Sunday, October 6, 2013

യാത്ര

ഇക്കുറിയെന്നെത്തേടിയെത്തുമ്പോൾ
കയ്യിലൊരു മുല്ലമാലയുണ്ടാവണം,
ഒരു പട്ടുകച്ചയും ....
പതിവ് തെറ്റിച്ചുകൊണ്ടു ഞാനിറയത്തുണ്ടാവും,
പടിപ്പുരയിൽ തേടേണ്ടയെന്നെ നീ ....
എന്നും നീ കയ്യിൽക്കരുതും കുപ്പിവളയും കണ്മഷിയും
ഇക്കുറി പൂത്തിരിക്കത്തിക്കയില്ലയെൻ കണ്‍കളിൽ ....
നിന്നിഷ്ട മുണ്ടും വേഷ്ടിയും മാറ്റി ഞാൻ
ചുറ്റും പട്ടുചേല, ആ കരിമ്പച്ച ചേല....
കുറുക്കുകാളന്റെ മണത്തിനായ് കാക്കണ്ട,
തേടിയെത്തും ചന്ദനത്തിരി മണം....
എന്നും നിന്നെ കാത്തുനിൽക്കുമിരുകണ്‍കൾക്ക് പകരം
ഇക്കുറിയുണ്ടാവും കണ്ണുകൾ നിരവധി...
അന്നെന്നെയണിയിച്ചപോൽ നീയണിയിക്കണം
കയ്യിൽക്കരുതും പിച്ചകപ്പൂമാല....
പട്ടുകച്ചയാൽ നീയെന്നെ മൂടവേ
വിരിയുമെൻ ചുണ്ടിലൊരു പുഞ്ചിരി നിനക്കായി മാത്രം...
നെറ്റിയിൽ പടരുന്ന സിന്ദൂരപ്പൊട്ടിനുമേൽ
നീ ചാർത്തണം മായാത്തൊരു സ്നേഹമുദ്ര ....
കണ്മറയുവോളമെന്നും പിൻതിരിയുവത് നീ
ഇക്കുറിയും പിൻതിരിയില്ല ഞാൻ...
എന്നും നീ യാത്രയാവും, നിറയുമെൻ മിഴികൾ,
ഇന്ന് ഞാൻ മടങ്ങും, നിറയരുത് നിൻ മിഴികൾ....

2 comments:

  1. ഹൃദയസ്പർശിയായി എഴുതുന്നുണ്ട് നല്ല വായനാനുഭവമാണ്

    ReplyDelete
  2. നന്ദി.... ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു...

    ReplyDelete