Sunday, December 23, 2012

ഓര്‍മയില്‍ ഒരു മല്ലികപ്പൂവ്.......

ഓര്‍മയില്‍ ഒരു മല്ലികപ്പൂവ്.......

          1998 ഒക്ടോബര്‍ 5 നാണ് ഇന്‍കം ടാക്സ് അപ്പലേറ്റ്‌ ട്രിബ്യുനലില്‍ എല്‍ ഡി സി ആയി ജോലിയില്‍ പ്രവേശിക്കുന്നത്.... അതും മുംബൈയില്‍..... അന്ന് വരെ കേരളം വിട്ടു  പുറത്തു പോയിട്ടില്ലാത്ത എന്നെ സംബന്ധിച്ച് അത് കഷ്ടപ്പാടിന്റെ കാലഘട്ടമായിരുന്നു.... വളരെ കഷ്ടതകള്‍ സഹിച്ചു ഒടുവില്‍ കൊച്ചിയിലേക്ക് ഒരു സ്ഥലം മാറ്റം... എന്ത് കൊണ്ടെന്നറിയില്ല അവിടെയും മനസുഖത്തോടെ പണിയെടുക്കാന്‍ സാധിച്ചിട്ടില്ലെനിക്ക് ...... അങ്ങനെ ഇരിക്കെ ആണ് 2004 ല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്‌ ആയി നിയമനം കിട്ടുന്നത്...... 2004 സെപ്റ്റംബര്‍ 28 നു ജോലിയില്‍ പ്രവേശിച്ചു .... ആദ്യ പോസ്റ്റിങ്ങ്‌ ടാക്സെസ്  (ഡി) വകുപ്പില്‍.... എല്ലാ വിധ അമ്പരപ്പോടെയുമാണ്‌ അവിടേക്ക് ചെന്നത്.... അവിടെ എനിക്ക് ആദ്യം കിട്ടിയ സൗഹൃദമാണ് മല്ലിക.....

         ആദ്യമൊക്കെ ഇണങ്ങാന്‍ കുറച്ചു മടി കാട്ടിയെങ്കിലും എന്റെ സ്വഭാവം കാരണമാകാം ഞങ്ങള്‍ വളരെ വേഗത്തില്‍ തന്നെ ഇണങ്ങിയത് ..... സെക്രട്ടേറിയറ്റിന്റെ മുക്കും മൂലയും എനിക്ക് പരിചയപ്പെടുത്തി തന്നത് മല്ലികയാണ്..... മല്ലികയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ പിച്ചിപ്പൂവും കുപ്പിവളകളും ആണ് എനിക്ക് ഓര്‍മ വരുന്നത്.... ഓരോ ഡ്രെസ്സിന്റേയും കൂടെ അതെ നിറത്തിലെ വളകളും മാലയും ഒക്കെ അണിഞ്ഞാണ് മല്ലിക വരാറ്..... പിന്നെപ്പിന്നെ എനിക്കായും കൊണ്ട് വരും പിച്ചിപ്പൂവ്‌ ..... ഒരു പക്ഷെ മല്ലികയാവണം എന്നില്‍ പിച്ചിപ്പൂവിനോടുള്ള പ്രണയം നിറച്ചത്....

          എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട് മല്ലിക.... "ഹേമ" യെന്ന വിളിയില്‍ പോലും ഉണ്ടായിരുന്നു ഒരു മാധുര്യം.... കണ്ണനോട് വളരെ പ്രിയമായിരുന്നു.... എന്ത് കിട്ടിയാലും ഒരു പങ്ക് കണ്ണനായി തന്നയക്കും.... ആ സമയത്താണ് ഞാന്‍ രണ്ടാമത് ഗര്‍ഭിണി ആവുന്നത്.... അന്ന് മുതല്‍ എന്റെ കാര്യത്തില്‍ ഒരു ചേച്ചിയുടെതായ എല്ലാ കരുതലും മല്ലികയില്‍ നിന്നും ഉണ്ടായിട്ടുണ്ട്.. എന്നും ഉച്ചയൂണിനു എനിക്കായി എന്തെങ്കിലും സ്പെഷ്യല്‍ ഉണ്ടാവും മല്ലികയുടെ കയ്യില്‍..... അത് കൊണ്ട് തന്നെ അഭിയോടും ഉണ്ടായി ഒരു പ്രത്യേക സ്നേഹം.... ആയിടക്കാണ് മല്ലിക എന്റെ സെക്ഷനില്‍ നിന്നും പിരിഞ്ഞു പോകുന്നത്.... ഒരുപാട് വിഷമം ആയിരുന്നു മല്ലിക പോകുമ്പോള്‍... ആദ്യമൊക്കെ രാവിലെയും വൈകിട്ടും ചായ കുടിക്കാന്‍ ഒരുമിച്ചു തന്നെ പോകുമായിരുന്നു.,.. പിന്നെ പിന്നെ അതും കുറഞ്ഞു വന്നു... എന്നും ഫോണില്‍ ഒരു കുശലാന്വേഷണം - അതില്‍ ഒതുങ്ങി പലപ്പോഴും..... പിന്നെ ഒറ്റയ്ക്ക് നടക്കുന്ന മല്ലികയെ കണ്ടു തുടങ്ങി.... ചുരിധാറില്‍ നിന്നും സ്ഥിരമായി സാരിയിലേക്ക് മാറിയ മല്ലികയെ കണ്ടപ്പോള്‍ ഒരു തവണ ഞാന്‍ ചോദിക്കുകയും ചെയ്തു, എന്താ ഒരു മാറ്റം എന്ന്.... ഓ.. വെറുതെ എന്ന മറുപടിയില്‍ ഒതുങ്ങി....

         പിന്നെ ഇടയ്ക്കിടെ മല്ലിക വരാതെയായി.... പലപ്പോഴും മല്ലികയുടെ സെക്ഷന്റെ ജനല്‍പ്പടിയോളം പോയി നോക്കി മടങ്ങി ഞാന്‍ ..... ആയിടക്കാണ് ഞാന്‍ ഡപ്യുട്ടേഷന്‍ വാങ്ങി കണ്ണൂരിലേക്ക് യാത്രയാവുന്നത്.... ഒരു തവണ അവധിക്കു വന്നപ്പോ മല്ലികയെ കാണാന്‍ ചെന്നു .... അന്നാണ് സെക്ഷനിലെ ചേച്ചി പറഞ്ഞത് മല്ലിക സുഖമില്ലാതെ ആസ്പത്രിയിലാണ് എന്ന്...കേട്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.... മല്ലിക വീട് മാറുന്ന സമയത്ത് കാലില്‍ ചെറുതായി ഒരു മുറിവുണ്ടായി.... അത് പഴുത്ത് വൃണമായി കാലിലാകെ ബാധിച്ചു.... അന്നേക്കു മല്ലികയുടെ ഒരു കാല്‍ മുറിച്ചു മാറ്റപ്പെട്ടിരുന്നു...... ആസ്പത്രിയിലേക്ക് ചെന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് ബോധാബോധങ്ങളില്‍ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു അസ്ഥികൂടത്തെയാണ് .... അത് എന്റെ മല്ലിക തന്നെയാണ് എന്ന് വിശ്വസിക്കാന്‍ പോലും ഏറെ സമയമെടുത്തു ...... എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നു എല്ലാരും പറഞ്ഞിട്ടും എന്റെ മല്ലിക തിരിച്ചു വന്നു...

        പിന്നീട് പലപ്പോഴും ഫോണിലൂടെ മാത്രമായിരുന്നു വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്.... ഏതു വിശേഷ ദിവസവും മല്ലികയുടെ ഫോണ്‍ കാള്‍ മുടങ്ങാതെ എന്നെ തേടി എത്തുമായിരുന്നു... തിരക്കിനിടയില്‍ തിരുവനന്തപുരത്തേക്കുള്ള വരവും ഫോണ്‍ കാളുകളും കുറയുന്നതിന്റെ പരിഭവത്തോടെ ആയിരിക്കും പലപ്പോഴും തുടക്കം.... പിന്നെ പലപ്പോഴും മല്ലികയെ തേടി ഓഫീസിലേക്ക് ചെല്ലാറുണ്ടായിരുന്നു .... ഓരോ തവണയും ഓരോ കാര്യങ്ങള്‍ പറയാന്‍ ഉണ്ടാവും.... മല്ലികയുടെ മുന്നില്‍ ചിരിച്ചിട്ടാണ് എങ്കിലും പുറത്തിറങ്ങുമ്പോള്‍ അറിയാതെ കണ്ണുകള്‍ നിറയാറാണ് പതിവ്..... കാരണം ഓരോ തവണ കാണുമ്പോഴും ശരീരത്തിന്റെ ഏതെങ്കിലും ഒരു പിണക്കത്തെ കുറിച്ച് പറയാനുണ്ടാവും മല്ലികയ്ക്ക്.... അവസാനം ഓഫീസില്‍ വെച്ച് കണ്ടപ്പോള്‍ മല്ലിക പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍മയുണ്ട്...."ഓ... വയ്യെടാ.... രണ്ടു കിഡ്നിയും പോയി......ഇപ്പൊ peritonial ഡയാലിസിസ് ആണ് ചെയ്യുന്നത്.... ചേച്ചി തന്നെ വീട്ടില്‍ ചെയ്യും...അത് fail ആയാല്‍ ഇതിലൂടെ (കൈയിലെ ഒരു തുന്നല്‍ പാട് കാണിച്ചിട്ട്) ആവും.... പക്ഷെ അത് റിസ്ക്‌ ആണ്.... അറ്റാക്ക്‌ വരാന്‍ സാധ്യത ഉണ്ടെന്ന പറയുന്നേ..... " നമുക്ക് കിഡ്നി transplantation നു ശ്രമിച്ചാലോ എന്ന എന്റെ ചോദ്യത്തിന് ഒരു വിളറിയ ചിരിയായിരുന്നു മല്ലികയുടെ മറുപടി.... അന്നാണ് പൂര്‍ണ ബോധത്തോടെ ഞാന്‍ മല്ലികയെ നേരിട്ട് കാണുന്നത്....

        അതിനു ശേഷം വളരെ നാളുകള്‍ക്കു ശേഷമാണ് മല്ലികയുടെ കാള്‍ എന്നെ തേടിയെത്തുന്നത്.....അതിനു പരിഭവത്തിന്റെയും പരാതിയുടെയും സ്വരമായിരുന്നു..... ഓണം ഉണ്ണാന്‍ കഴിയാഞ്ഞതും ആസ്പത്രി കിടക്കയില്‍ ആയതും ആഴ്ചയില്‍ രണ്ടു ദിവസം ആസ്പത്രിയില്‍ പോയി ഡയാലിസിസ് ചെയ്യുന്നതുമൊക്കെയായി കുറെ വിശേഷങ്ങള്‍ പറഞ്ഞു... പിന്നെ കുറെ നാളുകള്‍ മല്ലികയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.... തിരികെ സെക്രട്ടേറിയറ്റില്‍ എത്തിയ ഉടനെ മല്ലികയെ തിരക്കി ചെന്നു .... സുഖമില്ലാതെ കിടപ്പാണെന്നും ഓഫീസില്‍ വരാന്‍ പോലും കഴിയുന്ന അവസ്ഥയില്‍ അല്ല എന്നും അറിയാന്‍ കഴിഞ്ഞു....

       പല ദിവസവും മല്ലികയെ കാണാന്‍ പോകണമെന്ന് വിചാരിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല.... ഒരു ദിവസം പ്രവീണിനോട് പറഞ്ഞു എനിക്കൊന്നു മല്ലികയെ കാണണം... അങ്ങനെ ഞങ്ങള്‍ നന്തന്‍കോട് എത്തി മല്ലികയുടെ മൊബൈലിലെക്ക്  വിളിച്ചു.... മല്ലികയുടെ ചേച്ചിയാണ് ഫോണ്‍ എടുത്തത്‌.... "മല്ലിക ആസ്പത്രിയിലാണ്.... ഐ.സി.യു വിലേക്ക് മാറ്റാന്‍ പോകുന്നു..." കേട്ട പാടെ ഞങ്ങള്‍ ആസ്പത്രിയിലേക്ക് പോയി.... കണ്ട കാഴ്ച കണ്ണില്‍ നിന്നും മായുന്നില്ല.. നിറയെ ട്യുബുകളും നെഞ്ചത്ത് ഒരു വലിയ വച്ചുകെട്ടും ഒക്കെയായി മല്ലിക.... ചേച്ചി കുറെ വിളിച്ചു ... മല്ലിക ഒന്നും അറിയുന്നെ ഉണ്ടായിരുന്നില്ല.... ഞാന്‍ മെല്ലെ ആ കയ്യില്‍ ഒന്ന് അമര്‍ത്തി പിടിച്ചു.... ഒരു നിമിഷം മല്ലിക ഒന്ന് കണ്ണ് തുറന്നു.... "ഹേമ, എനിക്ക് വയ്യെടാ...." ഇത്രയും മാത്രം പറഞ്ഞു ... വീണ്ടും കണ്ണുകളടച്ചു... മല്ലികയുടെ കാഴ്ച നഷ്ടപ്പെട്ടിരുന്ന കാര്യം അപ്പോള്‍ ചേച്ചി പറയുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്..... അന്നാണ്  ഞാന്‍ മല്ലികയെ അവസാനമായി കാണുന്നത്... പിന്നെ ഒരു നോക്ക് കൂടെ ഞാന്‍ കണ്ടു..... വലിയ വട്ടപ്പൊട്ടിട്ടു പട്ടു സാരി പുതച്ചു ആംബുലന്‍സില്‍ ഓഫീസില്‍ എത്തിയ മല്ലികയെ.....

      ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു... ഹേമ എന്ന വിളിയുമായി മല്ലികയുടെ കാള്‍ എന്നെ തേടി എത്തും ..........

Tuesday, November 13, 2012

ചുവന്ന കുപ്പിവള

                ഇന്ന് പള്ളിപ്പെരുന്നാള്‍ ആണ്... അറിയാതെ മനസ്സ് പഴയ നാളുകളിലേക്ക് ഓടിപ്പോയി... കുട്ടിക്കാലത്ത് അവന്റെ കൈപിടിച്ച് പള്ളിയില്‍ പോയതും, തിരികെ വരുമ്പോള്‍ വരമ്പത്ത് കൂടെ സര്‍ക്കസ് കാണിച്ചു ഓടിയതും, വയലിലെ കുഞ്ഞുമീനുകളെ പിടിക്കാന്‍ ശ്രമിച്ചതും ഒക്കെ ഓര്‍മയില്‍ തെളിയുന്നു... പള്ളിപ്പറമ്പിലെ വളക്കാരന്റെ കയ്യില്‍ നിന്നും ചുവന്ന കുപ്പിവള വേണമെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞതും ഞാന്‍ വലുതായാല്‍ നിന്റെ രണ്ടു കൈകളിലും നിറയെ വളയിട്ട് തരുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ചതും ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു... രാവിലെ സ്കൂളില്‍ പോകാന്‍ മടി പിടിച്ചിരിക്കുന്ന എന്നെ കഥകള്‍ പറഞ്ഞ് സൈക്കളിന് പിന്നില്‍ ഇരുത്തി സ്കൂളിലേക്ക് കൊണ്ട് പോകും... ഓരോ ഇടവേളയിലും എന്നെ കാണാന്‍ വരും, ഭക്ഷണം കഴിച്ചോയെന്ന്  അന്വേഷിക്കും.... തിരികെ ഒപ്പം കൂട്ടി വീട്ടിലേക്കു മടങ്ങും... വീട്ടിലെ തൊടിയില്‍ നിന്നും മാങ്ങയും ചാമ്പക്കയും പുളിഞ്ചിക്കയുമൊക്കെ പൊട്ടിച്ചു തരും... കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ കൂടുമ്പോള്‍ അവന്‍ എന്നും എന്റെ പക്ഷത്തായിരുന്നു...

                 ഋതുക്കള്‍ മാറുന്നതിനനുസരിച്ച് എനിക്കും അവനും ഇടയില്‍ ഒരു മതില്‍ കെട്ടി തുടങ്ങി മുതിര്‍ന്നവര്‍... എന്റെ പല സ്വാതന്ത്ര്യങ്ങളും കാലക്രമേണ എനിക്ക് നഷ്ടമാവുകയായിരുന്നു.... അവന്റെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ ഏറെക്കുറെ അവന്‍ ഒരു വിദൂര സ്വപ്നമായി മാറിത്തുടങ്ങി...... പള്ളിയില്‍ ആള്‍ത്തിരക്കിനിടയില്‍ മാത്രം കാണുന്ന ഒരു മുഖമായി അവന്‍ മാറി.... എന്നും പുഞ്ചിരിയാല്‍ ഒരു ഊഷ്മളത ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു...... ഓരോ പെരുന്നാളിനും ചുവന്ന കുപ്പിവളകള്‍ക്കായി ഞാന്‍ കാത്തിരിക്കും..... വെറുതെ... നിരവധി പെരുന്നാളുകള്‍ അത്തരത്തില്‍ കടന്നു പോയി എന്ന് മാത്രം.... ജോലി സംബന്ധമായി അവന്‍ അകലങ്ങളിലേക്ക് പറന്നതോടെ പള്ളിയിലെ കാഴ്ചയും എനിക്ക് അന്യമായി...... സാവകാശം വല്ലപ്പോഴും ചുവന്ന കുപ്പിവളകളുടെ ദൃശ്യം സമ്മാനിക്കുന്ന ഓര്‍മ മാത്രമായി എനിക്കവന്‍ ......

                ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പള്ളിപ്പെരുന്നാള്‍... പ്രാര്‍ത്ഥനയ്ക്കിടയില്‍  എപ്പോഴോ ആ മുഖം കണ്ടതായി എനിക്കൊരോര്‍മ്മ..... ഞാന്‍ എന്നെ തന്നെ കളിയാക്കി.... തിരികെ മടങ്ങുന്ന സമയം മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി വളയും മാലയും മറ്റും വാങ്ങാനായി ആ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു... മോള്‍ക്കാണെങ്കില്‍ എതെടുക്കണമെന്ന ആശങ്ക.... അവളുടെ കുഞ്ഞു മനസ്സ് വര്‍ണങ്ങളില്‍ ലയിച്ചു പോയിരുന്നു.... പെട്ടെന്ന് എന്റെ നേരെ നീണ്ടു വന്നു ഒരു കെട്ട് ചുവന്ന കുപ്പിവള..... ഞാനൊന്നു ഞെട്ടി തിരിഞ്ഞു നോക്കി.... അതെ.... അവന്‍ .... "ഞാന്‍ എന്റെ വാക്ക് പാലിച്ചു.... ഇതാ രണ്ടു കയ്യിലും നിറയെ അണിയാനുള്ളത് ഉണ്ട്...." സ്ഥലകാല വിഭ്രമത്തില്‍ നിന്ന എന്റെ കൈക്കുള്ളിലേക്ക് ആ ചുവന്ന വളകള്‍ അവന്‍ വച്ച് തന്നു... സുഖമാണോയെന്ന ചോദ്യത്തിന് ഒന്ന് തലകുലുക്കിയെന്നാണ് എന്റെ ഓര്‍മ ...... അപ്പോഴേക്കും ആ പതിവ് പുഞ്ചിരിയോടെ അവന്‍ നടന്നു നീങ്ങിയിരുന്നു.....

Monday, November 12, 2012

ദീപാവലി

                   ഇന്ന് ദീപാവലി !!!! ചുറ്റും വെടിപടക്കത്തിന്റെ കാതടപ്പിക്കുന്ന ഒച്ച..... എന്നാലും എന്റെ കുട്ടിക്കാലത്തിന്റെ അത്രയും വരില്ല.... അന്നെന്താ ഒരുത്സാഹം... അയല്‍പക്കത്തെ വീടുകളില്‍ പരസ്പരം മത്സരമാണ്.... എനിക്ക് അന്നും ഇന്നും പടക്കം പേടിയാണ്.... പണ്ട് കുട്ടിക്കാലത്ത് ഓഫീസില്‍ നിന്നുള്ള അച്ഛന്റെ വരവും കാത്തു ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ വീടിന്റെ ഉമ്മറത്ത് ഉണ്ടാവും... അച്ഛന്‍ കൊണ്ടുവരുന്ന പൊതിക്കെട്ടിനായി ..... പക്ഷെ അതില്‍ പൊട്ടുന്നത് ഒന്നും ഉണ്ടാവില്ല.... തറച്ചക്രവും മത്താപ്പും പൂത്തിരിയും വര്‍ണ തീപ്പെട്ടിയും പാമ്പിന്‍ ഗുളികയും മാത്രമാവും... ഞങ്ങള്‍ക്ക് അത് മാത്രേ വേണ്ടു താനും..... ഞങ്ങള്‍ നാല് പേരും ഒരുമിച്ച് മുറ്റത്ത് ഇവയൊക്കെ കത്തിക്കും..... അടുത്ത ദിവസം രാവിലെ കാപ്പി കുടിയും ഒരു ചടങ്ങാണ്.... ഇഡ്ഡലി, സാമ്പാര്‍, പരിപ്പുവട, മധുര പലഹാരങ്ങള്‍..... നിറയെ നല്ലെണ്ണ തേച്ചു കുളിയും..... ഇതൊക്കെ എന്റെ ദീപാവലി ഓര്‍മ്മകള്‍......

                  ഇന്നും ഞാനും ഞങ്ങളുടെ ദീപാവലി മാര്‍ക്കറ്റില്‍ നിന്നും 250 രൂപ നല്‍കി ഒരു ബേബി കിറ്റ്‌ വാങ്ങി, വെടിപടക്കങ്ങള്‍ ഇല്ലാത്തത്...... ഗേറ്റ് കടക്കുമ്പോള്‍ തന്നെ ഓടിയെത്തി മക്കള്‍.... കയ്യിലെ പൊതിക്കെട്ട് കണ്ടു അവരുടെ മുഖത്തും വിരിഞ്ഞു പൂത്തിരി...... പിന്നെ ഒരു ബഹളമായിരുന്നു..... മുറ്റത്ത്‌  കസേര നിരത്തി എന്നെയും അവരുടെ അച്ചാമ്മയെയും അമ്മാമ്മയേയും വിളിച്ചിരുത്തി, വര്‍ണക്കാഴ്ചകള്‍ കാണാന്‍ ...... ഒരു പൂത്തിരി കത്തുമ്പോഴേക്കും ഞാന്‍ അകത്തേക്ക് മറഞ്ഞു ...... എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു..... നിന്നെ ഞാന്‍ miss ചെയ്യുന്നെല്ലോടാ ...... നീ ഇവിടെ ഉണ്ടെങ്കില്‍ ഞങ്ങളുടെ ദീപാവലി ഇതിലും വര്‍ണ - ശബ്ദ ഗംഭീരമായേനെ !!!!!!


 

Monday, October 29, 2012

സഖി

വളരെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ ഇന്ന് "സഖി"യെ കണ്ടത്... സഖി ആരാന്നല്ലേ..... എന്റെ ഏകാന്തമായ ഒരു യാത്രാവേളയില്‍ എനിക്ക് ലഭിച്ച കൂട്ടുകാരി.... പൊതുവേ യാത്രകളില്‍ ഏകയായി ജാലകത്തിലൂടെ പുറകിലേക്ക് തെന്നി മറയുന്ന കാഴ്ചകളില്‍ മിഴി നട്ടിരിക്കാനാണ് എനിക്ക് താല്പര്യം..... പക്ഷെ അന്നത്തെ ആ യാത്രയില്‍ എന്റെ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ ആയില്ല.... വലിയ സുന്ദരിയെന്നൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും എന്തോ ഒരു സൗന്ദര്യം അവളില്‍ ഉണ്ടായിരുന്നു.... പരസ്പരം ഒരു പുഞ്ചിരി കൈമാറി ഞാന്‍ വീണ്ടും എന്റെ ലോകത്തേക്ക് കടന്നു.... പക്ഷെ എന്തോ വീണ്ടും എന്റെ ചിന്ത അവള്‍ക്കു  ചുറ്റും പാറി നടക്കുന്നത് പോലെ.... ഒടുവില്‍ മെല്ലെ അവളെ തൊട്ടു വിളിച്ചു, പേര് ചോദിച്ചു - സഖി - വളരെ പതിഞ്ഞ ശബ്ദത്തില്‍ മറുപടി... ഒരുപക്ഷെ ആ പേരാവണം വളരെ വേഗത്തില്‍ എന്നെ അവളിലേക്ക്‌ അടുപ്പിച്ചത്.... നീണ്ട ഇടവേളകളോടെ തുടങ്ങിയ ഞങ്ങളുടെ സംഭാഷണം മെല്ലെ പൊട്ടിച്ചിരികള്‍ നിറഞ്ഞതായി... ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങള്‍ ഉറ്റ ചങ്ങാതിമാരായി മാറിയിരുന്നു.... പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി കൈ കൊടുത്തു പിരിയാന്‍ തുടങ്ങുമ്പോള്‍ അവളുടെ ഫോണ്‍ നമ്പര്‍ ചോദിക്കാതിരിക്കാന്‍ എനിക്കായില്ല... അപ്പോഴേക്കും ഞാന്‍ ഉറപ്പിച്ചിരുന്നു ഇതൊരു നീണ്ട ആത്മ ബന്ധത്തിന്റെ തുടക്കമാണെന്ന്...  തുടര്‍ന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ ആയി ഞങ്ങള്‍ മാറുകയായിരുന്നു.... പക്ഷെ എപ്പോഴും സഖിയില്‍ ഒരു ദുഖത്തിന്റെ നിഴല്‍ ദൃശ്യമായിരുന്നു... വളരെ ആവേശത്തോടെ സംസാരിച്ചിരിക്കുമ്പോള്‍ പൊടുന്നനെ അവള്‍ നിശബ്ദയാകാറുണ്ടായിരുന്നു .... അവളുടെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടുമായിരുന്നു ..... പക്ഷെ എന്റെയൊപ്പം എന്നുമവള്‍ സന്തോഷവതിയായിരുന്നു....  നിരവധി തവണ ഞങ്ങള്‍ പരസ്പരം കാണുകയും ചെയ്തു.... എഴുത്തിന്റെ അല്പം അസ്കിത അവളില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനവളുടെ ആരാധികയായിരുന്നു താനും...

       പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ വ്യക്തിപരമായ തിരക്കുകള്‍ കൊണ്ടും അവളുടെ ചില തിരക്കുകള്‍ കൊണ്ടും ഞങ്ങള്‍ക്കിടയില്‍ ഒരു ഇടവേള വന്നു പോയിരുന്നു... അങ്ങനെയാണ് നിശ്ചയിച്ചുറപ്പിച്ചു  ഞങ്ങള്‍ ഇന്ന് കണ്ടു മുട്ടിയത്... സഖി എന്നെയും കാത്തു പതിവ് പോലെ റെയില്‍വേ സ്റ്റേഷന് പുറത്തെ മാവിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നു.... തിരക്കിനിടയിലൂടെ പുറത്തു കടക്കുമ്പോള്‍ തന്നെ എന്റെ സഖിയില്‍ ചില മാറ്റങ്ങള്‍ ഞാന്‍ കണ്ടെത്തിയിരുന്നു.... തിരക്കിട്ട് എന്നെയും കൊണ്ട് അവളുടെ ഇരുചക്ര വാഹനം നഗരത്തിരക്കില്‍ അമര്‍ന്നു... പതിവ് കാപ്പിക്കടക്ക് മുന്നില്‍ വാഹനം നിര്‍ത്തി ഒരു കോണിലുള്ള പതിവ് ഇരിപ്പിടത്തിലേക്ക് ഞങ്ങള്‍ നീങ്ങി... ഞങ്ങളെ കണ്ട പാടെ കുഞ്ഞേട്ടന്‍ ആവി പറക്കുന്ന രണ്ടു കാപ്പിയുമായി അടുത്തെത്തി കുശലം പറഞ്ഞു....

     ഞാന്‍ ഇന്ന് വരെ കാണാത്ത ഒരു ചുറുചുറുക്കും ആവേശവും എന്തോ പറയാനുള്ള ഒരു വെമ്പലും എന്റെ സഖിയില്‍ ഞാന്‍ കണ്ടു... ഇങ്ങോട്ട് പറയട്ടെ എന്ന് കരുതി ഞാനൊന്നും അങ്ങോട്ട്‌ ചോദിച്ചതുമില്ല...  ഏറെ നേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ഒടുവില്‍ മടിച്ചു മടിച്ചു സഖി മനസ്സ് തുറന്നു.. "അതേ..... ഒരു കാര്യം പറയാനുണ്ടായിരുന്നു... എനിക്കെന്തോ ആകെ ഒരു മാറ്റം... എന്തൊക്കെയോ എഴുതണമെന്നു തോന്നും, ഒന്നും ഒട്ടു പൂര്‍ത്തിയാക്കാന്‍ ആവുന്നില്ല.... ഇപ്പോഴും ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും ആവരനമിട്ടു നില്‍ക്കുന്നത് പോലെ, എന്നാല്‍ ഉള്ളില്‍ വല്ലാത്ത ചൂടാണ് താനും...... ഒന്നിനും സമയം തികയുന്നില്ല, എന്നാല്‍ കാര്യമായി ഞാനൊന്നും ചെയ്യുന്നുമില്ല...... ഇപ്പോള്‍ എനിക്കിഷ്ടം ഏകാന്തതയാണ്.... ഹേമാ , ഞാന്‍ പ്രണയത്തിലാണെന്ന് തോന്നുന്നു...." - സത്യം പറഞ്ഞാല്‍ എനിക്ക് ചിരിക്കാതിരിക്കാനായില്ല ... പ്രണയം, അതും എന്റെ സഖിക്ക് ..... സഖിയുടെ സങ്കല്പത്തില്‍ പ്രണയം ഒരു മിഥ്യയാണ്‌.... കപടത നിറഞ്ഞതാണ്‌ പ്രണയം എന്നാണു അവളുടെ ഭാഷ്യം... അവളുടെ സ്വപ്നങ്ങളില്‍ സ്ത്രീയും പുരുഷനും ചില ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്ന് കൊണ്ട് പരസ്പരം പങ്കു വയ്ക്കുന്ന സൗഹൃദമാണ് യഥാര്‍ത്ഥ പ്രണയം .... ആ പ്രണയം ദിവ്യമാണ്...... അത് നിന്റെ വെറും സ്വപ്നം അല്ലെ എന്ന് പലവട്ടം ഞാന്‍ ചോദിച്ചിട്ടുണ്ട്.... അതിനു അവള്‍ എനിക്ക് തന്ന മറുപടി - " ഞാന്‍ നിനക്ക് കാണിച്ചു തരും സ്ത്രീ-പുരുഷ സൗഹൃദം എന്താണെന്ന്... പരസ്പരം തമാശകള്‍ പങ്കുവെച്ചു പൊട്ടിച്ചിരിച്ചു യാത്രകള്‍ പോകുന്ന എന്റെ സുഹൃത്തിനെ ഞാന്‍ നിനക്ക് മുന്നില്‍ കൊണ്ട് വരും... എന്റെ സന്തോഷത്തിലും ദുഖത്തിലും എനിക്ക് താങ്ങായി നില്‍ക്കുന്ന, ഞാന്‍ പോലും അറിയാതെ എന്റെ മനസ്സ് മനസിലാക്കി പെരുമാറുന്ന എന്റെ സുഹൃത്ത്.... എന്നെ മറ്റൊരു കണ്ണ് കൊണ്ടും കാണാതെ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന എന്റെ സുഹൃത്ത്..."  ഈ വലിയ വാചകങ്ങള്‍ തട്ടി വിട്ട ആളാണ്‌ ഇപ്പോള്‍ പറയുന്ന പ്രണയത്തിലാണെന്ന്... എങ്ങനെ ചിരിക്കാതിരിക്കും...

      പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് സഖി തുടര്‍ന്നു - "ഞാന്‍ പ്രിയനേ പരിചയപ്പെട്ടിട്ട് അധികമായിട്ടില്ല, ഞാനൊട്ടു കണ്ടിട്ടുമില്ല... ഒറ്റ ദിവസം കൊണ്ടാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയത് .... ഞങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടോയെന്നു ഞാന്‍ സംശയിക്കുന്നു..." വളരെ രസകരമായി എനിക്ക് തോന്നിയത് പ്രിയനെക്കുറിച്ചു വളരെ പ്രാഥമികമായ ചില അറിവുകള്‍ മാത്രമാണ് സഖിക്കുള്ളത് എന്നതാണ്.... ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളു... ഒറ്റ ദിവസത്തെ സംസാരം കൊണ്ട് തമ്മില്‍ പ്രണയം ഉണ്ടെന്നു അവള്‍ കണ്ടെത്തിയിരിക്കുന്നു.... പൊട്ടി പെണ്ണ് .....

     പക്ഷെ സഖി ഒരു സ്വപ്നലോകത്ത് ആണിപ്പോള്‍.... അങ്ങ് ദൂരെയുള്ള സ്വപ്നവനത്തില്‍ പ്രിയനോടൊപ്പം തമാശ പറഞ്ഞു കിളികളുടെ കൊഞ്ചല്‍ കേട്ട് ചുറ്റി നടക്കുന്നത് അവള്‍ സ്വപ്നം കാണുന്നു... പ്രിയനോട് പറയാനുള്ളത് മനസ്സില്‍ അടുക്കിപ്പെറുക്കി വയ്ക്കുന്നു.... പ്രിയന്റെ തമാശകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നു... പൊതുവേ നിശബ്ദമായിരുന്ന അവളുടെ മൊബൈല്‍ ഇടതടവില്ലാതെ ചിണുങ്ങുന്നു.... എപ്പോഴും അവളുടെ കണ്ണുകള്‍ മൊബൈല്‍ സ്ക്രീനിലേക്ക് പാളി വീഴുന്നു.... ആ കണ്ണുകളില്‍ ഇപ്പോഴും ഒരു തിളക്കം മിന്നുന്നു.... പ്രണയത്തിന്റെ അലയൊലികള്‍ അവളില്‍ നിറഞ്ഞു നില്‍ക്കുന്നു.....

     ഇന്നത്തെ എന്റെ മടക്കയാത്ര ഏറെ ആശങ്കകളോടെയാണ്.....
     
    പ്രിയനെ ഞാന്‍ കണ്ടിട്ടില്ല... പ്രിയനോട് ഞാന്‍ സംസാരിച്ചിട്ടില്ല....  എന്നാലും പ്രിയന്‍ നിങ്ങളോട് രണ്ടു വാക്ക് - സഖിക്ക് വേണ്ടത് ഒരു നല്ല സൗഹൃദമാണ് ..... മറ്റൊരു നിറങ്ങളുമില്ലാതെ അവളെ കൂടെക്കൂട്ടാന്‍ , അവളുടെ ദിവസങ്ങള്‍ക്കു സന്തോഷം പകരാന്‍ , അവളുടെ നിരവധി സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ, നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാതെ തന്നെ ...????????

Thursday, October 18, 2012

സല്ലാപം

എന്നും പൂമുഖ വാതില്‍ തുറക്കുമ്പോള്‍ ഒരു സ്ഥിരം കാഴ്ചയുണ്ട്....
രണ്ടു മൈനകളുടെ പ്രണയ സല്ലാപം.....
ആ കൊക്കുരുമ്മലും തല വെട്ടിച്ചുള്ള നോട്ടവുമൊക്കെ നല്ല രസമാണ്...
ഒരുപാട് സമയം അവയെയും നോക്കി പടിമേല്‍ ഇരിക്കാറുണ്ട്...
അവരുടെ ഭാഷയും ഞാന്‍ ഏറെക്കുറെ മനസ്സിലാക്കിയിരുന്നു .....
ഞാനും അവരോടു കിന്നാരം പറയാറുണ്ടായിരുന്നു.....
മുറ്റത്തെ മാവിന്മേല്‍ എപ്പോഴും കേള്‍ക്കാം ആ കലപില ശബ്ദം .....
പക്ഷെ രണ്ടു ദിവസമായി എന്റെ പൂമുഖം ശൂന്യമാണ്!!!!!!


സ്വപ്നം

പച്ച പുതച്ച മൈതാനം ......
നടുവിലൂടെ കളകളാരവത്തോടെ ഒഴുകുന്ന കുഞ്ഞരുവി ....
അങ്ങിങ്ങായി മേഞ്ഞു നടക്കുന്ന പശുക്കള്‍....
അരുവിയിലേക്ക് അല്പം ചാഞ്ഞ് ഒരു ചെറിയ മരം...
കാറ്റിനൊപ്പം ശബ്ദം പൊഴിച്ച് ഇളകിയാടുന്ന ഇലകള്‍...
കാറ്റില്‍ പറക്കുന്ന മുടിയിഴകളുടെ ഇക്കിളിപ്പെടുത്തലില്‍
പുഞ്ചിരിച്ച് ആ മരത്തണലില്‍ ഞാനും!!!!!!

Wednesday, October 17, 2012

മഴ

ഈ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരിക്കാന്‍ എന്ത് രസമാണ്....
പുറത്തു തുള്ളിമുറിയാതെ പെയ്യുന്ന മഴ....
എല്ലാ വേദനകളെയും കഴുകി ഒഴുക്കി കൊണ്ട്
ആര്‍ത്തലച്ചു പെയ്യുന്ന മഴ.....
തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ ...
നനഞ്ഞൊട്ടിയ ചിറകുകള്‍ വിറപ്പിച്ചു ഒതുങ്ങിയിരിക്കുന്ന പക്ഷികള്‍....
നീലയും വെള്ളയുമായി എന്നെ മോഹിപ്പിച്ചിരുന്ന
ആകാശത്തിനു മറ്റൊരു ഭാവം....
ഒന്നോടി പുറത്തേക്കിറങ്ങി ആ മഴയില്‍ നനഞ്ഞു
ഉള്ളിലെ ചൂടൊക്കെ അലിയിപ്പിച്ചു കളയാനായെങ്കില്‍.......


Tuesday, October 16, 2012

സൗഹൃദം

           ഇന്നിന്റെ ആരവങ്ങള്‍ക്കിടയില്‍ പലപ്പോഴും പഴയതൊന്നും ഓര്‍ക്കാന്‍ ശ്രമിക്കാറില്ലെങ്കിലും നിനച്ചിരിക്കാതെ എന്റെ ഫോണിലേക്ക് ഒഴുകിയെത്തിയ ശബ്ദം എന്നെ വര്‍ഷങ്ങള്‍ പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോയി.... ഇന്ന് കാണുന്ന ഞാനല്ലാതെ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞു കഴിഞ്ഞിരുന്ന എന്നെ കാണാന്‍ ...... കാലങ്ങള്‍ക്ക് ശേഷം എന്നെ കാണുന്നത് കൊണ്ടാവാം എനിക്ക് ആകെ ഒരു അപരിചിതത്വം തോന്നി.... കുട്ടിക്കാലം മുതല്‍ ഒറ്റപ്പെടലിന്റെ നടുവില്‍ ആയിരുന്നത് കൊണ്ടാവാം എനിക്കങ്ങനെ ഒരു മുഖം ഉണ്ടായത്... പലപ്പോഴും ആശിച്ചിട്ടുണ്ട് ഒക്കെ പങ്കു വയ്ക്കാന്‍ , സന്തോഷങ്ങള്‍ മാത്രം തരാന്‍ ഒരു സൗഹൃദം ഉണ്ടായിരുന്നുവെങ്കില്‍ എന്ന്.... എന്റെ ലോകം ജ്യോമെട്രി ബോക്ക്സിലെ കോമ്പസ് കൊണ്ട് വരയ്ക്കുന്ന വൃത്തത്തിനോളം മാത്രം വലുതായിരുന്നതിനാല്‍ അത് ആശ മാത്രമായി അവശേഷിക്കുകയും ചെയ്തു... പലപ്പോഴും വൃത്തം മായ്ക്കുകയും വീണ്ടും വരയ്ക്കുകയും ചെയ്തു നേരം പോക്കിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല എന്നതാണ് സത്യം .... ഒരിക്കല്‍ വൃത്തം വലുതാക്കാന്‍ ശ്രമിക്കവേ ഒടിഞ്ഞു പോയ കോമ്പസ്സിന്റെ കാരുണ്യം കൊണ്ട് കിട്ടിയ സ്വാതന്ത്ര്യത്തില്‍ തന്റെ സൌഹൃദത്തിന്റെ ഇഴകള്‍ നെയ്യാന്‍ ഒരു ശ്രമം നടത്തുകയായിരുന്നു... ആ സൗഹൃദത്തിന്റെ കണ്ണിയാണ് കാലങ്ങള്‍ക്കിപ്പുറം ശബ്ദവീചികളായി എന്നെ തേടിയെത്തിയിരിക്കുന്നത്..... അങ്ങോട്ടുമിങ്ങോട്ടും വിശേഷങ്ങള്‍ കൈമാറി.... മനസ്സില്‍ ആ പഴയ രൂപത്തിനെ വരച്ചിട്ടു... അവള്‍ മാറിയിട്ടുണ്ടാവും, ഒരുപാട്.... എന്നാലും.....

" സൗഹൃദങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്..... ഒരു വാക്ക് കൊണ്ടോ ഒരു വരി കൊണ്ടോ പോലും ഓര്‍മ പുതുക്കിയില്ലെങ്കിലും അടുപ്പം കൂടിക്കൊണ്ടേയിരിക്കും.... പലപ്പോഴും നാം പോലും അറിയാതെ...." - ഈ വരികള്‍ ആരുടേതാണ് എന്നറിയില്ല....പക്ഷെ എനിക്കത് അനുഭവിച്ചറിയാനായി എന്നത് സത്യം!!!!!

 

Friday, August 31, 2012

മഴ

                  ഇന്നും അണമുറിയാത്ത മഴ ആയിരുന്നു...... പണ്ട് മുതലേ അങ്ങനെ തന്നെ ആണ് ....
എന്‍റെ മനസ്സില്‍ കാര്‍മേഘം ഉരുണ്ടു കൂടുമ്പോള്‍ മുതല്‍ പുറത്തു മഴ പെയ്തു തുടങ്ങും...... കുട്ടിക്കാലത്ത് ഇറയത്തെ ചവിട്ടു പടിയില്‍, ചാറി തുടങ്ങുന്ന മഴയിലേക്ക്‌ മുഖം കാട്ടി ഇരിക്കാറുണ്ടായിരുന്നു...  പെയ്യാന്‍ തുടങ്ങുന്ന എന്‍റെ കണ്ണുകളെ ഒളിപ്പിക്കുവാന്‍ .....
 ശക്തി കൂട്ടുന്ന മഴയോടൊപ്പം എന്‍റെ കാര്‍മേഘങ്ങള്‍ പെയ്തൊലിക്കും....
കുസൃതിക്കുട്ടിയെന്നു പറഞ്ഞു എന്നെ തൂക്കിയെടുത്തു ശാസിക്കുന്ന, എന്‍റെ മുടിയിലെ വെള്ളതുള്ളികളെ ഒപ്പിയെടുക്കുന്ന, ചില മുഖങ്ങളെ ഞാന്‍ അന്നും സ്വപ്നം കാണാറുണ്ടായിരുന്നു.... ഒടുവില്‍ മഴ ശമിക്കുമ്പോള്‍ സ്വയം മുറിക്കുള്ളിലേക്ക് ആരും കാണാതെ നടന്നു നീങ്ങാറുണ്ടായിരുന്നു ഞാന്‍ .......  കാലം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ ഇറയത്തെ ചവിട്ടു പടി എനിക്ക് അന്യമായി.... പിന്നെ മഴയുടെ മടിയില്‍ ഞാന്‍ അഭയം കണ്ടെത്തിയിരുന്നത് എന്‍റെ മുറിയുടെ ജാലകപ്പടിയില്‍ ഇരുന്നാണ്.... എന്തില്‍ നിന്നൊക്കെയോ ഓടിയൊളിക്കുവാന്‍ ഞാന്‍ എപ്പോഴും ഇരുട്ടിനെ അഭയം പ്രാപിച്ചിരുന്നു.....  ഇരുട്ടിലിരുന്നു മെല്ലെ മഴയെ ജനലഴികളിലൂടെ എത്തിപ്പിടിക്കുവാന്‍ എന്ത് രസമാണ് എന്നറിയോ .....?? എന്‍റെ ദുഖങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും മഴ ഒരു പോലെ സ്വീകരിച്ചിരുന്നു.....

      ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വൈക്കുമ്പോഴും മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു, ഉള്ളിലെ ചൂടിനെ മുഴുവന്‍ ആവാഹിക്കാന്‍ എന്ന പോലെ.... അതോടെ ഒറ്റക്കിരിക്കുന്ന ജാലകപടിയും എനിക്കന്യമായി.... മഴ നിര്‍ത്താതെ പെയ്തു തുടങ്ങുമ്പോള്‍, കയ്യാലക്കപ്പുറത്തെ ഇടവഴിയിലൂടെ മഴവെള്ളം കുത്തിയൊലിച്ചു തുടങ്ങുമ്പോള്‍, അതിലൂടെ തൊട്ടപ്പുറത്തെ കുളം നിറഞ്ഞു കവിഞ്ഞു മീനുകള്‍ ഒഴുകി തുടങ്ങുമ്പോള്‍, പിന്നെ ഒരു ആരവമാണ്... തോര്‍ത്ത്‌ മുണ്ടിന്റെ രണ്ടറ്റവും കൂട്ടി പിടിച്ചു മീന്‍ പിടിക്കുന്ന കുട്ടികള്‍... വലിയ പെണ്ണായതോ അമ്മയായതോ ഒന്നും ഓര്‍ക്കാതെ കയ്യാലക്കലേക്ക് കുതിക്കും... രണ്ടു ചുവടു വെച്ച് കഴിയുമ്പോള്‍ ആരോ ചങ്ങലക്കിട്ടപോലെ എന്‍റെ കാലടികള്‍ നിശ്ചലമാകും... പലപ്പോഴും ആ ആരവങ്ങള്‍ക്കായി ഞാന്‍ ഇന്നും കാതോര്‍ക്കാറണ്ട് ....

            കാലം എന്നില്‍ നിന്നും മായ്ച്ചു കളഞ്ഞത് എന്റെ ആ കുട്ടിത്തത്തെയാണ് ..... ഒരു മഴവെള്ള പാച്ചില്‍ കൊണ്ട് കുത്തിയൊലിച്ചു പോയത് എന്റെ ഒടുങ്ങാത്ത ആശകള്‍ ആണ്.... എന്നിട്ടും ഞാന്‍ ഇന്നും മഴയെ പ്രണയിക്കുന്നു.... മഴയ്ക്കായി കാത്തിരിക്കുന്നു.....


Friday, August 24, 2012

കാത്തിരുപ്പ്


നിന്നെയോര്‍ത്തു ഞാനലഞ്ഞ നിരത്തുകളിലൂടെ വീണ്ടുമൊരു പ്രയാണം....
പണ്ടെപ്പോഴോ പിന്തുടര്‍ന്ന നിന്റെ കാലടികള്‍ പതിഞ്ഞ മണല്‍ നിരത്ത്
ഇന്ന് മുഖം മിനുക്കി ചുവപ്പും കറുപ്പും ചായം പൂശി നില്‍ക്കുന്നു.....
ഒരു വേള നിന്റെ കാലടികള്‍ക്കായി ഒരു തിരച്ചില്‍ വൃഥാ നടത്തി ഞാന്‍ ......
അന്ന് നിന്നെ മുട്ടിയുരുമ്മി, നിന്റെ ഈറനണിഞ്ഞ കണ്ണുകളുടെ കാരണം തിരക്കുമ്പോള്‍
നിന്റെ മറുപടികളെ ഞാന്‍ വ്യാഖ്യാനിച്ചത് തെറ്റിയിരുന്നോ, അറിയില്ല....
ആശ്വാസ വചനങ്ങള്‍ നിന്നില്‍ പുഞ്ചിരി ഉണര്‍ത്തുമ്പോള്‍, നിന്നില്‍ ചിരി വിടരുമ്പോള്‍
ഞാന്‍ നെഞ്ചോടടക്കിയത് വാടിയ മന്ദാരങ്ങള്‍ ആയിരുന്നോ, അറിയില്ല....
നിന്റെ മറുപാതി ഞാനെന്ന അഹന്തയോടെ, തിരിഞ്ഞൊന്നു ചിന്തിക്കാതെ
എന്നെ പകരം വയ്ക്കാന്‍ ഞാനാവശ്യപ്പെടുമ്പോള്‍ എന്തായിരുന്നു നിന്റെയുള്ളില്‍....???
മൌനം കൊണ്ട് നിന്റെ മനസ്സിന്റെ വാതില്‍ എന്‍റെ മുന്നില്‍ കൊട്ടിയടക്കുമ്പോള്‍
അടര്‍ന്നു വീണതെന്‍ ആശകള്‍, സ്വപ്‌നങ്ങള്‍, ജീവിതം തന്നെയും....
നിന്നെ പിന്തുടര്‍ന്ന അന്നൊക്കെ എന്‍റെ കണ്ണുകളില്‍ ഉണ്ടായിരുന്ന അതെ തിളക്കം
ഇന്ന് വീണ്ടും എന്‍റെ കണ്ണുകളില്‍ ഉണ്ടെന്നു കണ്ടെത്തിയതെന്‍ കണ്ണാടി.....
ഒരിക്കലും അവസാനിക്കാത്ത ജീവിത പാതയുടെ കണ്ണെത്തുന്ന അറ്റത്തോളം
മിഴി നട്ടു ഞാനിരിക്കുന്നു, ഇനിയും നീ എത്താതെന്തെന്ന വ്യാകുലതയോടെ.......

Tuesday, July 31, 2012

തിരയും തീരവും

തിരകള്‍ തീരങ്ങളോട് എന്തായിരിക്കും പറയുന്നത്....??
ഒന്ന് തൊട്ടു തിരിച്ചു പോകുമ്പോഴേക്കും
വീണ്ടും തീരമണയാന്‍ തിരകള്‍ക്കെന്തേ തിടുക്കം...??
പറയാന്‍ മറന്നു വച്ച പ്രണയത്തിനോ....??
അതോ ബാക്കി നിര്‍ത്തിയ ചുംബനത്തിനോ..??
കടലിന്റെ മടിത്തട്ടില്‍ ഉലഞ്ഞാടി
നുരഞ്ഞു പൊങ്ങി തീരങ്ങളെ ഇക്കിളിപ്പെടുത്തുമ്പോള്‍
എന്താവും തീരങ്ങളുടെ മനസ്സില്‍....??
തിരകള്‍ ഒരിക്കലും മടങ്ങാതിരുന്നെങ്കില്‍ എന്നോ...??
അതോ, തിരകള്‍ ഒരിക്കലും ഒടുങ്ങാതിരുന്നെങ്കില്‍ എന്നോ...??
ഞാനും ആശിക്കുന്നു, ഈ ജീവിതത്തിരകള്‍ ഒരിക്കലും ഒടുങ്ങാതിരുന്നെങ്കില്‍!!!!!


Tuesday, July 17, 2012

മുഖം

            ഉറക്കം രാത്രിക്ക് മേല്‍ കരിമ്പടം പുതയ്ക്കുമ്പോള്‍ അവള്‍ നിലത്തെ തണുപ്പില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.... എന്തൊക്കെയോ ഓര്‍മ്മകള്‍ അവളില്‍ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും  നടത്തി.... വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ സഞ്ചാരം നടത്തുന്ന തന്റെ മനസ്സിനെ ശാസിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു അവള്‍ തല കുടഞ്ഞു.... മീനിനു അരിമണികള്‍  എറിഞ്ഞു നല്‍കിയിട്ടും മെഡിക്കല്‍സിലെ ചെക്കന്‍ നല്‍കിയ നീറുന്ന ദ്രാവകം പകര്‍ന്നിട്ടും അടര്‍ന്നു മാറാതെ  നില്‍ക്കുന്ന അരിമ്പാറ പോലെ ആ മുഖം ഇപ്പോഴും മനസ്സില്‍ തെളിയുന്നു... വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ട്രാഫിക് പോലീസ്കാരന്റെ  കഥകളിക്കു മുന്നില്‍ നിശ്ചലമായ റിക്ഷയ്ക്കുള്ളില്‍ ഇരിക്കവേയാണ് ആ മുഖം മുന്നില്‍ അവതരിച്ചത്..... സ്വയം ഒളിപ്പിക്കാന്‍ അമ്മയുടെ സാരിത്തലപ്പെങ്കിലും പരതി പരിഹാസ്യയായപ്പോഴേക്കും അവന്‍ അവളെ കണ്ടു..... അവന്‍ ആ മുഖത്തിനായി  ഓര്‍മകളില്‍ ചികയുമ്പോഴേക്കും റിക്ഷ അനങ്ങിക്കഴിഞ്ഞിരുന്നു .... "ഒന്ന് ചിരിക്കുകയെങ്കിലും ആവാമായിരുന്നു എന്ന് ചിന്തിക്കുമ്പോഴേക്കും റിക്ഷ കാതങ്ങള്‍ പിന്നിട്ടിരുന്നു .....

              അവന്റെ മുഖം ഇന്നും സമ്മാനിക്കുന്നത് അച്ഛന്റെ ഭീകര ഭാവവും നീറുന്ന കൈകാലുകളുടെ ഓര്‍മകളുമാണ് .... അവള്‍ നല്‍കിയ  കുറിപ്പുകളുമായി ഉറഞ്ഞു തുള്ളുന്ന അച്ഛന്‍, ആര്‍ത്തലച്ചു കരയുന്ന അമ്മ - ഇവര്‍ക്കിടയില്‍ എന്തിനെന്നറിയാത്ത ഭാവവുമായി സ്വപ്നങ്ങളെ താലോലിച്ചു അവളും.... കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകള്‍ ഇല്ലയെന്ന വാക്യത്തിനെ അന്വര്‍ഥമാക്കിക്കൊണ്ട്  വഴി പിരിയുന്ന നദിയെപ്പോലെ അവനും അവളും ഗതി മാറിയൊഴുകി .... എവിടെയൊക്കെയോ തട്ടിയും തടവിയും മുന്നോട്ട്... വര്‍ഷങ്ങളായി എങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ മിന്നായം പോലെ കണ്ട ആ മുഖം എത്ര വേഗമാണവള്‍  തിരിച്ചറിഞ്ഞത്....  അവനോ...??? അപ്പോഴും ഓര്‍മ്മയില്‍ പരതി ..... മുന്നിലെ പുസ്തകത്തിലെ വരികള്‍ അവളുടെ ഓര്‍മ്മയെ വീണ്ടും ഈറനണിയിച്ചു.........

                    "Missing you is a small word.... The extent of
                      emptiness is felt every time the wind 
                      strike my door and I feel you passing...... "

Monday, July 9, 2012

എന്റെ സെക്ഷന്‍

                അഞ്ചു വര്‍ഷക്കാലത്തെ പുറംവാസത്തിനു ശേഷം വീണ്ടും തറവാട്ടിലേക്ക് തിരിച്ചെത്തിയത്‌ ഏറെ ആശങ്കകളോടെയാണ് ...... ഈ മതില്‍ക്കെട്ടിനുള്ളിലെ അന്തരീക്ഷത്തില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു കുടുംബശ്രീ..... എപ്പോഴും തിരക്കും ചിന്തകളും മസ്തിഷ്കപ്രക്ഷാളന യോഗങ്ങളും (ഞങ്ങളുടെ തമാശ പ്രയോഗം) ഒക്കെയായി മറ്റൊരു ലോകം... എന്നും പുതിയതെന്താണ് ചെയ്യാന്‍ കഴിയുക എന്ന് മാത്രം ആലോചന.... ചെയ്യുന്നവ കുറച്ചു കൂടെ മനോഹരമാക്കാന്‍ ഇനിയെന്തു ചെയ്യാനാവും എന്ന ചര്‍ച്ചകള്‍... സ്വയം സൃഷ്ടികള്‍ക്ക് കിട്ടുന്ന അംഗീകാരം.... തങ്ങളുടെ പ്രവര്‍ത്തനം സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്ക് പ്രയോജനത്തിനും ആശ്വാസതിനും ആണെന്ന ചിന്ത ഊര്‍ജസ്വലത പകരുന്നതായിരുന്നു.... ഓരോ ദിനവും കൊഴിഞ്ഞു വീഴുന്നത് ഇന്നു ഞാന്‍ എന്തോ ചെയ്തുവെന്ന ആത്മവിശ്വാസത്തോടെ ആയിരുന്നു.... എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ അടര്‍ത്തി മാറ്റാന്‍ കഴിയാത്ത ഒരേടാണ് കുടുംബശ്രീ... എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞ, എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന പല കഴിവുകളേയും പൊടി തട്ടി എടുക്കാന്‍ കഴിഞ്ഞ ഒരു കാലയളവ്‌... പലര്‍ക്കും കുടുംബശ്രീയുടെ വലിപ്പത്തെ കുറിച്ച് ഇന്നും അറിയില്ല (കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അല്ലാതെ)... അതൊക്കെ ഇനി ഒരു അവസരത്തിലാവാം....

                സെക്രട്ടേറിയറ്റിന്റെ പടികള്‍ വീണ്ടും ചവിട്ടുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു ഭീതിയുണ്ടായിരുന്നു.... പൊരുത്തപ്പെടാനാവുമോ എനിക്കീ അന്തരീക്ഷവുമായി??? തുടക്കത്തില്‍ പ്രവര്‍ത്തിച്ച വകുപ്പ് എനിക്ക് ഏറെ പഠിക്കുവാന്‍ നല്‍കിയിരുന്നു... അതിന്റെ ആത്മവിശ്വാസവുമായി തന്നെയാണ് പുറത്തേയ്ക്കിറങ്ങിയതും.... പുതിയ വകുപ്പിനെക്കുറിച്ച് കേട്ടപ്പോള്‍ (വനം വന്യജീവി) ആകെ ഭയമായി.... കാരണം ശിക്ഷ ലഭിക്കുന്ന വകുപ്പായാണ് വനം വകുപ്പിനെക്കുറിച്ച് കേട്ടിട്ടുള്ളത് ... എന്റെ സുഹൃത്തിനെയും കൂട്ടി വനം വകുപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ഒരു ഞെട്ടലായിരുന്നു.... ഞാന്‍ നീക്കി മാറ്റി ഇരിക്കാന്‍ പോകുന്ന കസേരയിലെ ആളെ ഞാന്‍ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു... ഒരല്പം പക പോക്കലിന്റെ സുഖം ഞാന്‍ അനുഭവിച്ചറിയുകയും ചെയ്തു....

                പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ഒരു തരം വിങ്ങിപ്പൊട്ടലായിരുന്നു... ഏതു നേരവും ചറപറ വാചകമടിച്ചു പൊട്ടിച്ചിരിച്ചു കളിതമാശകള്‍ പറഞ്ഞു നടന്ന (ശാരദ മാഡം വഴക്ക് പറയുമ്പോള്‍ ഒഴികെ) എനിക്ക് അനങ്ങാതെ ഒരിടത്തുള്ള ഇരിപ്പ് അസഹ്യമായിരുന്നു... പക്ഷെ വളരെപ്പെട്ടന്നാണ് സെക്ഷനിലെ അന്തരീക്ഷം എന്നെ സംബന്ധിച്ച് മാറിയത് ... വീണ്ടും ഒരു ക്ലാസ്സ്‌ റൂം പോലെ ആരവങ്ങള്‍ നിറയുന്നതായി എനിക്കിവിടവും... തമാശകളും പൊട്ടിച്ചിരികളും നിറയുന്ന ഒരിടം.... ഒരു ദിവസം ഇവിടേയ്ക്ക് വന്നില്ലെങ്കില്‍ എന്തോ കുറവുള്ളത് പോലെ ഒരു തോന്നല്‍... (കുടുംബശ്രീയെ നഷ്ടപ്പെട്ട അത്രയും ഇല്ല കേട്ടോ....) തമാശക്ക് രാധാകൃഷ്ണന്‍ സര്‍ പറയാറുള്ളത് പോലെ പപ്പയും മക്കളും സന്തോഷത്തോടെ വസിക്കുന്ന ഒരിടം.... ആനിയും ശോഭയും സതിയും പിന്നെ ഞാനും തരുണ്‍ സാറിന്റെ തണലില്‍... ഇപ്പോഴിവിടം തമാശകളുടെ വിളനിലമാണ്.... എത്ര തിരക്ക് പിടിച്ച ദിവസമാണെങ്കിലും അതിന്റെ യാതൊരു വിഷമവും ഞങ്ങള്‍ ഇപ്പൊ അറിയാറെയില്ല.....

               ആകെ വിഷമിച്ചു താടിക്ക് കൈയും കൊടുത്തിരിക്കുന്ന തരുണ്‍ സര്‍ നോട്  ചോദിച്ചു.... "എന്ത് പറ്റി  സര്‍???" "ഒന്നുമില്ല.... കഷ്ടപ്പെട്ട് കുറച്ചു കാര്യങ്ങള്‍ ടൈപ്പ്  ചെയ്തതാണ്.... അങ്ങോട്ട്‌ ശരിയാവുന്നില്ല...." സര്‍ ന്റെ മറുപടി... " Be practical sirrrrr.... മീരയെ മറക്കാന്‍ ഞാന്‍ അന്നേ പറഞ്ഞതല്ലേ.... മീരയെ വിട്ടു രചനയെ സ്നേഹിക്കു സര്‍..." എന്റെ മറുപടി കേട്ട് സര്‍ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു.... അല്ലെ സര്‍...???? (രചനയും മീരയും മലയാളം ഫോണ്ടുകളാണ് കേട്ടോ....)

മയില്‍പ്പീലി

അലസമായി കുത്തിക്കുറിച്ചിരുന്ന ഒരു സന്ധ്യയ്ക്കാണ് പൊടുന്നനെ ആ വരികള്‍ അവളുടെ ഓര്‍മയിലേക്ക് എത്തിയത്‌... "പ്രണയ ലേഖനങ്ങള്‍ക്ക് പറ്റിയ കൈപ്പടയാണ് നിന്റെത്‌......." - എന്തും എഴുതിയ ശേഷം അല്പം ദൂരെ മാറ്റി വച്ച് ഭംഗിയുണ്ടോ എന്ന് പരിശോധിക്കുന്നത് അവളുടെ ഒരു ശീലമാണ്... എന്നാലിനി അവനൊരു കുറിപ്പെഴുതിയാലോ ......? ഒരുപാടിഷ്ടമുള്ള പേന തന്നെ തിരഞ്ഞെടുത്തു...... പക്ഷെ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം..... ഒരു പിടിയും കിട്ടുന്നില്ല..... ഒടുവില്‍ അവന്റെ ആ വരികളില്‍ നിന്ന് തന്നെ തുടങ്ങി... പ്രണയലേഖനം എഴുതാന്‍ നമ്മള്‍ തമ്മില്‍ പ്രണയമില്ലെല്ലോ..... എന്നാലും സൌഹൃദത്തിന്റെ ഓര്‍മച്ചെപ്പില്‍ എന്നെന്നും സൂക്ഷിച്ചു വയ്ക്കാന്‍ ഒരു മയില്‍പ്പീലി തുണ്ട്, അവള്‍ എഴുതി തുടങ്ങി...... ഒടുവില്‍ ഇങ്ങനെ അവസാനിപ്പിച്ചു.... "പുസ്തകതാളില്‍ മാനം കാണാതെ ഒളിപ്പിച്ചു വയ്ക്കുന്ന മയില്‍പ്പീലി പ്രസവിക്കുമെന്നായിരുന്നു കുട്ടിക്കാലത്തെ വിശ്വാസം..... അതറിയാനായി മാനം കാണാതെ പുസ്തകം തുറന്നു നോക്കാന്‍ ഒരാകാംഷ എപ്പോഴും ഉണ്ടായിരുന്നു താനും..... എന്നാല്‍ ഈ മയില്‍പ്പീലി പ്രസവിക്കില്ല..... പക്ഷെ വല്ലപ്പോഴും ഇത് തുറന്നു നോക്കാന്‍ ഒരാകാംഷ നിന്നില്‍ ഉണ്ടാവട്ടെ.... ഒരു കാര്യം ഉറപ്പാണ് അങ്ങനെ എപ്പോഴെങ്കിലും ഇത് തുറന്നു നോക്കിയാല്‍ നിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാതിരിക്കില്ല.... കണ്ടോ... കണ്ടോ... നീ ഇപ്പൊ തന്നെ ചിരിച്ചു.... മതി... എനിക്കിത് മതി...."

             അടുത്ത ദിവസം ആകാംഷയോടെ അവള്‍ അവനെയും കാത്തിരുന്നു.... തിരക്കുകള്‍ക്കൊടുവില്‍ മെല്ലെ ആ കുറിപ്പിന്റെ കവറുമായി  അവന്റെ അടുത്തേക്ക് ചെന്നു... പതിവില്ലാത്ത വരവായത് കൊണ്ടാവാം അവനില്‍ ഒരു അതിശയഭാവം പൊട്ടി വിടര്‍ന്നു.... എന്തെ എന്ന ചോദ്യം ആ കണ്ണുകളില്‍ കണ്ടു.... മെല്ലെ അവനു മുന്നിലെ കസേര നീക്കി അതിലിരുന്നു, കവര്‍ അവനു നേരെ നീട്ടി..... ഒരു പുഞ്ചിരിയോടെ അവനതു വാങ്ങി തുറന്നു.... അവള്‍ അവന്റെ മേശമേല്‍ ഉണ്ടായിരുന്ന ഒരു പുസ്തകം എടുത്തു വെറുതെ തുറന്നു പിടിച്ചു... കണ്ണുകള്‍ അവന്റെ മുഖത്ത് തന്നെ ആയിരുന്നു...... അവന്റെ മുഖത്ത് മാറി മാറി വരുന്ന ഭാവം അവള്‍ നോക്കി കണ്ടു..... അവസാനം ഒരു വലിയ പൊട്ടിച്ചിരിയോടെ അവന്‍ കസേരയിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.... "നിനക്ക് തെറ്റിയെല്ലോ.... പുഞ്ചിരിയല്ല, പൊട്ടിച്ചിരി തന്നെയല്ലേ ഉണ്ടായത്‌...." ഒടുവില്‍ അവന്‍ അവളോട്‌ ഇത്ര മാത്രം പറഞ്ഞു...."ഈ മയില്‍പ്പീലിയ്ക്ക്  മറുകുറിപ്പ് തരുന്നില്ല... പക്ഷെ ഈ മയില്‍പ്പീലി എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തിന്റെ സമ്മാനമായി ഞാന്‍ എന്നും സൂക്ഷിച്ചു വയ്ക്കും......"


എന്റെ മഞ്ചണാത്തി

                 നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ ഭൂമിപ്പെണ്ണിന്റെ വേനല്‍ വേദനകളെ അലിയിപ്പിച്ചു മഴ വന്നെത്തി..... പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് വരവ്.... പക്ഷെ ഇന്നത്തെ മഴ ഭൂമിയെ ആസകലം കുളിര്‍പ്പിച്ചിട്ടുണ്ടാവണം..... രാവിലെ ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ ഒന്ന് വന്നെത്തിനോക്കി മാറി നില്‍ക്കുന്നുണ്ടായിരുന്നു മഴപ്പയ്യന്‍, ഒരു കാമുകന്റെ എല്ലാ കുസൃതികളോടെയും .......   ഓഫീസിലെത്തിക്കഴിഞ്ഞപ്പോഴേക്കും അവന്റെ സ്വഭാവം തെല്ലൊന്നു മാറി..... വീശിയടിക്കുന്ന കൂട്ടാളിയുടെ സഹായത്തോടെ അവന്‍ ഭൂമിക്കുമേല്‍ താണ്ഡവം തുടങ്ങി..... ഒരു ചാറ്റല്‍ മഴയ്ക്ക് പോലും വെള്ളത്താല്‍ ഗ്രസിക്കപ്പെടുന്ന എന്റെ നഗരത്തിനു നടുവില്‍ നീന്തി തുടിച്ചു വൈകിട്ട് വീട്ടിലേക്ക് ..... നനഞ്ഞൊട്ടി, അപ്പോഴും ശമിച്ചിട്ടില്ലാത്ത മഴപ്പയ്യന്റെ കുറുമ്പിനോട്‌ കെറുവിച്ച്‌ യാത്ര ചെയ്യുമ്പോള്‍ പുറത്തെ കാഴ്ചകള്‍ തെല്ലൊന്നു അമ്പരപ്പിച്ചു ..... "ഈ കുറുമ്പ് ഇത്തിരി അതിര് കടന്നിട്ടുണ്ട്....." അറിയാതെ ചിന്തിച്ചു പോയി..... അംഗഭംഗം സംഭവിച്ച വൃക്ഷ സുഹൃത്തുക്കളെയും വൈദ്യുതക്കമ്പികളോട്  യുദ്ധം ചെയ്യുന്ന പുരുഷകേസരികളെയും കണ്ടപ്പോള്‍ അവനോടല്പം അമര്‍ഷം തോന്നിയെന്നതും സത്യം...... വീടിനടുത്തായി  ബസ്സിറങ്ങിയപ്പോഴേക്കും ഒന്ന് ഞെട്ടിപ്പോയി ..... "അയ്യോ എന്റെ പാവം മഞ്ചണാത്തി (മഞ്ചാടി മരം)...." അറിയാതെ ഒരു നിലവിളി എന്നില്‍ നിന്നും ഉയര്‍ന്നു..... ആകെ ചിതറിത്തെറിച്ച ഉടല്‍..... ചോരത്തുള്ളികള്‍ എന്നാ പോലെ റോഡു മുഴുവന്‍ മഞ്ചാടി മുത്തുകള്‍..... മഴപ്പയ്യന്റെ വീശിയടിച്ച കൂട്ടാളിയുടെ വികൃതിക്ക്  മുന്നില്‍ നിലം പറ്റിയത് എന്റെ പാവം മഞ്ചണാത്തി ......

                മഞ്ചണാത്തി...... അവള്‍ എനിക്കാരായിരുന്നു....??? എന്റെ ഓര്‍മ്മകളെ പലപ്പോഴായി എനിക്ക് മടക്കിത്തന്നിരുന്ന എന്റെ പ്രിയ സുഹൃത്ത്..... രാവിലത്തെ തിരക്കുകള്‍ക്ക് ഒടുവില്‍ ബസ്സിനായി ഓടിപ്പായുമ്പോള്‍ നിലത്തു കിടന്നു ആ ചുവന്ന മണികള്‍ എന്നെ നോക്കി ചിരിക്കും..... അപ്പോള്‍  അവയ്ക്ക് എന്റെ അച്ഛമ്മയുടെ മുഖമാണ്..... വേനലവധിക്ക്, അല്ലെങ്കില്‍ ചിങ്ങത്തിലെ ഉത്രാടത്തിന് ഓണക്കോടിയുമായി  അച്ഛന്റെ വീട്ടിലേക്കു എത്തിയിരുന്ന എന്റെ കുട്ടിക്കാലം ഇന്നും മറക്കാനാവാത്ത ഓര്‍മയായി എന്റെ ഉള്ളിലുണ്ട്...... വഴിക്ക് ബസ്സിറങ്ങി നെല്‍വയലുകളും വാഴത്തോപ്പുകളും കടന്നു കുന്നു കയറി കുളത്തിന്റെ കരയിലൂടെയുള്ള യാത്ര...... എത്രയും വേഗം വീടെത്താന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് തിരക്ക്..... വല്ലപ്പോഴും കൂടി കാണുന്ന നാട്ടുകാരോട് കുശലം പറയാന്‍ പൊതുവേ വാചാലനായ എന്റെ അച്ഛന് ഉത്സാഹം..... നടന്നും ഓടിയും ഒടുവില്‍ വീടെത്തുമ്പോള്‍ അച്ഛമ്മയുടെ നിറഞ്ഞ ചിരി.... മുന്‍കൂട്ടി അറിയിക്കാത്ത വരവുകളാണ്  പലപ്പോഴും...... അതുകൊണ്ട് തന്നെ ഊണിനു കറികള്‍ ഒപ്പിക്കാന്‍ അച്ഛമ്മ തിരക്ക് കൂട്ടും.... രസവും പപ്പടവും വീട്ടിലെ കോഴിമുട്ട പൊരിച്ചതും ഒക്കെ കൂട്ടി ഉച്ചയൂണ് ..... ആ മുട്ട പൊരിച്ചതിന്റെ രുചി ഇന്നും എന്റെ നാവിന്‍ തുമ്പിലുണ്ട് .... (മറ്റൊരിടത്ത് നിന്നും ആ രുചി എനിക്ക് ഇന്ന് വരെയും അനുഭവിക്കാനായിട്ടുമില്ല ...) ഊണിനു ശേഷം അച്ഛന്‍ ഒന്ന്  മയങ്ങും..... അപ്പോഴേക്കും ഞങ്ങള്‍ അടുക്കളപ്പുറത്തെ മഞ്ചാടി മരത്തിനു ചുവട്ടില്‍ എത്തിയിരിക്കും.... പിന്നെ മത്സരിച്ചു മഞ്ചാടിക്കുരു പെറുക്കും .... കൂട്ടിനു അച്ഛമ്മയും.... പിന്നെ കിഴക്ക് വശത്തെ പേരമരത്തിന്റെ ചുവട്ടിലേക്ക്‌.... പേരമരത്തില്‍ പടര്‍ന്നു കയറിയ ചെടിയില്‍ നിന്നും കറുത്ത പൊട്ടും ഓറഞ്ചു പൊട്ടും തൊട്ട കുന്നിക്കുരു മണികള്‍ കിട്ടും.... ഒക്കെ ചെറിയ ഡബ്ബകളിലാക്കി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും തരും അച്ഛമ്മ..... നിധി കിട്ടിയ സന്തോഷത്തോടെ മറ്റനവധി കൂട്ടങ്ങളുമായി ഞങ്ങളുടെ മടക്കയാത്ര..... പിന്നെ ഞങ്ങളെ കാണാന്‍ നഗരത്തിലേക്ക് വരുന്ന ഓരോ യാത്രയിലും മാങ്ങപ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും അയണിച്ചക്കയുടെയും കളിയടക്കയുടെയും ഒക്കെ ഒപ്പം അച്ഛമ്മയുടെ കൈവശമുണ്ടാവും കുറച്ചു മഞ്ചാടിമണികളും കുന്നിക്കുരുമണികളും (ആ മരവും വള്ളിയും പല ആവശ്യങ്ങള്‍ക്കുമായി മുറിച്ചു മാറ്റപ്പെടുന്നത് വരെയും...)

                 എന്നാലും എന്റെ മഴപ്പയ്യാ....... എന്റെ മഞ്ചണാത്തിയോടൊപ്പം നീ കവര്‍ന്നത് കാലം തട്ടിയെടുത്ത എന്റെ അച്ഛമ്മയുടെ ഓര്‍മ്മകളെയാണ്...... ദിവസവും രാവിലെ ബസ്സ്‌ സ്ടോപ്പിലേക്കുള്ള എന്റെ യാത്രകളെ നിറമണിയിച്ചിരുന്ന എന്റെ ഓര്‍മ്മത്തുണ്ടുകളെയാണ്..... എന്റെ മഞ്ചണാത്തിയെപ്പോലെ തന്നെ എനിക്ക് പ്രിയങ്കരനായിരുന്നില്ലേ നീയും....??? പല വൈകുന്നേരങ്ങളിലും ഇറയത്തെ തണുത്ത നിലത്തു ദിവാസ്വപ്നങ്ങളില്‍ ഊളിയിട്ടു കിടക്കുമ്പോള്‍ നിന്റെ വരവിനു ഞാന്‍ കാത്തിരുന്നിട്ടില്ലേ....??? എന്നിട്ടുമെന്തേ ആ വികൃതിക്കാറ്റിനൊപ്പം ചേര്‍ന്ന് നീയെന്റെ മഞ്ചണാത്തിയെ...??? നിന്നോടെനിക്ക് എങ്ങനെയാണ് പൊറുക്കാനാവുക ...????



Sunday, June 17, 2012

അവള്‍

ഏകാന്തതയുടെ ഓളപ്പരപ്പില്‍ ആടിയുലയവേ ആണ്
             അവള്‍ എന്നിലേക്ക്‌ നടന്നെത്തുന്നത് .....
എന്റെ മൗനങ്ങളെ അവള്‍ വാചാലമാക്കി .....
ഒന്ന് ചിരിക്കാന്‍ പോലും മറന്ന എന്നില്‍
              അവള്‍ പൊട്ടിച്ചിരിയായി പടര്‍ന്നിറങ്ങി......
എന്റെ തണുത്തുറഞ്ഞ പ്രജ്ഞയെ
              അവള്‍ ചോദ്യങ്ങളാല്‍ വിളിച്ചുണര്‍ത്തി.....
എന്നിലെ മറവിക്ക് അവള്‍ ഓര്‍മ്മപ്പെടുത്തലായി.......
എന്റെ മുന്നിലെ മണല്‍ക്കാടുകളില്‍ അവള്‍ വസന്തം വിരിയിച്ചു.....
എന്റെ ഏകാന്തത പതിയെ പതിയെ
              ഒരാള്‍ക്കൂട്ടമായി മാറുന്നത് ഞാന്‍ അറിയുന്നു.....
പക്ഷെ ഈ ആള്‍ക്കൂട്ടത്തില്‍ അവള്‍ മറഞ്ഞേക്കുമോ.....????

സൗഹൃദം

സൌഹൃദങ്ങള്‍ ചിലപ്പോഴെങ്കിലും വേദനയാവും....
പ്രതീക്ഷിക്കാത്ത വാക്കുകളാല്‍ മുറിവേല്ക്കുമ്പോള്‍
അറിയാതെ തോന്നും വേണ്ടായിരുന്നുവെന്ന് ......
എന്നാല്‍ അപ്പോഴും വിട്ടുകളയാതെ നെഞ്ചോട്‌ ചേര്‍ക്കും.....
മറ്റൊരു വേദനയ്ക്കായി തയ്യാറെടുത്തു കൊണ്ട്.....

 

ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഓര്‍മ്മകള്‍ നെരിപ്പോടുകളാണ് ........
അവ എപ്പോഴും  നീറിക്കൊണ്ടേയിരിക്കും .......
ഒരിക്കലും അണയാതെ, ഓരോ ചെറുകാറ്റിലും ശക്തിയാര്‍ജിച്ച് ........
ലാഭ നഷ്ട കണക്കുകള്‍ കൂട്ടി അവ നമ്മെ ചുഴിയിലേക്ക് എടുത്തെറിയും....
നമ്മുടെ ഉയിര്‍ത്തെഴുന്നെല്‍പ്പിനുമേല്‍ അവ നിരന്തരം
                                             ചൂട് പകര്‍ന്നു കൊണ്ടേയിരിക്കും.....
ആത്മാവിന്റെ പിടച്ചിലോടെ കരകയറാന്‍ ശ്രമിക്കുന്ന നമ്മളെ
                                           അവ പടുകുഴിയിലേക്ക് തള്ളിയിടും....
എല്ലാം അവസാനിപ്പിച്ചു ശാന്തമായ ഉറക്കത്തിനായി നമ്മള്‍ കേഴും......
ചുഴിയില്‍ നിന്നോ പടുകുഴിയില്‍ നിന്നോ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍......

Monday, June 11, 2012

ലഹരി

പ്രണയത്തിനു കയ്പോ മധുരമോ......??
പ്രണയം കറുപ്പോ വെളുപ്പോ....??
പ്രണയത്തിനു ചൂടോ തണുപ്പോ....??
പ്രണയം കടുത്ത ചെന്നിക്കുത്ത് പോലെയെന്നവള്‍ .........
പ്രണയം മെല്ലെ അലിഞ്ഞു തീരുന്ന ഐസ് ക്രീം ആണെന്നവന്‍  .......
പ്രണയത്തെ കാവല്‍ നിര്‍ത്തി അവളിലേക്ക്‌ ആഴ്ന്നിറങ്ങുമ്പോള്‍
                                                             അവള്‍ക്കു പൊള്ളി........
അവനോ കരിമ്പടത്തിനായി പരത്തി.....
ഇടയ്ക്കിടെ ചാടി മറിയുന്ന തന്റെ അടിവയറിന്റെ മിനുസതയില്‍
                                                             കൈവയ്ക്കുമ്പോള്‍
പ്രണയമെന്ന കയ്ക്കുന്ന കൊഴുത്ത ദ്രാവകം അവളില്‍ നിന്നും
                                                             പുറത്തു ചാടി......
അവനോ അലിയാത്ത മറ്റൊരു ഐസ് ക്രീമിനായി
                                                            അലഞ്ഞു തുടങ്ങി........

പ്രണയം

പ്രണയം ജൂണിലെ മഴ പോലെയാണ്.....
മീനച്ചൂടില്‍ നിന്നും മഴ പ്രകൃതിയെ തണുപ്പിക്കുന്നത് പോലെ
        പ്രണയം മനസ്സിനെ തരളിതമാക്കുന്നു.....
എന്നാല്‍ ചിലപ്പോഴെങ്കിലും പ്രണയം
        കര്‍ക്കിട മഴ പോലെയാവും......
മിന്നല്‍ പിണരുകളോടെ ഇടി വെട്ടി,
         ഹുങ്കാരത്തോടെ ചീറിയടിക്കും .......
എന്നാല്‍ ഒടുവില്‍ കാറും കോളും മാറി
         തെളിഞ്ഞ നീലാകാശം പോലെയാവും......
അതെ....... ഇത് പ്രണയത്തിന്റെ മാത്രം മാന്ത്രികത......

ആശ്വാസം

നിനക്കായി ഇതാ ഒരു ചെറു കുറിപ്പ്.......
ഏറെ ആകാംഷയോടെ നിനക്കായി ചില വാക്കുകള്‍ പെറുക്കി കൂട്ടി
         ഞാന്‍ കാത്തിരുന്നു - നിന്റെ ഒരു വിളിക്കായി......
സെക്കന്റുകളും മിനിട്ടുകളും മണിക്കൂറുകളും അടര്‍ന്നു വീഴവെ
         പ്രതീക്ഷയുടെ അസ്തമനം എന്നില്‍ നടക്കുകയായിരുന്നു.....
പ്രതീക്ഷ വറ്റിയ മിഴികളോടെ കടലിന്റെ അഗാധതയിലേക്ക്‌ മുങ്ങിയിറങ്ങിയ
         സൂര്യന്റെ കനലുകള്‍ ആവാഹിച്ചു എന്നില്‍ നിന്നും മറ്റൊരു പിറവി....
പുതുപ്പിറവിയുടെ എല്ലാ  വേദനകളോടെയും എന്റെ മുന്നിലെ കടലാസ്സിലേക്ക്
         പെയ്തിറങ്ങിയവയിലൂടെ  വീണ്ടും ഒന്ന് കണ്ണോടിക്കവേ
എനിക്ക് നിന്നോട് തോന്നിയതെന്തെന്നു നിര്‍വചിക്കാനാവുന്നില്ല.....
മുറിയുടെ മൂലയിലെ നീലക്കൊട്ടയിലേക്ക് ഒരു നിലവിളിയോടെ അവ
          എടുത്തെറിയപ്പെട്ടപ്പോള്‍
ആശ്വാസത്തിന്റെ കരകള്‍ തേടുകയായിരുന്നു ഞാന്‍ !!!!!!!!!!

യാത്ര

വഴിയോരത്തെ മരങ്ങള്‍ മഞ്ഞണിഞ്ഞു നിന്ന പുലരിയില്‍
           ഞാനെന്റെ യാത്രക്ക് തുടക്കം കുറിച്ചു........
പിന്നിലേക്ക്‌ തെന്നി മറയുന്ന കാഴ്ചകളെ അതിലേറെ  ശക്തിയോടെ
           പിന്തള്ളി ഞാന്‍ മുന്നിലേക്ക്‌ കുതിച്ചു കൊണ്ടേയിരുന്നു....
കാടും മേടും താണ്ടി കടല്‍ക്കരയില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍
           എന്നെയും കാത്തു ചുവന്ന അസ്തമയ സൂര്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു....
ഒന്ന് മുങ്ങി നിവര്‍ന്നു  ഉദയ സൂര്യനായി ഉദിച്ചുയരാന്‍ ...........

ചിന്തകള്‍

പണ്ട് ഒരു വൈകുന്നേരം കടല്‍ക്കരയില്‍ കക്ക പെറുക്കി നടക്കുമ്പോഴാണ്
         എനിക്കെന്റെ ചിന്തകള്‍ നഷ്ടമായത്.......
തല്ലിയലച്ചു നുരഞ്ഞു പതഞ്ഞു തിരിച്ചു പോകുന്ന തിരകളോടൊപ്പം 
          ആഴങ്ങളിലേക്ക്  അവയും കൂപ്പു കുത്തി.......
കാലങ്ങള്‍ക്ക് ശേഷം ഒരാള്‍ക്കൂട്ടത്തിനു നടുവില്‍ തിളങ്ങുന്ന രണ്ടു
           കണ്ണുകളിലൂടെ അവ വീണ്ടും എന്നില്‍ പെയ്തിറങ്ങി......
പീലി നിവര്‍ത്തിയാടുന്ന ഒരു മയില് പോലെ ഞാന്‍ നിറഞ്ഞാടി.....
ഇന്ന് ഞാന്‍ കടലിനെ ഭയക്കുന്നു.......
എനിക്കെന്റെ ചിന്തകള്‍ നഷ്ടമായാലോ.........???


ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ ഉത്തേജകങ്ങളാണ് ......
ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്‌ ചാടുമ്പോഴുള്ള ഊര്‍ജ്ജം
എന്തിനെയോ നേടിത്തരുന്നു....
അങ്ങനെയെങ്കില്‍ ഓര്‍മ്മകളാല്‍ ഞാനൊരു സമ്പന്ന ..............
അപ്പോള്‍ എന്നില്‍ ഓര്‍മ്മകള്‍ നിറയ്ക്കുന്ന നീയോ.....?????


അനുഭവം

കുറ്റപ്പെടുത്തല്‍, അവഗണ, തിരസ്കാരം.....
ഇവയുടെ തീച്ചൂളയില്‍ ഞാന്‍ എരിഞ്ഞു തീര്‍ത്തത് നീണ്ട വര്‍ഷങ്ങള്‍......
പൊള്ളിയടര്‍ന്ന മനസ്സുമായി കര കാണാനാവാതെ
ഞാനുഴറിയത് കാലങ്ങളോളം .....
പൊള്ളല്‍ കുമിളകള്‍ പൊട്ടിയൊലിച്ചു വ്രണങ്ങളായി
എന്നെ കാര്‍ന്നു തിന്നു കൊണ്ടേയിരുന്നു......
അനുഭവങ്ങള്‍ അരച്ച് ആത്മവിശ്വാസത്തിന്റെ തേനില്‍ ചാലിച്ച് പുരട്ടി
ഞാന്‍ കാത്തിരുന്നത് സംവത്സരങ്ങള്‍.....
ആ ചൂടില്‍ എന്റെ കണ്ണീര്‍ കയങ്ങള്‍ വറ്റി വരണ്ടു...
ഇന്നാ പൊള്ളല്‍ പാടുകള്‍ എന്നെ മുന്നോട്ടു നയിക്കുന്ന പ്രേരണാശക്തി....

Tuesday, May 15, 2012

ഭയങ്ങള്‍

 എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം കണ്ണുകളാല്‍ അളക്കാന്‍ ശ്രമിക്കുന്ന വിഡ്ഢിയായി നീയെന്നെ  എന്നും മുദ്ര കുത്തി....... 
എന്നാല്‍ കണ്ണൊന്നു ചിമ്മിയാല്‍ നീ മറഞേക്കുമോയെന്ന ഭയത്താലാണ് അതെന്നു നീ അറിഞ്ഞതേയില്ല......
മൌനം കൊണ്ട് രസം കൊല്ലിയാണ് ഞാന്‍ എന്ന് നീ എന്നെ കുറ്റപ്പെടുത്തി....
എന്നാല്‍ എന്റെ വാക്കുകള്‍ നിന്നെ മുറിപ്പെടുത്തിയെക്കുമോയെന്ന ഭയത്താലാണ് അതെന്നു നീ അറിഞ്ഞതേയില്ല...... 
എന്നും കടല്‍ ക്കാഴ്ച്ചകളെ ഇഷ്ടപ്പെടുന്ന നിനക്ക് മുന്നില്‍ ഞാന്‍ ഒരു കടല്‍ വിരോധിയായി ........
എന്നാല്‍ കടല്‍ തിരകള്‍ നിന്നെ എന്നില്‍ നിന്നും  അടര്‍ത്തി മാറ്റിയാലോ എന്ന ഭയത്താലാണ് അതെന്നു നീ അറിഞ്ഞതേയില്ല......
ഇന്ന് നിന്റെ നെഞ്ചോട്‌ ചേര്‍ന്ന് പറ്റിയിരിക്കുമ്പോള്‍ ആ ഭയങ്ങള്‍ എല്ലാം ഞാന്‍ നിന്റെ കണ്ണുകളില്‍ കാണുന്നു.... 

Monday, January 9, 2012

സൗഹൃദം

കൂട്ടലിന്റെയും കുറയ്ക്കലിന്റെയും ഗുണിക്കലിന്റെയും ഹരിക്കലിന്റെയും ലോകത്തില്‍ നിന്നും
വിടുതല്‍ വാങ്ങി ഞാന്‍ കുറച്ചു സമയം എന്റെ മാത്രം ലോകത്തില്‍ മേഞ്ഞു നടന്നു....
കാലത്തിന്റെ കണ്ണികളെ തമ്മില്‍ ഇണക്കുന്ന മൊബൈലിന്റെ താളുകളില്‍ അലഞ്ഞു തിരിയുമ്പോള്‍
നാളുകളായി ഉപയോഗിക്കാതിരുന്ന ഒരു അക്കങ്ങളുടെ മേല്‍വിലാസത്തില്‍ മിഴികളുടക്കി.....
വേണമോ വേണ്ടയോ എന്ന പിടിവലിക്കൊടുവില്‍ വിരലുകള്‍ മെല്ലെ അതില്‍ പതിഞ്ഞു.....
പാടുന്നുണ്ട്...... ചെവിയോര്‍ത്തു.... ഒടുവില്‍ പതിഞ്ഞ ആ സ്വരം ശ്രവ്യമായി ........
അത്ഭുതം!!!! സ്നേഹം..... പരിഭവം....... കുശലാന്വേഷണങ്ങള്‍........
ആ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ തന്നെ തറഞ്ഞു....
" എന്റെ ആത്മസുഹൃത്തായിരുന്നില്ലേ..... എന്നിട്ടും എന്തെ ഇത്ര നാള്‍.....?"
തിരക്കിട്ട ജീവിതത്തിനിടയില്‍ എപ്പോഴോ പുതുക്കാന്‍ മറന്നു പോയ ചില മുഖങ്ങള്‍.....
സൌഹൃദത്തിന്റെ പച്ചപ്പ് വീണ്ടും എനിക്ക് അനുഭവവേദ്യമാകുന്നു ......
സൌഹൃദത്തോളം വിലപ്പെട്ടതൊന്നും ഈ ലോകത്തില്‍ ഇല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു.....