Tuesday, July 31, 2012

തിരയും തീരവും

തിരകള്‍ തീരങ്ങളോട് എന്തായിരിക്കും പറയുന്നത്....??
ഒന്ന് തൊട്ടു തിരിച്ചു പോകുമ്പോഴേക്കും
വീണ്ടും തീരമണയാന്‍ തിരകള്‍ക്കെന്തേ തിടുക്കം...??
പറയാന്‍ മറന്നു വച്ച പ്രണയത്തിനോ....??
അതോ ബാക്കി നിര്‍ത്തിയ ചുംബനത്തിനോ..??
കടലിന്റെ മടിത്തട്ടില്‍ ഉലഞ്ഞാടി
നുരഞ്ഞു പൊങ്ങി തീരങ്ങളെ ഇക്കിളിപ്പെടുത്തുമ്പോള്‍
എന്താവും തീരങ്ങളുടെ മനസ്സില്‍....??
തിരകള്‍ ഒരിക്കലും മടങ്ങാതിരുന്നെങ്കില്‍ എന്നോ...??
അതോ, തിരകള്‍ ഒരിക്കലും ഒടുങ്ങാതിരുന്നെങ്കില്‍ എന്നോ...??
ഞാനും ആശിക്കുന്നു, ഈ ജീവിതത്തിരകള്‍ ഒരിക്കലും ഒടുങ്ങാതിരുന്നെങ്കില്‍!!!!!


Tuesday, July 17, 2012

മുഖം

            ഉറക്കം രാത്രിക്ക് മേല്‍ കരിമ്പടം പുതയ്ക്കുമ്പോള്‍ അവള്‍ നിലത്തെ തണുപ്പില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.... എന്തൊക്കെയോ ഓര്‍മ്മകള്‍ അവളില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും  നടത്തി.... വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ സഞ്ചാരം നടത്തുന്ന തന്റെ മനസ്സിനെ ശാസിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു അവള്‍ തല കുടഞ്ഞു.... മീനിനു അരിമണികള്‍  എറിഞ്ഞു നല്‍കിയിട്ടും മെഡിക്കല്‍സിലെ ചെക്കന്‍ നല്‍കിയ നീറുന്ന ദ്രാവകം പകര്‍ന്നിട്ടും അടര്‍ന്നു മാറാതെ  നില്‍ക്കുന്ന അരിമ്പാറ പോലെ ആ മുഖം ഇപ്പോഴും മനസ്സില്‍ തെളിയുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ട്രാഫിക് പോലീസ്കാരന്റെ  കഥകളിക്കു മുന്നില്‍ നിശ്ചലമായ റിക്ഷയ്ക്കുള്ളില്‍ ഇരിക്കവേയാണ് ആ മുഖം മുന്നില്‍ അവതരിച്ചത്..... സ്വയം ഒളിപ്പിക്കാന്‍ അമ്മയുടെ സാരിത്തലപ്പെങ്കിലും പരതി പരിഹാസ്യയായപ്പോഴേക്കും അവന്‍ അവളെ കണ്ടു..... അവന്‍ ആ മുഖത്തിനായി  ഓര്‍മകളില്‍ ചികയുമ്പോഴേക്കും റിക്ഷ അനങ്ങിക്കഴിഞ്ഞിരുന്നു .... "ഒന്ന് ചിരിക്കുകയെങ്കിലും ആവാമായിരുന്നു എന്ന് ചിന്തിക്കുമ്പോഴേക്കും റിക്ഷ കാതങ്ങള്‍ പിന്നിട്ടിരുന്നു .....

              അവന്റെ മുഖം ഇന്നും സമ്മാനിക്കുന്നത് അച്ഛന്റെ ഭീകര ഭാവവും നീറുന്ന കൈകാലുകളുടെ ഓര്‍മകളുമാണ് .... അവള്‍ നല്‍കിയ  കുറിപ്പുകളുമായി ഉറഞ്ഞു തുള്ളുന്ന അച്ഛന്‍, ആര്‍ത്തലച്ചു കരയുന്ന അമ്മ - ഇവര്‍ക്കിടയില്‍ എന്തിനെന്നറിയാത്ത ഭാവവുമായി സ്വപ്നങ്ങളെ താലോലിച്ചു അവളും.... കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകള്‍ ഇല്ലയെന്ന വാക്യത്തിനെ അന്വര്‍ഥമാക്കിക്കൊണ്ട്  വഴി പിരിയുന്ന നദിയെപ്പോലെ അവനും അവളും ഗതി മാറിയൊഴുകി .... എവിടെയൊക്കെയോ തട്ടിയും തടവിയും മുന്നോട്ട്... വര്‍ഷങ്ങളായി എങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ മിന്നായം പോലെ കണ്ട ആ മുഖം എത്ര വേഗമാണവള്‍  തിരിച്ചറിഞ്ഞത്....  അവനോ...??? അപ്പോഴും ഓര്‍മ്മയില്‍ പരതി ..... മുന്നിലെ പുസ്തകത്തിലെ വരികള്‍ അവളുടെ ഓര്‍മ്മയെ വീണ്ടും ഈറനണിയിച്ചു.........

                    "Missing you is a small word.... The extent of
                      emptiness is felt every time the wind 
                      strike my door and I feel you passing...... "

Monday, July 9, 2012

എന്റെ സെക്ഷന്‍

                അഞ്ചു വര്‍ഷക്കാലത്തെ പുറംവാസത്തിനു ശേഷം വീണ്ടും തറവാട്ടിലേക്ക് തിരിച്ചെത്തിയത്‌ ഏറെ ആശങ്കകളോടെയാണ് ...... ഈ മതില്‍ക്കെട്ടിനുള്ളിലെ അന്തരീക്ഷത്തില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു കുടുംബശ്രീ..... എപ്പോഴും തിരക്കും ചിന്തകളും മസ്തിഷ്കപ്രക്ഷാളന യോഗങ്ങളും (ഞങ്ങളുടെ തമാശ പ്രയോഗം) ഒക്കെയായി മറ്റൊരു ലോകം... എന്നും പുതിയതെന്താണ് ചെയ്യാന്‍ കഴിയുക എന്ന് മാത്രം ആലോചന.... ചെയ്യുന്നവ കുറച്ചു കൂടെ മനോഹരമാക്കാന്‍ ഇനിയെന്തു ചെയ്യാനാവും എന്ന ചര്‍ച്ചകള്‍... സ്വയം സൃഷ്ടികള്‍ക്ക് കിട്ടുന്ന അംഗീകാരം.... തങ്ങളുടെ പ്രവര്‍ത്തനം സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്ക് പ്രയോജനത്തിനും ആശ്വാസതിനും ആണെന്ന ചിന്ത ഊര്‍ജസ്വലത പകരുന്നതായിരുന്നു.... ഓരോ ദിനവും കൊഴിഞ്ഞു വീഴുന്നത് ഇന്നു ഞാന്‍ എന്തോ ചെയ്തുവെന്ന ആത്മവിശ്വാസത്തോടെ ആയിരുന്നു.... എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ അടര്‍ത്തി മാറ്റാന്‍ കഴിയാത്ത ഒരേടാണ് കുടുംബശ്രീ... എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞ, എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പല കഴിവുകളേയും പൊടി തട്ടി എടുക്കാന്‍ കഴിഞ്ഞ ഒരു കാലയളവ്‌... പലര്‍ക്കും കുടുംബശ്രീയുടെ വലിപ്പത്തെ കുറിച്ച് ഇന്നും അറിയില്ല (കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അല്ലാതെ)... അതൊക്കെ ഇനി ഒരു അവസരത്തിലാവാം....

                സെക്രട്ടേറിയറ്റിന്റെ പടികള്‍ വീണ്ടും ചവിട്ടുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു ഭീതിയുണ്ടായിരുന്നു.... പൊരുത്തപ്പെടാനാവുമോ എനിക്കീ അന്തരീക്ഷവുമായി??? തുടക്കത്തില്‍ പ്രവര്‍ത്തിച്ച വകുപ്പ് എനിക്ക് ഏറെ പഠിക്കുവാന്‍ നല്‍കിയിരുന്നു... അതിന്റെ ആത്മവിശ്വാസവുമായി തന്നെയാണ് പുറത്തേയ്ക്കിറങ്ങിയതും.... പുതിയ വകുപ്പിനെക്കുറിച്ച് കേട്ടപ്പോള്‍ (വനം വന്യജീവി) ആകെ ഭയമായി.... കാരണം ശിക്ഷ ലഭിക്കുന്ന വകുപ്പായാണ് വനം വകുപ്പിനെക്കുറിച്ച് കേട്ടിട്ടുള്ളത് ... എന്റെ സുഹൃത്തിനെയും കൂട്ടി വനം വകുപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ഒരു ഞെട്ടലായിരുന്നു.... ഞാന്‍ നീക്കി മാറ്റി ഇരിക്കാന്‍ പോകുന്ന കസേരയിലെ ആളെ ഞാന്‍ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു... ഒരല്പം പക പോക്കലിന്റെ സുഖം ഞാന്‍ അനുഭവിച്ചറിയുകയും ചെയ്തു....

                പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ഒരു തരം വിങ്ങിപ്പൊട്ടലായിരുന്നു... ഏതു നേരവും ചറപറ വാചകമടിച്ചു പൊട്ടിച്ചിരിച്ചു കളിതമാശകള്‍ പറഞ്ഞു നടന്ന (ശാരദ മാഡം വഴക്ക് പറയുമ്പോള്‍ ഒഴികെ) എനിക്ക് അനങ്ങാതെ ഒരിടത്തുള്ള ഇരിപ്പ് അസഹ്യമായിരുന്നു... പക്ഷെ വളരെപ്പെട്ടന്നാണ് സെക്ഷനിലെ അന്തരീക്ഷം എന്നെ സംബന്ധിച്ച് മാറിയത് ... വീണ്ടും ഒരു ക്ലാസ്സ്‌ റൂം പോലെ ആരവങ്ങള്‍ നിറയുന്നതായി എനിക്കിവിടവും... തമാശകളും പൊട്ടിച്ചിരികളും നിറയുന്ന ഒരിടം.... ഒരു ദിവസം ഇവിടേയ്ക്ക് വന്നില്ലെങ്കില്‍ എന്തോ കുറവുള്ളത് പോലെ ഒരു തോന്നല്‍... (കുടുംബശ്രീയെ നഷ്ടപ്പെട്ട അത്രയും ഇല്ല കേട്ടോ....) തമാശക്ക് രാധാകൃഷ്ണന്‍ സര്‍ പറയാറുള്ളത് പോലെ പപ്പയും മക്കളും സന്തോഷത്തോടെ വസിക്കുന്ന ഒരിടം.... ആനിയും ശോഭയും സതിയും പിന്നെ ഞാനും തരുണ്‍ സാറിന്റെ തണലില്‍... ഇപ്പോഴിവിടം തമാശകളുടെ വിളനിലമാണ്.... എത്ര തിരക്ക് പിടിച്ച ദിവസമാണെങ്കിലും അതിന്റെ യാതൊരു വിഷമവും ഞങ്ങള്‍ ഇപ്പൊ അറിയാറെയില്ല.....

               ആകെ വിഷമിച്ചു താടിക്ക് കൈയും കൊടുത്തിരിക്കുന്ന തരുണ്‍ സര്‍ നോട്  ചോദിച്ചു.... "എന്ത് പറ്റി  സര്‍???" "ഒന്നുമില്ല.... കഷ്ടപ്പെട്ട് കുറച്ചു കാര്യങ്ങള്‍ ടൈപ്പ്  ചെയ്തതാണ്.... അങ്ങോട്ട്‌ ശരിയാവുന്നില്ല...." സര്‍ ന്റെ മറുപടി... " Be practical sirrrrr.... മീരയെ മറക്കാന്‍ ഞാന്‍ അന്നേ പറഞ്ഞതല്ലേ.... മീരയെ വിട്ടു രചനയെ സ്നേഹിക്കു സര്‍..." എന്റെ മറുപടി കേട്ട് സര്‍ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു.... അല്ലെ സര്‍...???? (രചനയും മീരയും മലയാളം ഫോണ്ടുകളാണ് കേട്ടോ....)

മയില്‍പ്പീലി

അലസമായി കുത്തിക്കുറിച്ചിരുന്ന ഒരു സന്ധ്യയ്ക്കാണ് പൊടുന്നനെ ആ വരികള്‍ അവളുടെ ഓര്‍മയിലേക്ക് എത്തിയത്‌... "പ്രണയ ലേഖനങ്ങള്‍ക്ക് പറ്റിയ കൈപ്പടയാണ് നിന്റെത്‌......." - എന്തും എഴുതിയ ശേഷം അല്പം ദൂരെ മാറ്റി വച്ച് ഭംഗിയുണ്ടോ എന്ന് പരിശോധിക്കുന്നത് അവളുടെ ഒരു ശീലമാണ്... എന്നാലിനി അവനൊരു കുറിപ്പെഴുതിയാലോ ......? ഒരുപാടിഷ്ടമുള്ള പേന തന്നെ തിരഞ്ഞെടുത്തു...... പക്ഷെ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം..... ഒരു പിടിയും കിട്ടുന്നില്ല..... ഒടുവില്‍ അവന്റെ ആ വരികളില്‍ നിന്ന് തന്നെ തുടങ്ങി... പ്രണയലേഖനം എഴുതാന്‍ നമ്മള്‍ തമ്മില്‍ പ്രണയമില്ലെല്ലോ..... എന്നാലും സൌഹൃദത്തിന്റെ ഓര്‍മച്ചെപ്പില്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു മയില്‍പ്പീലി തുണ്ട്, അവള്‍ എഴുതി തുടങ്ങി...... ഒടുവില്‍ ഇങ്ങനെ അവസാനിപ്പിച്ചു.... "പുസ്തകതാളില്‍ മാനം കാണാതെ ഒളിപ്പിച്ചു വയ്ക്കുന്ന മയില്‍പ്പീലി പ്രസവിക്കുമെന്നായിരുന്നു കുട്ടിക്കാലത്തെ വിശ്വാസം..... അതറിയാനായി മാനം കാണാതെ പുസ്തകം തുറന്നു നോക്കാന്‍ ഒരാകാംഷ എപ്പോഴും ഉണ്ടായിരുന്നു താനും..... എന്നാല്‍ ഈ മയില്‍പ്പീലി പ്രസവിക്കില്ല..... പക്ഷെ വല്ലപ്പോഴും ഇത് തുറന്നു നോക്കാന്‍ ഒരാകാംഷ നിന്നില്‍ ഉണ്ടാവട്ടെ.... ഒരു കാര്യം ഉറപ്പാണ് അങ്ങനെ എപ്പോഴെങ്കിലും ഇത് തുറന്നു നോക്കിയാല്‍ നിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാതിരിക്കില്ല.... കണ്ടോ... കണ്ടോ... നീ ഇപ്പൊ തന്നെ ചിരിച്ചു.... മതി... എനിക്കിത് മതി...."

             അടുത്ത ദിവസം ആകാംഷയോടെ അവള്‍ അവനെയും കാത്തിരുന്നു.... തിരക്കുകള്‍ക്കൊടുവില്‍ മെല്ലെ ആ കുറിപ്പിന്റെ കവറുമായി  അവന്റെ അടുത്തേക്ക് ചെന്നു... പതിവില്ലാത്ത വരവായത് കൊണ്ടാവാം അവനില്‍ ഒരു അതിശയഭാവം പൊട്ടി വിടര്‍ന്നു.... എന്തെ എന്ന ചോദ്യം ആ കണ്ണുകളില്‍ കണ്ടു.... മെല്ലെ അവനു മുന്നിലെ കസേര നീക്കി അതിലിരുന്നു, കവര്‍ അവനു നേരെ നീട്ടി..... ഒരു പുഞ്ചിരിയോടെ അവനതു വാങ്ങി തുറന്നു.... അവള്‍ അവന്റെ മേശമേല്‍ ഉണ്ടായിരുന്ന ഒരു പുസ്തകം എടുത്തു വെറുതെ തുറന്നു പിടിച്ചു... കണ്ണുകള്‍ അവന്റെ മുഖത്ത് തന്നെ ആയിരുന്നു...... അവന്റെ മുഖത്ത് മാറി മാറി വരുന്ന ഭാവം അവള്‍ നോക്കി കണ്ടു..... അവസാനം ഒരു വലിയ പൊട്ടിച്ചിരിയോടെ അവന്‍ കസേരയിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.... "നിനക്ക് തെറ്റിയെല്ലോ.... പുഞ്ചിരിയല്ല, പൊട്ടിച്ചിരി തന്നെയല്ലേ ഉണ്ടായത്‌...." ഒടുവില്‍ അവന്‍ അവളോട്‌ ഇത്ര മാത്രം പറഞ്ഞു...."ഈ മയില്‍പ്പീലിയ്ക്ക്  മറുകുറിപ്പ് തരുന്നില്ല... പക്ഷെ ഈ മയില്‍പ്പീലി എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തിന്റെ സമ്മാനമായി ഞാന്‍ എന്നും സൂക്ഷിച്ചു വയ്ക്കും......"


എന്റെ മഞ്ചണാത്തി

                 നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ഭൂമിപ്പെണ്ണിന്റെ വേനല്‍ വേദനകളെ അലിയിപ്പിച്ചു മഴ വന്നെത്തി..... പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വരവ്.... പക്ഷെ ഇന്നത്തെ മഴ ഭൂമിയെ ആസകലം കുളിര്‍പ്പിച്ചിട്ടുണ്ടാവണം..... രാവിലെ ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ ഒന്ന് വന്നെത്തിനോക്കി മാറി നില്‍ക്കുന്നുണ്ടായിരുന്നു മഴപ്പയ്യന്‍, ഒരു കാമുകന്റെ എല്ലാ കുസൃതികളോടെയും .......   ഓഫീസിലെത്തിക്കഴിഞ്ഞപ്പോഴേക്കും അവന്റെ സ്വഭാവം തെല്ലൊന്നു മാറി..... വീശിയടിക്കുന്ന കൂട്ടാളിയുടെ സഹായത്തോടെ അവന്‍ ഭൂമിക്കുമേല്‍ താണ്ഡവം തുടങ്ങി..... ഒരു ചാറ്റല്‍ മഴയ്ക്ക് പോലും വെള്ളത്താല്‍ ഗ്രസിക്കപ്പെടുന്ന എന്റെ നഗരത്തിനു നടുവില്‍ നീന്തി തുടിച്ചു വൈകിട്ട് വീട്ടിലേക്ക് ..... നനഞ്ഞൊട്ടി, അപ്പോഴും ശമിച്ചിട്ടില്ലാത്ത മഴപ്പയ്യന്റെ കുറുമ്പിനോട്‌ കെറുവിച്ച്‌ യാത്ര ചെയ്യുമ്പോള്‍ പുറത്തെ കാഴ്ചകള്‍ തെല്ലൊന്നു അമ്പരപ്പിച്ചു ..... "ഈ കുറുമ്പ് ഇത്തിരി അതിര് കടന്നിട്ടുണ്ട്....." അറിയാതെ ചിന്തിച്ചു പോയി..... അംഗഭംഗം സംഭവിച്ച വൃക്ഷ സുഹൃത്തുക്കളെയും വൈദ്യുതക്കമ്പികളോട്  യുദ്ധം ചെയ്യുന്ന പുരുഷകേസരികളെയും കണ്ടപ്പോള്‍ അവനോടല്പം അമര്‍ഷം തോന്നിയെന്നതും സത്യം...... വീടിനടുത്തായി  ബസ്സിറങ്ങിയപ്പോഴേക്കും ഒന്ന് ഞെട്ടിപ്പോയി ..... "അയ്യോ എന്റെ പാവം മഞ്ചണാത്തി (മഞ്ചാടി മരം)...." അറിയാതെ ഒരു നിലവിളി എന്നില്‍ നിന്നും ഉയര്‍ന്നു..... ആകെ ചിതറിത്തെറിച്ച ഉടല്‍..... ചോരത്തുള്ളികള്‍ എന്നാ പോലെ റോഡു മുഴുവന്‍ മഞ്ചാടി മുത്തുകള്‍..... മഴപ്പയ്യന്റെ വീശിയടിച്ച കൂട്ടാളിയുടെ വികൃതിക്ക്  മുന്നില്‍ നിലം പറ്റിയത് എന്റെ പാവം മഞ്ചണാത്തി ......

                മഞ്ചണാത്തി...... അവള്‍ എനിക്കാരായിരുന്നു....??? എന്റെ ഓര്‍മ്മകളെ പലപ്പോഴായി എനിക്ക് മടക്കിത്തന്നിരുന്ന എന്റെ പ്രിയ സുഹൃത്ത്..... രാവിലത്തെ തിരക്കുകള്‍ക്ക് ഒടുവില്‍ ബസ്സിനായി ഓടിപ്പായുമ്പോള്‍ നിലത്തു കിടന്നു ആ ചുവന്ന മണികള്‍ എന്നെ നോക്കി ചിരിക്കും..... അപ്പോള്‍  അവയ്ക്ക് എന്റെ അച്ഛമ്മയുടെ മുഖമാണ്..... വേനലവധിക്ക്, അല്ലെങ്കില്‍ ചിങ്ങത്തിലെ ഉത്രാടത്തിന് ഓണക്കോടിയുമായി  അച്ഛന്റെ വീട്ടിലേക്കു എത്തിയിരുന്ന എന്റെ കുട്ടിക്കാലം ഇന്നും മറക്കാനാവാത്ത ഓര്‍മയായി എന്റെ ഉള്ളിലുണ്ട്...... വഴിക്ക് ബസ്സിറങ്ങി നെല്‍വയലുകളും വാഴത്തോപ്പുകളും കടന്നു കുന്നു കയറി കുളത്തിന്റെ കരയിലൂടെയുള്ള യാത്ര...... എത്രയും വേഗം വീടെത്താന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് തിരക്ക്..... വല്ലപ്പോഴും കൂടി കാണുന്ന നാട്ടുകാരോട് കുശലം പറയാന്‍ പൊതുവേ വാചാലനായ എന്റെ അച്ഛന് ഉത്സാഹം..... നടന്നും ഓടിയും ഒടുവില്‍ വീടെത്തുമ്പോള്‍ അച്ഛമ്മയുടെ നിറഞ്ഞ ചിരി.... മുന്‍കൂട്ടി അറിയിക്കാത്ത വരവുകളാണ്  പലപ്പോഴും...... അതുകൊണ്ട് തന്നെ ഊണിനു കറികള്‍ ഒപ്പിക്കാന്‍ അച്ഛമ്മ തിരക്ക് കൂട്ടും.... രസവും പപ്പടവും വീട്ടിലെ കോഴിമുട്ട പൊരിച്ചതും ഒക്കെ കൂട്ടി ഉച്ചയൂണ് ..... ആ മുട്ട പൊരിച്ചതിന്റെ രുചി ഇന്നും എന്റെ നാവിന്‍ തുമ്പിലുണ്ട് .... (മറ്റൊരിടത്ത് നിന്നും ആ രുചി എനിക്ക് ഇന്ന് വരെയും അനുഭവിക്കാനായിട്ടുമില്ല ...) ഊണിനു ശേഷം അച്ഛന്‍ ഒന്ന്  മയങ്ങും..... അപ്പോഴേക്കും ഞങ്ങള്‍ അടുക്കളപ്പുറത്തെ മഞ്ചാടി മരത്തിനു ചുവട്ടില്‍ എത്തിയിരിക്കും.... പിന്നെ മത്സരിച്ചു മഞ്ചാടിക്കുരു പെറുക്കും .... കൂട്ടിനു അച്ഛമ്മയും.... പിന്നെ കിഴക്ക് വശത്തെ പേരമരത്തിന്റെ ചുവട്ടിലേക്ക്‌.... പേരമരത്തില്‍ പടര്‍ന്നു കയറിയ ചെടിയില്‍ നിന്നും കറുത്ത പൊട്ടും ഓറഞ്ചു പൊട്ടും തൊട്ട കുന്നിക്കുരു മണികള്‍ കിട്ടും.... ഒക്കെ ചെറിയ ഡബ്ബകളിലാക്കി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും തരും അച്ഛമ്മ..... നിധി കിട്ടിയ സന്തോഷത്തോടെ മറ്റനവധി കൂട്ടങ്ങളുമായി ഞങ്ങളുടെ മടക്കയാത്ര..... പിന്നെ ഞങ്ങളെ കാണാന്‍ നഗരത്തിലേക്ക് വരുന്ന ഓരോ യാത്രയിലും മാങ്ങപ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും അയണിച്ചക്കയുടെയും കളിയടക്കയുടെയും ഒക്കെ ഒപ്പം അച്ഛമ്മയുടെ കൈവശമുണ്ടാവും കുറച്ചു മഞ്ചാടിമണികളും കുന്നിക്കുരുമണികളും (ആ മരവും വള്ളിയും പല ആവശ്യങ്ങള്‍ക്കുമായി മുറിച്ചു മാറ്റപ്പെടുന്നത് വരെയും...)

                 എന്നാലും എന്റെ മഴപ്പയ്യാ....... എന്റെ മഞ്ചണാത്തിയോടൊപ്പം നീ കവര്‍ന്നത് കാലം തട്ടിയെടുത്ത എന്റെ അച്ഛമ്മയുടെ ഓര്‍മ്മകളെയാണ്...... ദിവസവും രാവിലെ ബസ്സ്‌ സ്ടോപ്പിലേക്കുള്ള എന്റെ യാത്രകളെ നിറമണിയിച്ചിരുന്ന എന്റെ ഓര്‍മ്മത്തുണ്ടുകളെയാണ്..... എന്റെ മഞ്ചണാത്തിയെപ്പോലെ തന്നെ എനിക്ക് പ്രിയങ്കരനായിരുന്നില്ലേ നീയും....??? പല വൈകുന്നേരങ്ങളിലും ഇറയത്തെ തണുത്ത നിലത്തു ദിവാസ്വപ്നങ്ങളില്‍ ഊളിയിട്ടു കിടക്കുമ്പോള്‍ നിന്റെ വരവിനു ഞാന്‍ കാത്തിരുന്നിട്ടില്ലേ....??? എന്നിട്ടുമെന്തേ ആ വികൃതിക്കാറ്റിനൊപ്പം ചേര്‍ന്ന് നീയെന്റെ മഞ്ചണാത്തിയെ...??? നിന്നോടെനിക്ക് എങ്ങനെയാണ് പൊറുക്കാനാവുക ...????