവ് തെറ്റിച്ചുകൊണ്ടു ഞാനിറയത്തുണ്ടാവും,
പടിപ്പുരയിൽ തേടേണ്ടയെന്നെ നീ ....
എന്നും നീ കയ്യിൽക്കരുതും കുപ്പിവളയും കണ്മഷിയും
ഇക്കുറി പൂത്തിരിക്കത്തിക്കയില്ലയെൻ കണ്‍കളിൽ ....
നിന്നിഷ്ട മുണ്ടും വേഷ്ടിയും മാറ്റി ഞാൻ
ചുറ്റും പട്ടുചേല, ആ കരിമ്പച്ച ചേല....
കുറുക്കുകാളന്റെ മണത്തിനായ് കാക്കണ്ട,
തേടിയെത്തും ചന്ദനത്തിരി മണം....
എന്നും നിന്നെ കാത്തുനിൽക്കുമിരുകണ്‍കൾക്ക് പകരം
ഇക്കുറിയുണ്ടാവും കണ്ണുകൾ നിരവധി...
അന്നെന്നെയണിയിച്ചപോൽ നീയണിയിക്കണം
കയ്യിൽക്കരുതും പിച്ചകപ്പൂമാല....
പട്ടുകച്ചയാൽ നീയെന്നെ മൂടവേ
വിരിയുമെൻ ചുണ്ടിലൊരു പുഞ്ചിരി നിനക്കായി മാത്രം...
നെറ്റിയിൽ പടരുന്ന സിന്ദൂരപ്പൊട്ടിനുമേൽ
നീ ചാർത്തണം മായാത്തൊരു സ്നേഹമുദ്ര ....
കണ്മറയുവോളമെന്നും പിൻതിരിയുവത് നീ
ഇക്കുറിയും പിൻതിരിയില്ല ഞാൻ...
എന്നും നീ യാത്രയാവും, നിറയുമെൻ മിഴികൾ,
ഇന്ന് ഞാൻ മടങ്ങും, നിറയരുത് നിൻ മിഴികൾ....

Thursday, October 3, 2013

ഏപ്രിൽ 26

ഇന്നേക്ക് 13 വർഷങ്ങൾക്ക് മുൻപ് നിറവയറുമായി ഒരു യുവതി ആസ്പത്രിയുടെ പടി കടന്നു ചെന്നു.ലേബർ റൂമിന്റെ വാതിൽ കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ അധികം വൈകാതെ ലഭ്യമാകുന്ന ഭാഗ്യത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ആയിരുന്നു ആ മനസ്സ് നിറയെ. പുലർച്ചെ അഞ്ചു മണി മുതൽ വേദനയുടെ വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും ഇടയിലും ആ ഒരു നിമിഷത്തിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ. ഘടികാരസൂചി മുന്നോട്ടു കുതിക്കുമ്പോൾ ഇടയ്ക്കിടെ അവൾ അന്വേഷിച്ചു കൊണ്ടിരുന്നു ആ സമയം ആയോ എന്ന്. പിന്നെ എപ്പോഴോ ബോധാബോധങ്ങൾക്കിടയിൽ ആരുടെയൊക്കെയോ വേവലാതി പൂണ്ട ശബ്ദങ്ങൾ അവളുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു. ഓപറേഷൻ തിയേറ്റർ സജ്ജമാക്കാൻ പറയുന്നതിന്റെയും ബന്ധുക്കളെ വിളിക്കാൻ പറയുന്നതുമൊക്കെ കേട്ടു. ഒന്നിനോടും പ്രതികരിക്കാൻ അവൾക്കു ആവതുണ്ടായിരുന്നില്ല. പിന്നെ ശരീരത്തിൽ അവിടവിടെ എന്തൊക്കെയോ ട്യൂബുകളുമായി സ്ട്രെച്ചറിൽ പുറത്തേക്ക് വരുമ്പോൾ ആരോ പറയുന്നത് അവൾ കേട്ടു എന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിച്ചോളൂ , കുറച്ച് സീരിയസ് ആണ് . പുറത്തേക്ക് സഞ്ചരിക്കുമ്പോൾ ആരുടെയൊക്കെയോ അടക്കിപ്പിടിച്ച കരച്ചിലുകൾ അവളുടെ ചെവിയിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു. പിന്നെ എപ്പോഴോ കണ്ണ് തുറക്കുമ്പോൾ അവൾ മങ്ങിയ വെളിച്ചമുള്ള ഒരു മുറിയിലായിരുന്നു. എന്തൊക്കെയോ ഓർമ വന്നപ്പോൾ
മെല്ലെ വയറിൽ തൊട്ടു നോക്കി. ഒഴിഞ്ഞ വയറിൽ നിന്നും കൈ മെല്ലെ കിടക്കയിൽ പരതി. മെല്ലെ സിസ്റ്റർ നോട്‌ ചോദിച്ചു എന്റെ കുഞ്ഞ് ...? അപ്പോഴേക്കും വൈകിട്ട് 7 മണി കഴിഞ്ഞിരുന്നു. സിസ്റ്റർ മെല്ലെ പിങ്ക് കളർ ഫ്ലാനെലിൽ പൊതിഞ്ഞ ഒരു മൊട്ടത്തലയനെ അവളുടെ അരികിൽ കൊണ്ട് കിടത്തി .....

ഇന്ന് മറ്റൊരു ഏപ്രിൽ 26..... എന്റെ കണ്ണന് ഇന്ന് 13 വയസ്സ്.... എല്ലാവിധ സൌഭാഗ്യങ്ങളോടും ഏറെ ഉയരത്തിൽ എത്തട്ടെ എന്റെ കണ്ണൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു........

മഴപ്പയ്യന്‍

           അകവും പുറവും നിറയുന്ന ചൂടുമായി അവനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി... വരാന്‍ വൈകുന്തോറും എന്തിനെന്നറിയാത്ത ആധിയായിരുന്നു. ഒടുവില്‍ എന്നെ തണുപ്പിച്ച് അവനിങ്ങെത്തി... പതിവ് പോലെ ഒന്ന് തലോടി എന്നെ കൊതിപ്പിച്ച് തെല്ലൊന്ന് മാറി നിന്നു... അവനോട് കെറുവിച്ച് അവനിലേയ്ക്കിറങ്ങി ചെല്ലാതെ ഞാനും ... എന്റെ മുഖമൊന്നു വാടിയാല്‍ അവനു മാറി നില്‍ക്കാനാവില്ലാന്ന് എനിയ്ക്കറിയാം... മെല്ലെയെന്നെ ഇക്കിളിപ്പെടുത്തി കുസൃതി ചിരിയുമായവന്‍ തിരികെയെത്തി... പൊട്ടിച്ചിരിച്ചു കൊണ്ട് നിറഞ്ഞാടി.... ഒടുവില്‍ തളര്‍ന്നു പിന്മാറി....

ഇനിയും വരും..... വരാതിരിക്കാന്‍ ആവില്ലെല്ലോ എന്റെ മഴപ്പയ്യന്..............

ജൂലായ് 14.

         ........ ട്രെയിനിന്റെ ഒച്ചയെക്കാൾ ഉച്ചത്തിൽ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു... സാധാരണ  നാട്ടിലേയ്ക്കുള്ള യാത്രകൾ ഏറെ സന്തോഷം നിറഞ്ഞവയാകാറാണ് പതിവെങ്കിൽ ഇത്തവണ കുർള ടെർമിനലിൽ നിന്നും കയറുമ്പോൾ തന്നെ ശ്വാസഗതി ക്രമം തെറ്റിയായിരുന്നു... വളരെ നിർണ്ണായകമായ തീരുമാനത്തിനുമേലുള്ള യാത്ര... ശരിയോ തെറ്റോ എന്ന് വേർതിരിക്കാനാവുന്നില്ല... ആ ഒന്നര ദിവസത്തെ യാത്രയിൽ പ്രാഥമിക കൃത്യങ്ങൾക്കല്ലാതെ മുകളിലെ ബർത്തിൽ നിന്നും താഴെയിറങ്ങുകയുണ്ടായില്ല.... കൈയിൽ കരുതിയ ഒരു കുപ്പി വെള്ളത്തിനുമപ്പുറം ഒന്നും കഴിക്കുകയുണ്ടായില്ല... ഒടുവിൽ ട്രെയിനിൽ നിന്നും ഇറങ്ങി കാത്തുനിന്ന കണ്ണുകൾക്ക് മുന്നിൽ എത്തി, എനിക്കു നേരെ നീട്ടിയ പൊതി കൈയിൽ വാങ്ങി, ഒരല്പം കഴിച്ചുവെന്ന് വരുത്തി, ഒരു ധൈര്യത്തിനെന്നവണ്ണം ആ കൈകളിൽ മുറുകെപ്പിടിച്ച് പുറത്തേയ്ക്ക് നടന്നു....
...... ബന്ധുജനങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ ഞാനൊരനാഥയായി.... സനാഥയായിക്കൊണ്ട് ആ താലി എന്റെ കഴുത്തിൽ വീഴുമ്പോൾ ഒരു കണ്ണുനീർത്തുള്ളി ആ കൈത്തണ്ടയിലൂടെ ഉരുണ്ടുപോകുന്നുണ്ടായിരുന്നു..... അന്ന് 1999 ജൂലായ് 14.....
..... ഇന്ന് അതേ ജൂലായ് 14.... നീണ്ട പതിനാല് വർഷങ്ങൾ.... ഞങ്ങൾക്ക് കൂട്ടായി കണ്ണനും അഭിയും.... എടുത്ത തീരുമാനം തെറ്റായിയെന്ന് ഒരു തവണ പോലും ഇന്നേവരെ ചിന്തിക്കേണ്ടി വന്നിട്ടില്ല...
ഇന്ന് ഞങ്ങൾ പതിനാലാം വിവാഹവാർഷികം ആഘോഷിക്കുന്നു... ഈ പതിനാല് വർഷങ്ങൾ നീണ്ട യാത്രയിൽ ഞങ്ങൾക്ക് കടപ്പാടുള്ള ഒട്ടനവധി സുഹൃത്തുക്കളുണ്ട്... എല്ലാവർക്കും നന്ദി....

അവൾ

നാളുകൾക്ക് ശേഷം ഞാനിന്നവളെ വീണ്ടും കണ്ടു... പതിവ് നിറഞ്ഞ ചിരിയോടെ.... മടിച്ചില്ല... ഈ യാത്ര അവളോടൊപ്പം എന്ന് തീരുമാനിക്കുകയും ചെയ്തു.... അവൾ ഒരുപാട് ചോദ്യങ്ങൾ എന്നോട് ചോദിക്കുകയും സ്വയം പറയുകയും ചെയ്തുകൊണ്ടിരുന്നു... കൈകൾ കൊണ്ടും കണ്ണുകൾ കൊണ്ടും ഭാവങ്ങൾ കൊണ്ടും പിന്നെ വാക്കുകൾ കൊണ്ടുമുള്ള അവളുടെ സംസാരം എനിയ്ക്കേറെ പ്രിയങ്കരമാണ്... ഇടയ്ക്കെപ്പോഴോ അവളുടെ മൊബൈൽ ഫോൺ ഒന്ന് മിന്നി... തിളങ്ങി നിന്ന ആ കണ്ണുകളിൽ ഭയത്തിന്റെയും സങ്കടത്തിന്റെയും നിസ്സഹായതയുടെയും വർണ്ണക്കുടമാറ്റങ്ങൾ ഞാൻ കണ്ടു... എന്തേയെന്ന് ചോദിക്കാൻ ഞാനൊന്നാഞ്ഞു.... സജലമാകുന്ന ആ മിഴികൾ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.... ഞാനാ കൈത്തലം എന്റെ കൈകളിലെടുത്ത് മുഴുവൻ സ്നേഹവും ആവാഹിച്ച് ഒന്നമർത്തി... ആ കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.... ഒരു നിലവിളി അവയിൽ മുങ്ങിത്താഴുന്നത് ഞാൻ കണ്ടു....

എന്തിനാ മിഴികൾ നനഞ്ഞുവെന്നത് എനിയ്ക്കജ്ഞാതം..... പക്ഷേ ആ നെഞ്ചിലെ അഗ്നിപർവ്വതം എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു... എന്നിലേയ്ക്ക് ചേർത്ത് അത് പങ്കിട്ടെടുക്കണമെന്നും എനിയ്ക്കുണ്ടായിരുന്നു.....

Friday, January 25, 2013

ആര് ...????

ഒറ്റപ്പെടലിന്റെ അനന്തമായ മണിക്കൂറുകള്‍......
24..... 48.... 56.....
ഇപ്പോള്‍ എത്രയായി എന്ന് ഓര്‍മ തന്നെയില്ല.....
ആദ്യ മണിക്കൂറുകളില്‍ മൌനത്തിന്റെ വല്‍ക്കലം പൊട്ടിച്ചു
പുറത്തു കടക്കാന്‍ ഞാന്‍ അദ്യമമായി ആഗ്രഹിച്ചിരുന്നു
സാവകാശം ഞാന്‍ തിരിച്ചറിഞ്ഞു
പുറത്തു കടക്കാന്‍ ആകാത്ത വിധം ബന്ധനസ്ഥയാണ് ഞാനെന്ന്......
ആദ്യമൊക്കെ അറിയാതെ കണ്ണുകള്‍ നിറഞ്ഞിരുന്നു
പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു കണ്ണീര്‍ക്കടല്‍ പോലും വറ്റിപ്പോയെന്ന്.......
ആദ്യമൊക്കെ ഞാന്‍ തന്നെ അവധി കൊടുക്കാന്‍ ശ്രമിച്ച പ്രതീക്ഷകള്‍
എന്നിലേക്ക്‌ തിരിച്ചൊരു തള്ളിക്കയറ്റം നടത്തി
സാവകാശം അവയ്ക്കും മനസ്സിലായി
പൂവണിയാത്ത പ്രതീക്ഷകളെ ഞാന്‍ വെട്ടിമാറ്റിക്കഴിഞ്ഞുവെന്ന്.......
പലപ്പോഴും ഇറയത്തെ പടിമേലിരുന്നു  
തെന്നി നീങ്ങുന്ന വെണ്‍മേഘശകലങ്ങളോട് നിരവധി ദൂതുകള്‍ പറഞ്ഞയച്ചു
പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു
ലക്ഷ്യമെത്തുന്നതിനു മുന്‍പ് കാര്‍മേഘങ്ങളായി അവ പെയ്തിറങ്ങിയെന്നു.....
ദേശാടനത്തിനെത്തിയ  പറവക്കൂട്ടങ്ങളോടും
ഞാന്‍ കേണപേക്ഷിച്ചു
പിന്നെ ഞാന്‍ തിരിച്ചറിഞ്ഞു
അവയും ഇനി തിരികെ എത്തില്ലെന്ന് .......
തിരിച്ചറിവുകള്‍ എന്റെ ഹൃദയതാളം തെറ്റിക്കുന്നു.....
ഇന്ന് ഞാന്‍ ഭയക്കുന്നു...
ഈ മൗനമെന്നെ ഉന്മാദിയാക്കുമെന്ന് ......
ഒന്ന് ഞാന്‍ ചോദിച്ചോട്ടെ......
എനിക്ക് നീ എന്റെ ഹൃദയമിടിപ്പായിരുന്നു.....
നിനക്ക് ഞാന്‍ ആരായിരുന്നു.....??????