Sunday, June 17, 2012

അവള്‍

ഏകാന്തതയുടെ ഓളപ്പരപ്പില്‍ ആടിയുലയവേ ആണ്
             അവള്‍ എന്നിലേക്ക്‌ നടന്നെത്തുന്നത് .....
എന്റെ മൗനങ്ങളെ അവള്‍ വാചാലമാക്കി .....
ഒന്ന് ചിരിക്കാന്‍ പോലും മറന്ന എന്നില്‍
              അവള്‍ പൊട്ടിച്ചിരിയായി പടര്‍ന്നിറങ്ങി......
എന്റെ തണുത്തുറഞ്ഞ പ്രജ്ഞയെ
              അവള്‍ ചോദ്യങ്ങളാല്‍ വിളിച്ചുണര്‍ത്തി.....
എന്നിലെ മറവിക്ക് അവള്‍ ഓര്‍മ്മപ്പെടുത്തലായി.......
എന്റെ മുന്നിലെ മണല്‍ക്കാടുകളില്‍ അവള്‍ വസന്തം വിരിയിച്ചു.....
എന്റെ ഏകാന്തത പതിയെ പതിയെ
              ഒരാള്‍ക്കൂട്ടമായി മാറുന്നത് ഞാന്‍ അറിയുന്നു.....
പക്ഷെ ഈ ആള്‍ക്കൂട്ടത്തില്‍ അവള്‍ മറഞ്ഞേക്കുമോ.....????

സൗഹൃദം

സൌഹൃദങ്ങള്‍ ചിലപ്പോഴെങ്കിലും വേദനയാവും....
പ്രതീക്ഷിക്കാത്ത വാക്കുകളാല്‍ മുറിവേല്ക്കുമ്പോള്‍
അറിയാതെ തോന്നും വേണ്ടായിരുന്നുവെന്ന് ......
എന്നാല്‍ അപ്പോഴും വിട്ടുകളയാതെ നെഞ്ചോട്‌ ചേര്‍ക്കും.....
മറ്റൊരു വേദനയ്ക്കായി തയ്യാറെടുത്തു കൊണ്ട്.....

 

ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഓര്‍മ്മകള്‍ നെരിപ്പോടുകളാണ് ........
അവ എപ്പോഴും  നീറിക്കൊണ്ടേയിരിക്കും .......
ഒരിക്കലും അണയാതെ, ഓരോ ചെറുകാറ്റിലും ശക്തിയാര്‍ജിച്ച് ........
ലാഭ നഷ്ട കണക്കുകള്‍ കൂട്ടി അവ നമ്മെ ചുഴിയിലേക്ക് എടുത്തെറിയും....
നമ്മുടെ ഉയിര്‍ത്തെഴുന്നെല്‍പ്പിനുമേല്‍ അവ നിരന്തരം
                                             ചൂട് പകര്‍ന്നു കൊണ്ടേയിരിക്കും.....
ആത്മാവിന്റെ പിടച്ചിലോടെ കരകയറാന്‍ ശ്രമിക്കുന്ന നമ്മളെ
                                           അവ പടുകുഴിയിലേക്ക് തള്ളിയിടും....
എല്ലാം അവസാനിപ്പിച്ചു ശാന്തമായ ഉറക്കത്തിനായി നമ്മള്‍ കേഴും......
ചുഴിയില്‍ നിന്നോ പടുകുഴിയില്‍ നിന്നോ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍......

Monday, June 11, 2012

ലഹരി

പ്രണയത്തിനു കയ്പോ മധുരമോ......??
പ്രണയം കറുപ്പോ വെളുപ്പോ....??
പ്രണയത്തിനു ചൂടോ തണുപ്പോ....??
പ്രണയം കടുത്ത ചെന്നിക്കുത്ത് പോലെയെന്നവള്‍ .........
പ്രണയം മെല്ലെ അലിഞ്ഞു തീരുന്ന ഐസ് ക്രീം ആണെന്നവന്‍  .......
പ്രണയത്തെ കാവല്‍ നിര്‍ത്തി അവളിലേക്ക്‌ ആഴ്ന്നിറങ്ങുമ്പോള്‍
                                                             അവള്‍ക്കു പൊള്ളി........
അവനോ കരിമ്പടത്തിനായി പരത്തി.....
ഇടയ്ക്കിടെ ചാടി മറിയുന്ന തന്റെ അടിവയറിന്റെ മിനുസതയില്‍
                                                             കൈവയ്ക്കുമ്പോള്‍
പ്രണയമെന്ന കയ്ക്കുന്ന കൊഴുത്ത ദ്രാവകം അവളില്‍ നിന്നും
                                                             പുറത്തു ചാടി......
അവനോ അലിയാത്ത മറ്റൊരു ഐസ് ക്രീമിനായി
                                                            അലഞ്ഞു തുടങ്ങി........

പ്രണയം

പ്രണയം ജൂണിലെ മഴ പോലെയാണ്.....
മീനച്ചൂടില്‍ നിന്നും മഴ പ്രകൃതിയെ തണുപ്പിക്കുന്നത് പോലെ
        പ്രണയം മനസ്സിനെ തരളിതമാക്കുന്നു.....
എന്നാല്‍ ചിലപ്പോഴെങ്കിലും പ്രണയം
        കര്‍ക്കിട മഴ പോലെയാവും......
മിന്നല്‍ പിണരുകളോടെ ഇടി വെട്ടി,
         ഹുങ്കാരത്തോടെ ചീറിയടിക്കും .......
എന്നാല്‍ ഒടുവില്‍ കാറും കോളും മാറി
         തെളിഞ്ഞ നീലാകാശം പോലെയാവും......
അതെ....... ഇത് പ്രണയത്തിന്റെ മാത്രം മാന്ത്രികത......

ആശ്വാസം

നിനക്കായി ഇതാ ഒരു ചെറു കുറിപ്പ്.......
ഏറെ ആകാംഷയോടെ നിനക്കായി ചില വാക്കുകള്‍ പെറുക്കി കൂട്ടി
         ഞാന്‍ കാത്തിരുന്നു - നിന്റെ ഒരു വിളിക്കായി......
സെക്കന്റുകളും മിനിട്ടുകളും മണിക്കൂറുകളും അടര്‍ന്നു വീഴവെ
         പ്രതീക്ഷയുടെ അസ്തമനം എന്നില്‍ നടക്കുകയായിരുന്നു.....
പ്രതീക്ഷ വറ്റിയ മിഴികളോടെ കടലിന്റെ അഗാധതയിലേക്ക്‌ മുങ്ങിയിറങ്ങിയ
         സൂര്യന്റെ കനലുകള്‍ ആവാഹിച്ചു എന്നില്‍ നിന്നും മറ്റൊരു പിറവി....
പുതുപ്പിറവിയുടെ എല്ലാ  വേദനകളോടെയും എന്റെ മുന്നിലെ കടലാസ്സിലേക്ക്
         പെയ്തിറങ്ങിയവയിലൂടെ  വീണ്ടും ഒന്ന് കണ്ണോടിക്കവേ
എനിക്ക് നിന്നോട് തോന്നിയതെന്തെന്നു നിര്‍വചിക്കാനാവുന്നില്ല.....
മുറിയുടെ മൂലയിലെ നീലക്കൊട്ടയിലേക്ക് ഒരു നിലവിളിയോടെ അവ
          എടുത്തെറിയപ്പെട്ടപ്പോള്‍
ആശ്വാസത്തിന്റെ കരകള്‍ തേടുകയായിരുന്നു ഞാന്‍ !!!!!!!!!!

യാത്ര

വഴിയോരത്തെ മരങ്ങള്‍ മഞ്ഞണിഞ്ഞു നിന്ന പുലരിയില്‍
           ഞാനെന്റെ യാത്രക്ക് തുടക്കം കുറിച്ചു........
പിന്നിലേക്ക്‌ തെന്നി മറയുന്ന കാഴ്ചകളെ അതിലേറെ  ശക്തിയോടെ
           പിന്തള്ളി ഞാന്‍ മുന്നിലേക്ക്‌ കുതിച്ചു കൊണ്ടേയിരുന്നു....
കാടും മേടും താണ്ടി കടല്‍ക്കരയില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍
           എന്നെയും കാത്തു ചുവന്ന അസ്തമയ സൂര്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു....
ഒന്ന് മുങ്ങി നിവര്‍ന്നു  ഉദയ സൂര്യനായി ഉദിച്ചുയരാന്‍ ...........

ചിന്തകള്‍

പണ്ട് ഒരു വൈകുന്നേരം കടല്‍ക്കരയില്‍ കക്ക പെറുക്കി നടക്കുമ്പോഴാണ്
         എനിക്കെന്റെ ചിന്തകള്‍ നഷ്ടമായത്.......
തല്ലിയലച്ചു നുരഞ്ഞു പതഞ്ഞു തിരിച്ചു പോകുന്ന തിരകളോടൊപ്പം 
          ആഴങ്ങളിലേക്ക്  അവയും കൂപ്പു കുത്തി.......
കാലങ്ങള്‍ക്ക് ശേഷം ഒരാള്‍ക്കൂട്ടത്തിനു നടുവില്‍ തിളങ്ങുന്ന രണ്ടു
           കണ്ണുകളിലൂടെ അവ വീണ്ടും എന്നില്‍ പെയ്തിറങ്ങി......
പീലി നിവര്‍ത്തിയാടുന്ന ഒരു മയില് പോലെ ഞാന്‍ നിറഞ്ഞാടി.....
ഇന്ന് ഞാന്‍ കടലിനെ ഭയക്കുന്നു.......
എനിക്കെന്റെ ചിന്തകള്‍ നഷ്ടമായാലോ.........???


ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ ഉത്തേജകങ്ങളാണ് ......
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ ചാടുമ്പോഴുള്ള ഊര്‍ജ്ജം
എന്തിനെയോ നേടിത്തരുന്നു....
അങ്ങനെയെങ്കില്‍ ഓര്‍മ്മകളാല്‍ ഞാനൊരു സമ്പന്ന ..............
അപ്പോള്‍ എന്നില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്ന നീയോ.....?????


അനുഭവം

കുറ്റപ്പെടുത്തല്‍, അവഗണ, തിരസ്കാരം.....
ഇവയുടെ തീച്ചൂളയില്‍ ഞാന്‍ എരിഞ്ഞു തീര്‍ത്തത് നീണ്ട വര്‍ഷങ്ങള്‍......
പൊള്ളിയടര്‍ന്ന മനസ്സുമായി കര കാണാനാവാതെ
ഞാനുഴറിയത് കാലങ്ങളോളം .....
പൊള്ളല്‍ കുമിളകള്‍ പൊട്ടിയൊലിച്ചു വ്രണങ്ങളായി
എന്നെ കാര്‍ന്നു തിന്നു കൊണ്ടേയിരുന്നു......
അനുഭവങ്ങള്‍ അരച്ച് ആത്മവിശ്വാസത്തിന്റെ തേനില്‍ ചാലിച്ച് പുരട്ടി
ഞാന്‍ കാത്തിരുന്നത് സംവത്സരങ്ങള്‍.....
ആ ചൂടില്‍ എന്റെ കണ്ണീര്‍ കയങ്ങള്‍ വറ്റി വരണ്ടു...
ഇന്നാ പൊള്ളല്‍ പാടുകള്‍ എന്നെ മുന്നോട്ടു നയിക്കുന്ന പ്രേരണാശക്തി....