Saturday, May 31, 2014

അമ്മ

                        ചില ദിവസങ്ങൾ തുടങ്ങുന്നത് ചില ഓർമ്മകളുടെ ഊർജ്ജവും പേറിയാണ്... ഇന്നലെ അവശ്യ സാധനങ്ങളും വാങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഓർമ്മ വന്നത് അമ്മയെയാണ്... പണ്ട് ഓഫീസിൽ നിന്നും വരുമ്പോൾ ഇരുകൈകളിലും സാധനങ്ങളും തൂക്കി അമ്മ വരുന്നത് കണ്മുന്നിലെത്തി... എല്ലാ ഒന്നാം തീയതിയും ഞങ്ങൾ രണ്ടു പേരും (ഞാനും അനിയത്തിയും) ഗേറ്റിനടുത്ത് തന്നെയുണ്ടാവും.. കാരണം അന്ന് അമ്മ കൈ നിറയെ പലഹാരങ്ങളുമായി ആണ് വരാറ്... (അങ്ങനെ നോക്കിയാൽ ഇന്നെന്റെ മക്കൾക്ക് എന്നും ഒന്നാം തീയതിയാണ്) അമ്മ മീനും ഇറച്ചിയും കഴിക്കാറില്ല.. എന്നാലും ഓഫീസിൽ നിന്നും വരുന്ന വഴി ഞങ്ങൾക്കു വേണ്ടി മീൻ വാങ്ങി ചോറു പാത്രത്തിനുളളിൽ വച്ച് കൊണ്ട് വരും.. രുചി നോക്കാതെ പാകപ്പെടുത്തി തരും.... ചോറുപാത്രം ആ രാത്രി മുഴുവൻ സോപ്പ് വെളളത്തിൽ നീരാടുകയായിരിക്കും...

                        എപ്പോഴും അമ്മയ്ക്ക് തിരക്കായിരുന്നു.. എത്ര പുലർച്ചെ എഴുന്നേറ്റാലും പത്തു മണിയോടടുത്ത് ബാഗുമായി ഓടുന്ന അമ്മയെയാണ് എനിയ്ക്ക് ഓർമ്മ... മിക്ക ദിവസങ്ങളിലും മൈഗ്രേയ്ൻ വിരുന്നിനുണ്ടാവും.. എന്നാലും ഒരു തോർത്ത് തലയിൽ മുറുക്കി കെട്ടി പതിവ് ഓട്ടത്തിലായിരിക്കും അമ്മ... പതിവ് ഹോസ്പിറ്റൽ വാസത്തിനു പോകുമ്പോഴും എന്തൊക്കെ എവിടെയൊക്കെയെന്ന് ഓർമ്മപ്പെടുത്തിയാവും അമ്മ പോകുന്നത്...

                         പൊതുവെ മിതഭാഷിയാണ് അമ്മ.. (ഞാൻ അമ്മയെപ്പോലെയല്ല എന്നർത്ഥം) എനിയ്ക്ക് പലപ്പോഴും കർക്കശയായ ഒരു ഹെഡ്മിസ്ട്രസ്സിനെപ്പോലെയാണ് തോന്നാറ്... സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെയും തിരക്കിട്ടോടുന്ന അമ്മയെ മാത്രമാണ് ഞാൻ കണ്ടിട്ടുളളത്... ഇപ്പോഴും ഞങ്ങളുടെ പല കാര്യങ്ങൾക്കായി തിരക്കിൽ തന്നെയാണ്....

                         ഇന്നലെ മനസ്സ് അസ്വസ്ഥമായിരുന്നു... ഇന്ന് രാവിലെ മുതൽ അമ്മയുടെ സാമീപ്യം ആഗ്രഹിച്ചിരുന്നു... ഓഫീസിലേയ്ക്കുളള യാത്രയ്ക്കിടയിൽ അമ്മയുടെ വിളി വന്നു... അനിയത്തിയുടെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഒരു നിമിഷം നിർത്തി അമ്മ ചോദിച്ചു, " നിനക്കെന്തേലും പ്രയാസമുണ്ടോ...??" ഒന്നുമില്ല എന്നു പറയുമ്പോഴേയ്ക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു....

No comments:

Post a Comment