Monday, July 5, 2021

തിരിച്ചു പോക്ക്

 ചതിയുടെ ചൂണ്ടയിൽ കുരുങ്ങി ഞാനുടനെ ചങ്കുപൊട്ടി ചാവും... 

നെഞ്ച് നീറിപ്പിടഞ്ഞാലും നീ കരയരുത്... 

അതിനായി കാക്കും കണ്ണുകൾ ഉണ്ടെന്ന് മറക്കരുത്... 


നമുക്ക് നമ്മുടെ വീട്ടിലേക്ക് തന്നെ മടങ്ങണം.. 

ഗേറ്റ് തുറക്കുന്ന മാത്രയിൽ ചാർളി കുറുകി തുടങ്ങും, 

തളർന്ന നിന്നെ അവന് ശീലമില്ലാത്തതാണ്, മറക്കണ്ട.. 


ഉള്ളു പൊള്ളും നിലവിളികൾ ഉയരുന്നുണ്ടാവും, ശ്രദ്ധിക്കരുത്.. 


മുകളിലേക്കു ചെല്ലണം, നമ്മുടെ പഴയ മുറിയിലേയ്ക്ക്... 

എന്റെ കൈ മുറുക്കെ പിടിക്കണം, 

ആദ്യരാത്രിയിൽ നീ ഓതിയ ഉപദേശങ്ങൾ മുതൽ ഞാൻ ഇന്ന് വരെ കാണിച്ച ബുദ്ധിമോശങ്ങൾ, നിന്നോട് ചെയ്ത ക്രൂരതകൾ സഹിതം ഓർത്തോർത്തെടുക്കണം.. 


മറക്കണ്ട, അവ കൊണ്ട് വേണം നീ നിന്റെ കണ്ണിനും മനസ്സിനും ചിറ കെട്ടാൻ... 


എല്ലാവരും എന്നെ കിടത്താനുള്ള തിരക്കിലാവും, 

കൊറോണ ആയത് കൊണ്ട് വലിയ തോതിൽ ആരെയും നിനക്ക് നേരിടേണ്ടി വരില്ല.. 


കരളിനെ കല്ലാക്കിയെങ്കിൽ ഇറങ്ങി ചെന്നോളൂ.. 


മറന്നു, നാട്ടിലേക്ക് പോകുന്നതിനു മുൻപ് നീ എനിക്കായി വാങ്ങിത്തന്നിട്ടുള്ളതിൽ നിനക്കേറ്റം ഇഷ്ടപ്പെട്ട കുപ്പായം എടുക്കാൻ മറക്കണ്ട.. 

അതണിഞ്ഞു പോയാൽ മതിയെനിക്ക്.. 


മൂലയിൽ എവിടേലും മാറി നിൽപ്പുണ്ടാവും എന്റെ അച്ഛൻ.. 

ഒന്നാ കൈ പിടിക്കണം, 

സഹിക്കില്ല പാവം.. 


എപ്പോഴും ധൈര്യം തന്ന് ഒപ്പം നിൽക്കുന്ന അമ്മ കരഞ്ഞു തളർന്നിട്ടുണ്ടാകും.. 

നോക്കരുതങ്ങോട്ട്... 

നീയാണ് അമ്മയുടെ ധൈര്യം... 


ഞാൻ ഉണ്ടാക്കിയ പാദസരം, ഞാൻ ഉണ്ടാക്കിയ കൈവള - ഇവയെന്നെ അണിയിക്കണം.. 

നീ കുറെ ചീത്ത പറഞ്ഞിട്ടുണ്ട്, കളിയാക്കിയുണ്ട്, കണ്ണടയുറപ്പിച്ച് രാത്രി നേരത്ത് കുത്തിയിരുന്നതിന്‌.... 


പിന്നേ.. ഒരാഗ്രഹം.. 


വാങ്ങിയ നാൾ മുതൽ പലജാതി സേവനങ്ങൾക്കായി ബാങ്കുകളിൽ ഇരിക്കാൻ മാത്രം വിധിക്കപ്പെട്ടിട്ടുള്ള ആ മാല ഒരു തവണ എന്നെയിടീക്കണം.. കൊതി തീരാനാ.... 


ശാന്തികവാടത്തിലേയ്ക്കോ മോക്ഷകവാടത്തിലേയ്ക്കോ കൊണ്ട് പോകരുത് കേട്ടോ... 

ആ കിണറിനടുത്ത്, അതേ, ഗേറ്റിങ്കൽ തന്നെ... 

നീ ഇന്നലെ നട്ട റംബൂട്ടാൻ തൈക്കരികിൽ ഉറങ്ങിയാൽ മതിയെനിക്ക്.. 

നീ ഓരോ തവണ ഗേറ്റ് തുറക്കുമ്പോഴും ഞെട്ടിയുണരാൻ, 

ആ വരാന്തയിൽ ചായക്കപ്പുമായി നീ ഇരിക്കുമ്പോൾ ചാരെയിരിക്കാൻ, 

ആ മുറ്റത്ത് നീ കലമ്പുന്നതിനു കൂട്ടാവാൻ, 

ഓരോ തവണ നീ യാത്ര പറയുമ്പോഴും കൈവീശാൻ.. 

ആ കിടപ്പാണ് സുഖം... 


എനിക്ക് പോകാൻ നേരം, 

എപ്പോഴും നീ ചെയ്യുന്നത് പോലെ എന്നെയൊന്നു ചേർത്ത് പിടിക്കണം.. 

ചുന്ദരീയെന്നു എല്ലാ സ്നേഹവും കലർത്തിയൊന്നു വിളിക്കണം.. 

മൂക്കിന്മേൽ നിന്റെ മൂക്ക് ചേർക്കണം.. 

ചുണ്ടിലൊന്നു തൊട്ടു നോക്കണം... 

ചെവിയിൽ ആ നിശ്വാസം തട്ടിക്കണം.. 


നിന്നെ പൂർണമായി പുതച്ചു വേണം എനിക്ക് മടങ്ങാൻ.. 


ഞാനെരിഞ്ഞില്ലാതാവുന്നത് നീ കാണരുത്.. 

കണ്ണുകൾ മുറുകെ പൂട്ടിയേക്കണം.. 

ഏഴാം നാൾ നീയൊരു പനിനീർച്ചെടി വയ്ക്കണം എന്റെമേൽ.. 


എന്നും നിനക്കായ്‌ എനിക്ക് വിടരാൻ... !!

No comments:

Post a Comment